റൈഹാൻ വദ്ര
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകനും ദൃശ്യകലാവതാരകനുമായ റൈഹാൻ വദ്രയുടെ സോളോ ആർട്ട് എക്സിബിഷനിൽ നിന്ന് 70-ഓളം പ്രതിഷേധ ചിത്രങ്ങൾ ഡൽഹിയിലെ ബിക്കാനർ ഹൗസ് അധികൃതർ നീക്കം ചെയ്തു. പ്രദർശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെടുകയും, അനുസരിച്ചില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റൈഹാൻ വദ്ര ആരോപിച്ചു.
കഴിഞ്ഞ ആറുമാസത്തിനിടയിലെ വിവിധ പ്രതിഷേധ പ്രകടനങ്ങളുടെ ഡോക്യുമെന്ററി ചിത്രങ്ങളാണ് പ്രദർശനത്തിനായി വെച്ചിരുന്നത്. ഇതിൽ ദേശീയ പതാകയേന്തിയ ആളുകളുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇവ നീക്കം ചെയ്തത്.
രാഷ്ട്രീയമായി അനുകൂലമല്ലാത്ത സാഹചര്യങ്ങൾ മുൻനിർത്തി ചിത്രങ്ങൾ ഒഴിവാക്കണമെന്നാണ് ബിക്കാനർ ഹൗസ് അധികൃതർ ആവശ്യപ്പെട്ടത്. മകന്റെ ചിത്രങ്ങൾ നീക്കം ചെയ്ത നടപടിയെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. മറ്റുള്ളവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന ഭരണകൂടം തങ്ങളുടെ സ്വന്തം അധികാരമാണ് നഷ്ടപ്പെടുത്തുന്നതെന്ന് അവർ എക്സിൽ കുറിച്ചു.
യാതൊരു രാഷ്ട്രീയ സന്ദേശവുമില്ലാത്ത, സമീപകാല സംഭവങ്ങളുടെ നേർക്കാഴ്ചകൾ മാത്രമാണ് ചിത്രങ്ങളെന്നും കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും റൈഹാൻ വദ്ര പ്രതികരിച്ചു.
Tags : RaihanVadra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash