ഇംഫാൽ: മണിപ്പുരിൽ സംഘർഷത്തിന് അയവില്ല. ചൊവ്വാഴ്ച കാംഗ്പോക്പി ജില്ലയിലെ വനമേഖലയിൽ കുക്കി വിഭാഗക്കാരൻ വെടിയേറ്റു കൊല്ലപ്പെട്ടു. മുള ശേഖരിക്കാൻ പോയ പൗലെൻ ഖോംഗ്സായി ആണു കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച കാംഗ്കോപ്കി ജില്ലയിൽ കുക്കി തീവ്രവാദികളുടെ ആക്രമണത്തിൽ മൂന്നു മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി തൗബൽ ജില്ലയിൽ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ ഒരു മെയ്തെയ് യുവാവും കൊല്ലപ്പെട്ടു.
കാംജോംഗ് ജില്ലയിലെ കുക്കി ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒട്ടേറെ വീടുകൾ ഇന്നലെ അക്രമികൾ കത്തിച്ചു. കുക്കി, നാഗാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ് ഗ്രാമവാസികൾ വീടൊഴിഞ്ഞുപോയത്.
ഖുമൻ ലംപത് സ്പോർട്സ് കോംപ്ലക്സിൽ ഇന്നലെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് പങ്കെടുത്ത ചടങ്ങിൽ പ്രതിഷേധവുമായെത്തിയ മെയ്തെയ് വിഭാഗം പൊലിസുമായി ഏറ്റുമുട്ടി. കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിട്ടത്. നേറ്റീവ് പീപ്പിൾ കമ്മിറ്റി മണിപ്പുർ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് അഞ്ച് ഇംഫാൽ താഴ്വര ജില്ലകളിൽ ജനജീവിതത്തെ ബാധിച്ചു.
Tags : Conflict continues in Manipur Deepika DeepikaNewspaper BreakingNews Conflict continues in Manipur