പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ആവശ്യമായ പരിചരണമോ ഭക്ഷണമോ കിട്ടാതെ രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ, മരണവിവരം പുറത്തറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം രഹസ്യമായി മറവുചെയ്യാൻ പിതാവ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. മുന്പ് ഇവരുടെ ഏഴുമാസം പ്രായമുള്ള മറ്റൊരു കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോഴും സംസ്കാരം നടത്തിയ വീട്ടിലേക്കാണ് രാഹുലിന്റെ മൃതദേഹവുമായി പിതാവ് രാജേഷ് എത്തിയത്. ഇയാളുടെ അമ്മയും സഹോദരനുമാണ് ഇവിടെ താമസിക്കുന്നത്.
പ്രസവത്തെ തുടർന്ന് മാതാവ് താര ആശുപത്രിയിലായിരിക്കേ ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് കുട്ടിക്ക് അനക്കമില്ലാതായത്. തുടർന്ന് പൊലിസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കാതെ സ്വന്തം ഓട്ടോറിക്ഷയിൽ മൃതദേഹവുമായി ഇയാൾ കുടുംബവീട്ടിലേക്ക് എത്തുകയായിരുന്നു. ആദ്യ കുഞ്ഞിനെപ്പോലെ രാഹുലിന്റെ മൃതദേഹവും ആരുമറിയാതെ ഇവിടെ സംസ്കരിക്കാനായിരുന്നു നീക്കമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജനപ്രതിനിധികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ടതോടെയാണ് ഈ നീക്കം പാളിയതും മരണം പുറംലോകമറിഞ്ഞതും.
മുന്പ് ഇതേ വീട്ടുവളപ്പിൽ മറവുചെയ്ത ഏഴുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു മരിച്ചെന്നാണ് പറഞ്ഞിരുന്നതെങ്കിലും ആ മരണം പൊലിസോ ആരോഗ്യവകുപ്പോ അറിഞ്ഞിരുന്നില്ല. അന്നും പോസ്റ്റ്മോർട്ടമോ ഔദ്യോഗിക പരിശോധനകളോ ഇല്ലാതെ രഹസ്യമായാണ് കുഴിച്ചുമൂടിയത്. രണ്ടു മരണങ്ങളിലെയും സമാനതകൾ മാതാപിതാക്കളുടെ കൊടും ക്രൂരതയിലേക്കാണ് വിരൽചൂണ്ടുന്നത്. മുന്പ് മരിച്ച കുഞ്ഞിന്റെ തിരോധാനത്തിലും വിശദമായ പുനരന്വേഷണം വേണമെന്നും മാതാപിതാക്കൾക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Suspicion surrounds death of the first child