ദസറ ആഘോഷത്തിനിടെ ഇടഞ്ഞ ആന
ശിവമോഗ: കർണാടകയിൽ ദസറ ആഘോഷത്തിനിടെ ആനയിടഞ്ഞു. ശിവമോഗ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായി എഴുന്നള്ളത്തിന് പോവുകയായിരുന്ന സോമണ്ണ എന്ന ആനയാണ് ഇടഞ്ഞോടിയത്. നഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ ഒടുവിൽ മൃഗഡോക്ടർമാർ മയക്കുവെടി വച്ചാണ് തളച്ചത്. സംഭവത്തിൽ രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പാപ്പാന് പരിക്കേൽക്കുകയും ചെയ്തു.
ഘോഷയാത്രയുടെ തുടക്കത്തിൽ കോട്ടേ റോഡിലെ ജെയിൻ ഭവൻ വരെ അമ്പാരി (ആനയുടെ മുതുകിൽ വച്ചുകെട്ടുന്ന ചതുരക്കൂട്) വഹിച്ച് വളരെ ശാന്തനായാണ് സോമണ്ണ മുന്നോട്ട് പോയത്. മുന്നിൽ 'സാഗർ', പിന്നിൽ 'ബഹദൂർ' എന്നീ ആനകളും അകമ്പടിയുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും വടം കെട്ടി സുരക്ഷയൊരുക്കിയിരുന്നു.
എന്നാൽ ആനകളുടെ സ്ഥാനത്തിൽ വരുത്തിയ ചെറിയൊരു മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. മുന്നിലുണ്ടായിരുന്ന സാഗറിനെ വനം വകുപ്പ് പിന്നിലേക്ക് മാറ്റുകയും അമ്പാരി വഹിച്ചിരുന്ന സോമണ്ണയെ മുന്നിലേക്ക് കൊണ്ടുവരികയും ചെയ്തു. നിമിഷങ്ങൾക്കകം ജനക്കൂട്ടത്തെ കണ്ട് ഭയന്ന സോമണ്ണ, പോകേണ്ട വഴിയിൽ നിന്ന് തിരിഞ്ഞോടുകയായിരുന്നു.
ചെറിയ ഇടവഴികളിലേക്ക് ഓടിയ ആന കൂടുതൽ അക്രമാസക്തനാകുകയും അമ്പാരി താഴെയിടാൻ ശ്രമിക്കുകയും രണ്ട് കാറുകൾ തകർക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായതോടെ മൃഗഡോക്ടർമാർ സ്ഥലത്തെത്തി ആനയെ മയക്കുവെടി വയ്ക്കുകയായിരുന്നു. തുടർന്ന് ബഹദൂർ എന്ന ആനയുടെ സഹായത്തോടെ സോമണ്ണയെ തളച്ചു.
പാപ്പാൻമാരും ജീവനക്കാരും ചേർന്ന് ഉടൻ തന്നെ വിഗ്രഹവും അമ്പാരിയും താഴെയിറക്കി. ചങ്ങലയിട്ട ശേഷം ആനയെ ജില്ലാ കേന്ദ്രത്തിലെ ടെന്റിലേക്ക് മാറ്റി. വൈകാതെ ആന പൂർണമായും ശാന്തനായി. ആനയെ തളയ്ക്കുന്നതിനിടെയാലാണ് പാപ്പാന് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
Tags : Elephant Dasara Celebration