ബാലകൃഷ്ണൻ
കൊയിലാണ്ടി: ഖത്തർ കെഎംസിസി ഓഫിസിലെ സ്ട്രോംഗ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് 31 ലക്ഷം റിയാല്‍ (എട്ട് കോടി ഇന്ത്യൻ രൂപ) കവർന്ന കേസിൽ ഒരു പ്രതി പൊലിസില്‍ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം നെല്യാടി പരപ്പിന്കുനിയില് ബാലകൃഷ്ണനാണു കൊയിലാണ്ടി പൊലിസില്‍ കീഴടങ്ങിയത്.
ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്നും അവിടെ കെഎംസിസി ഓഫിസിലെ സ്ട്രോംഗ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ബാലകൃഷ്ണന് പൊലിസിനോടു പറഞ്ഞത്. ഖത്തറിലേക്കു തന്നെ കൊണ്ടുപോയതു മോഷണത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും കുറ്റബോധംകൊണ്ടാണ് കീഴടങ്ങുന്നതെന്നും മൊഴി നല്കി.
2025 സെപ്റ്റംബര്‍ 18ന് അല്‍ തുമാമയിലെ കെഎംസിസി ഓഫിസിലാണ് സംഭവം. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് 31 ലക്ഷം റിയാല്‍ അക്രമിസംഘം കവരുകയായിരുന്നു. മോഷണത്തിനായി മാത്രം കേരളത്തില്‍നിന്നു നാലുപേരെ വിമാനമാര്‍ഗം ഖത്തറിലേക്ക് എത്തിക്കുകയായിരുന്നു.
കേരളത്തില്‍നിന്നെത്തിയ സംഘത്തിനു ഖത്തറില്‍ തങ്ങാനും കവര്‍ച്ച ആസൂത്രണം ചെയ്യാനും രണ്ടു പേരുടെ സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരടക്കമാണ് ആറു പ്രതികളുള്ളത്. കീഴടങ്ങിയ ബാലകൃഷ്ണനെക്കൂടാതെ ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് എന്ന ബാവ, ഹസന് എന്ന മമ്മാലി, നിസാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഒളിവിലുള്ള മറ്റ് അഞ്ച് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
മോഷണം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പൊലിസില്‍ പരാതി നല്‍കാനോ സംഭവത്തില്‍ വ്യക്തത വരുത്താനോ കെഎംസിസി നേതൃത്വം തയാറാകാതിരുന്നതു വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേസില്‍ ലീഗ് നേതൃത്വത്തിന് ഒളിച്ചുകളിയുണ്ടെന്ന് അണികളും ഒരുവിഭാഗം നേതാക്കളും ആരോപിച്ചിരുന്നു.
ഇതിനിടയിലാണ് വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഖത്തര്‍ കെഎംസിസി വൈസ് പ്രസിഡന്റ പി.കെ. അബ്ദുല്‍ റഹീം ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പൊലിസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് കേസില്‍ ആദ്യ പ്രതി കീഴടങ്ങിയത്.
മെമ്പർഷിപ്പിലൂടെയും ക്ഷേമപ്രവർത്തനങ്ങൾക്കായും സമാഹരിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് കെഎംസിസി അധികൃതര്‍ പറയുന്നത്.
Tags : Theft at Qatar KMCC office Deepika DeepikaNewspaper BreakingNews One member six-person gang surrenders to the police.