പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരേയുള്ള കേസ് അന്വേഷണത്തിലെ സുപ്രിംകോടതി വിധി സർക്കാർ നിലപാടിനുള്ള അംഗീകാരമാണെന്നു യുഡിഎഫ് നേതൃത്വം. പിണറായി വിജയനെതിരേ സംസ്ഥാന സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിമർശനത്തിന്റെ മുനയൊടിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവു വഴി സാധിച്ചെന്നാണ് കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മുതിർന്ന നേതാക്കളുടെ വാദം.
ആരോപണ വിധേയന്റെ ഭാഗം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേട്ട ശേഷം അന്വേഷണവുമായി മുന്നോട്ടുപോയാൽ മതിയെന്ന സുപ്രീംകോടതി വിധിയാണ് ഇതു സംബന്ധിച്ചുണ്ടായത്. എഫ്ഐആർ രജിസ്റ്റർ ചെയ്തുള്ള വിജിലൻസ് അന്വേഷണം 10 ദിവസം നിർത്തിവയ്ക്കാൻ നിർദേശിച്ചിരുന്നു. മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിൽ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരും സ്വീകരിച്ചത് ഇതേ നിലപാടായിരുന്നു.
പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസെടുത്ത അന്വേഷണമാകാം എന്ന സമീപനത്തിന്റെ ഭാഗമായി എസ്ഐടി രൂപീകരിച്ച് പ്രാഥമികാന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിച്ചതോടെ ഒരു ദിവസത്തിനകം കോടതി ഉത്തരവ് അതേപടി നടപ്പാക്കി.
ഇഡി നൽകിയ വിവരങ്ങൾ അട്ടിമറിക്കുകയല്ല. പരിശോധിക്കാൻ സംവിധാനം ഒരുക്കുകയാണ് സർക്കാർ ചെയ്തതെന്നാണ് വാദം. മാസപ്പടി കേസിലെ സർക്കാർ നിലപാടിനെച്ചൊല്ലി ചില യുവ കോണ്‍ഗ്രസ് എംഎൽഎമാർ വിമർശനവുമായി രംഗത്ത് എത്തിയപ്പോഴും നിയമപരമായി സ്വീകരിച്ച നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു.
യുഡിഎഫിലെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് ഇക്കാര്യത്തിൽ നിലപാടു സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചത്. ആദ്യം പ്രാഥമികാന്വേഷണം നടത്തണോ വേണ്ടയോ എന്നത് സംസ്ഥാനത്തിന്റെ നിയമപരമായ അധികാരത്തിന്റെ ഭാഗമാണെന്നായിരുന്നു വാദം.
തുടർന്നും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ടവർ പറയുന്നത്. സുപ്രീംകോടതി വിധി സർക്കാർ നിലപാട് ശരിവച്ചെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ അവധാനതയോടു കൂടിയ നടപടിയാണ് സ്വീകരിച്ചതെന്നു മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. എന്നാൽ, അന്വേഷണത്തിനു താൽക്കാലിക സ്റ്റേ മാത്രമാണ് വന്നതെന്നും കോടതി നിർദേശിച്ച ദിവസം കഴിഞ്ഞാൽ അന്വേഷണവുമായി മുന്നോട്ടു പോകുമെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അടിയന്തര നടപടികള്‍ സ്വീകരിക്കില്ല
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അടിയന്തര നടപടികള്‍ സ്വീകരിക്കില്ല. ഇഡി ചെന്നൈ സോണ്‍ സ്പെഷ്യല്‍ ഡയറക്ടര്‍ പ്രകാശ്കുമാറിന്റെ നേതൃത്വത്തില്‍ യൂണിറ്റുകള്‍ അന്വേഷിക്കുന്ന കേസുകളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
മാസപ്പടിക്കേസിലെ ഭാവിനടപടികളും യോഗം ചര്‍ച്ച ചെയ്തു. സമന്‍സ് പിന്‍വലിക്കില്ലെങ്കിലും സുപ്രീംകോടതി നിര്‍ദേശപ്രകാരം ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കും.
അന്വേഷണത്തില്‍ സുപ്രീംകോടതി ഇടപെടാത്തതും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാത്തതും അനുകൂലഘടകമായാണ് ഇഡി വിലയിരുത്തുന്നത്. നാളെ കടവന്ത്രയിലെ ഓഫിസില്‍ പിണറായി വിജയന് ഹാജരാകാന്‍ സാധ്യത ഇല്ലാത്തതിനാലും ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനാലും പുതിയ സമന്‍സ് നല്‍കുന്നത് വൈകിയേക്കും.
Tags : Supreme Court verdict Deepika DeepikaNewspaper BreakingNews Senior UDF leaders Supreme Court