പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദവും റിവും പകരുന്നതിനായി കെഎസ്ആര്‍ടിസി ‘വിജ്ഞാന ദര്‍ശിനി’എന്ന പേരില്‍ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക അറിവ് നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം, നെയ്യാര്‍ ഡാം, പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന്, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉള്‍പ്പടുത്തിയാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളിലും പദ്ധതി ഉടന്‍ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠനയാത്രകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇതില്‍ ഒരുക്കുന്നുണ്ട്. പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ഒരു ബസില്‍ ഒരേസമയം 36 വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്ക് പ്രായോഗിക അനുഭവം നല്‍കാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍: തിരുവനന്തപുരം നോര്‍ത്ത് 9188619378, തിരുവനന്തപുരം സൗത്ത് 9188938522, കൊല്ലം 9188938523, പത്തനംതിട്ട 9188938524, ആലപ്പുഴ 9188938525, കോട്ടയം 9188938526, ഇടുക്കി 9188938527, എറണാകുളം 9188938528, തൃശൂര്‍ 9188938529, പാലക്കാട് 9188938530, മലപ്പുറം 9188938531, കോഴിക്കോട് 9188938532, വയനാട് 9188938533.
Tags : Aanavandi Deepika DeepikaNewspaper BreakingNews et's go on a tour in the 'Aanavandi'