AI Image for representation
വൈപ്പിന്‍: ഞാറക്കല്‍ എളങ്കുന്നപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതം. തൊടുപുഴയിലും പറവൂരിലും നിലവില്‍ കേസുകളുള്ള എടവനക്കാട് സ്വദേശി ആണെന്നാണ് പൊലിസിന് സംശയം. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പിടിയിലായ ഞാറക്കല്‍ വാലക്കടവ് വട്ടത്തറ മുന്ന (35) സഹോദരന്‍ പ്രജീഷ് (36), വരാപ്പുഴ ചരിയന്‍ തുരുത്ത് നികത്തിത്തറ രാഗിന്‍ (34) എന്നിവരെ ബുധനാഴ്ച രാത്രി ഞാറക്കല്‍ മജിസ്റ്റേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പരിക്കേറ്റ എസ്‌ഐ ജിതിന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
സിപിഒ രഗീഷിന് ഗുരുതര പരിക്കുകളില്ല. ചൊവ്വാഴ്ച രാത്രി 8.30ന് എളങ്കുന്നപ്പുഴ നടവഴിയിലെ നയാര പെട്രോള്‍ പമ്പില്‍ വച്ചാണ് പൊലിസുകാര്‍ക്ക് നേരെ ആക്രമണം നടന്നത്. പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ ഗുണ്ടാസംഘം ആക്രമിക്കുന്നെന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.
ചീനിക്കാസ് എന്ന സ്വകാര്യ ബസ് പുതുവൈപ്പ് ബീച്ച് റോഡില്‍ ഒരു കാറുമായി ഉരസിയ സംഭവത്തില്‍ ബാക്കി നഷ്ടപരിഹാര തുക ആവശ്യപ്പെട്ടാണ് മുന്നയും സംഘവും എളങ്കുന്നപ്പുഴയില്‍ എത്തിയത്. ഇത് നല്‍കില്ലെന്ന് ബസ് ജീനക്കാര്‍ പറഞ്ഞതോടെയാണ് സംഘം ജീവനക്കാരെ ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം മര്‍ദിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
Tags : Police Attack Search Absconding Suspect