ബിരു സിംഗിനെ കാറിന്റെ മുകളിൽ കിടത്തി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ലക്നോ: ഉത്തർപ്രദേശിലെ കൺപൂരിൽ യുവാവിനെ കാറിന്റെ മുകളിൽ കൈകൾ ബന്ധിച്ച് ഒന്നര കിലോമീറ്ററോളും വലിച്ചിഴച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ് കാർ കയറ്റി കൊലപ്പെടുത്തി. ഫുഡ് പ്രൊഡക്ട്സ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന ബിരു സിംഗ് ഭദൗരിയ (37) ആണ് കൊല്ലപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിരു സിംഗും രാജ്വീർ, മേവലാൽ എന്നിവരുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി ബിരു സിംഗിന്റെ പിതാവ് റാം ശങ്കർ സിംഗ് പറയുന്നു. ചൊവ്വാഴ്ച രാത്രി മേവലാൽ, രാജ്വീർ എന്നിവരുൾപ്പെടെയുള്ള അഞ്ച് പേർ ചേർന്ന് കാറിലെത്തി ബിരു സിംഗിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച ബിരു സിംഗിനെ പ്രതികൾ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തി. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കാറിന്റെ മുകളിൽ കിടത്തുകയും രണ്ട് കൈകളും കാറിന്റെ മുൻവശത്തെ ജനലുകൾക്കിടയിൽ കുടുക്കി ജനൽ അടച്ച ശേഷം വാഹനം അമിതവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു. ഒന്നര കിലോമീറ്ററോളും ഈ രീതിയിൽ വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം ബിരു സിംഗിനെ റോഡിലേക്ക് വലിച്ചെറിയുകയും ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ജനലുകളിൽ കൈകൾ കുടുങ്ങി അദ്ദേഹത്തിന്റെ വിരലുകൾ ഗുരുതരമായി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പത്തിലേറെ സിസിടിവി കാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. തുടക്കത്തിൽ കുടുംബം നൽകിയ പരാതിയിൽ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്ന് ആരോപിച്ച് ബുധനാഴ്ച ബന്ധുക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തിൽ ഇതൊരു സാധാരണ വാഹനാപകടമായിട്ടാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് കുടുംബം കൊലപാതക ആരോപണവുമായി രംഗത്തുവരികയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. കാറിന്റെ രജിസ്ട്രേഷൻ നമ്പറും പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഫത്തേപൂർ ജില്ലയിലെ ജഹാനാബാദിൽ കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തെരച്ചിൽ പൊലിസ് ഊർജിതമാക്കി.