ന്യൂഡല്‍ഹി: ആധുനിക യുദ്ധതന്ത്രങ്ങളില്‍ ഡ്രോണുകള്‍ നിര്ണായകമായതിനാല് അവയെ കണ്ടെത്താനുള്ള മെച്ചപ്പെട്ട ലോ-ലെവല്‍ ലൈറ്റ്വെയ്റ്റ് റഡാറുകള്‍ (എല്‍എല്‍എല്‍ആര്‍-ഐ) വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ സൈന്യത്തിനായി അത്യാധുനിക സംവിധാനങ്ങളുള്ള എല്‍എല്‍എല്‍ആര്‍-ഐ വാങ്ങാന്‍ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡുമായി (ബിഇഎല്‍) 770 കോടി രൂപയുടെ കരാറിനാണ് ഇന്നലെ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടത്.
ഫൈറ്റര്‍ ജെറ്റുകള്‍ മുതല്‍ മിനി, മൈക്രോ ഡ്രോണുകള്‍വരെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും കഴിയുന്ന എല്‍എല്‍എല്‍ആര്‍-ഐ എത്തുന്നതോടെ ആളില്ലാ ഡ്രോണുകളുടെയും (യുഎഎസ്) ഭീഷണിയെ വിജയകരമായി നേരിടാനും സൈന്യത്തെ പ്രാപ്തമാക്കും. വ്യോമ പ്രതിരോധ മേഖലകളിലെ തദ്ദേശീയവത്കരണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പും കൂടിയാണിത്.
ഡിആര്‍ഡിഒയുടെ ഇലക്്ട്രോണിക്സ് ആന്‍ഡ് റഡാര്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എല്‍ആര്‍ഡിഇ) രൂപകല്‍പ്പന ചെയ്ത്, ബിഇഎല്‍ നിര്‍മിച്ച അസ്ലേഷ റഡാറിന്റെ നവീകരിച്ച പതിപ്പാണ് എല്‍എല്‍എല്‍ആര്‍-ഐ. സെമി-ആക്റ്റീവ് അറേ ആന്റിനയുള്ള എസ്-ബാന്‍ഡ് 3ഡി റഡാറാണ് അസ്ലേഷ. പുതിയതില്‍ ഗാലിയം നൈട്രൈഡ് ആക്ടീവ് ഇലക്ട്രോണിക് സ്കാന്‍ ചെയ്ത അറേസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള നാല് ഫിക്സഡ് ഫേസ്ഡ്-അറേ പാനലുകള്‍ ഉപയോഗിക്കുന്നു.
ചലിക്കുന്ന ഭാഗങ്ങളൊന്നുമില്ലാതെ 360-ഡിഗ്രി കവറേജും ഇത് നല്കുന്നു.
Tags : lightweight radars for the Army Deepika DeepikaNewspaper BreakingNews contract to procure low-level lightweight