ടിരാനയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം
ടിരാന: അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടർച്ചയായി എട്ടു ദിവസം പിന്നിട്ടു. പ്രതിഷേധക്കാർ ചൊവ്വാഴ്ച സുപ്രീംകോടതി മന്ദിരത്തിനു തീയിട്ടു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ സുപ്രീംകോടതി സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ സുപ്രീംകോടതിക്കു തീവച്ചത്.
ബാങ്ക് ഓഫ് അൽബേനിയയുടെ പ്രവേശനകവാടത്തിനും പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധക്കാർക്കു നേരേ സുരക്ഷാസേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കുക, ട്യൂഷൻ ഫീസ് കുറയ്ക്കുക, വിദ്യാഭ്യാസ മേഖലയിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരേദ് കുഷ്നറുമായി ബന്ധമുള്ള ആഡംബര റിസോർട്ട് പദ്ധതിക്കെതിരേ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് സർക്കാർ വിരുദ്ധ പ്രതിഷേധമായി മാറിയത്.
ടിരാനയിൽ സംഘർഷാവസ്ഥ തുടരുകയാണ്. പ്രധാനമന്ത്രി എഡി റാമ രാജിവയ്ക്കണമെന്നാണു പ്രക്ഷോഭകരുടെ ആവശ്യം. അക്രമികൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് എഡി റാമ മുന്നറിയിപ്പ് നൽകി.
ഗ്രീസിൽ പ്രതിഷേധ മാർച്ച്
ജീവിതച്ചെലവ് താങ്ങാവുന്നതിലും അധികമായി ഉയർന്നതിന്റെ പേരിൽ ഇന്നലെ ഗ്രീസിൽ ആയിരക്കണക്കിനു വിദ്യാർഥികളും അധ്യാപകരും തലസ്ഥാനമായ ഏഥൻസിലേക്കു പ്രതിഷേധ മാർച്ച് നടത്തി. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും വിദ്യാർഥികൾക്കു താങ്ങാവുന്ന തരത്തിൽ താമസസൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗ്രീസിലെ മറ്റു നഗരങ്ങളിലും പ്രതിഷേധം അരങ്ങേറി.
സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും പ്രതിഷേധം അരങ്ങേറി. വീടുകളുടെ വാടകയിലെ വൻ വർധനയാണ് ഈ രാജ്യങ്ങളിലെ പ്രതിഷേധത്തിനു പ്രധാന കാരണം.
പ്രതിഷേധക്കാരെ ശക്തമായി നേരിടുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു.സംഘർഷത്തെത്തുടർന്ന് കർഫ്യു ഏർപ്പെടുത്തിയ ഫ്രാൻസ് സാധാരണ നിലയിലെത്തി. ചൊവ്വാഴ്ച രാത്രി അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. അക്രമവുമായി ബന്ധപ്പെട്ട് 2400 പേർ അറസ്റ്റിലായി.
Tags : Unrest continues Europe Deepika DeepikaNewspaper BreakingNews Unrest continues Europe