പ്രതീകാത്മക ചിത്രം.
ആധുനിക ചികിത്സാരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവേഷകർ. മരുന്നിന്റെ വിലയുൾപ്പെടെയുള്ള ചികിത്സാച്ചെലവും രോഗിയുടെ സുരക്ഷ മെച്ചപ്പെടുത്താനും പുതിയ വഴികൾ തേടുകയാണു ശാസ്ത്രലോകം. യുഎസിലെ സാൻ ഡിയാഗോയിൽ നടന്ന അനസ്തേഷ്യോളജി-2026 വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച ഗവേഷണഫലം ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട നവീനമാർഗങ്ങളാണു പ്രതിപാദിക്കുന്നത്. ശസ്ത്രക്രിയകളുടെ ഭാരിച്ച ചെലവു കുറയ്ക്കാമെന്നു പഠനം വ്യക്തമാക്കുന്നു.
ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന അനസ്തെറ്റിക് ഔഷധങ്ങളിൽ മാറ്റം വരുത്താമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി. മരുന്നുകൾ മാറ്റുന്നതിലൂടെ ചെലവു മാത്രമല്ല, ഹരിതഗൃഹവാതക ഉദ്വമനം കുറയ്ക്കാനും കഴിയും. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ അനസ്തേഷ്യ രീതികൾ തെരഞ്ഞെടുത്തതിലൂടെ, പ്രതികൂലവാതക ഉദ്വമനത്തിൽ 45 ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തി. രോഗികളുടെ സുരക്ഷയെ ബാധിക്കാതെതന്നെ നേട്ടം കൈവരിക്കാനാകും. പരിസ്ഥിതി ആഘാതം കുറയ്ക്കാൻ ചെലവേറിയ സാങ്കേതികവിദ്യകളുടെ ആവശ്യമില്ല. മാറ്റങ്ങൾ വരുത്തുന്നതിലൂടെ അന്തരീക്ഷ മലിനീകരണവും ആശുപത്രി ചെലവുകളും ഒരേസമയം നിയന്ത്രിക്കാനാകുമെന്നും ഗവേഷകർ വിലയിരുത്തി.
ആരോഗ്യമേഖലയിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്വമനം ആഗോളതലത്തിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് ശ്വസനത്തിലൂടെ നൽകുന്ന ഡെസ്ഫ്ളൂറേൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങൾ അന്തരീക്ഷത്തിൽ താപം നിലനിർത്താൻ കാരണമാകുന്നു. ഇതിനുപകരമായി സെവോഫ്ളൂറേൻ, ഇൻട്രാവീനസ് (ഞരമ്പുകളിലൂടെ നൽകുന്ന) അനസ്തേഷ്യ തുടങ്ങിയ രീതികൾ ഉപയോഗിക്കുന്നതു മലിനീകരണവും ഔഷധങ്ങളുടെ അനാവശ്യ പാഴാക്കലും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നു ഗവേഷകർ വ്യക്തമാക്കി.
വിർജീനിയ ടെക് കാർലിയൺ സ്കൂൾ ഓഫ് മെഡിസിനുമായി ബന്ധപ്പെട്ട വിവിധ ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ശസ്ത്രക്രിയകളിൽനിന്നുള്ള കാർബൺ പുറന്തള്ളലിന്റെ അളവു ഗണ്യമായി കുറഞ്ഞു. 2025 അവസാനത്തോടെ പകുതിയായി കുറയ്ക്കണമെന്ന ലക്ഷ്യവും ഗവേഷകർക്കു മറികടക്കാനായി.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, മരുന്നുകളുടെ ചെലവു കുറയ്ക്കാനായി എന്നതാണ്. രോഗികളുടെ സുരക്ഷയിൽ വീഴ്ച സംഭവിക്കാതെ മികച്ച ചികിത്സാരീതികൾ നടപ്പാക്കാൻ കഴിയുമെന്നു ഗവേഷകർ പറഞ്ഞു.
Tags : MedicalScience International Enviorment ScienceNews GreenSurgery CarbonEmission Health