ദാവൂദ് ഇബ്രാഹിം
ന്യൂയോർക്ക്: ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യുഎൻ സ്പെഷ്യൽ റാപ്പോർട്ടറുടെ റിപ്പോർട്ടിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ 'ഡി-കമ്പനിയെ' "ഇന്ത്യൻ അധിഷ്ഠിത" ക്രിമിനൽ സംഘമെന്ന് വിശേഷിപ്പിച്ചതിനെ ഇന്ത്യ ശക്തമായി എതിർത്തു. യുഎൻ പൊതുസഭയുടെ മൂന്നാം സമിതിയിൽ നടന്ന സംവാദത്തിനിടയിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ ഫസ്റ്റ് സെക്രട്ടറി രഘൂ പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎൻ സ്പെഷ്യൽ റാപ്പോർട്ടർ ബെൻ സോളിന്റെ റിപ്പോർട്ടിൽ ഗുരുതരമായ വസ്തുതാപരമായ പിഴവുകളുണ്ടെന്നും, തെറ്റായ വിവരങ്ങൾ പുറത്തുവിടുമ്പോൾ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകാത്തത് യുഎന്നിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.
1993-ലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമും അയാളുടെ സംഘടനയും ഇന്ത്യയിൽ പിടികിട്ടാപ്പുള്ളികളാണെന്ന വസ്തുത റിപ്പോർട്ടിൽ ഒഴിവാക്കിയത് അപലപനീയമാണെന്ന് രഘൂ പുരി വ്യക്തമാക്കി.
2003-ൽ യുഎൻ സുരക്ഷാ കൗൺസിൽ അൽ-ഖ്വെയ്ദ ബന്ധത്തിന്റെ പേരിൽ ദാവൂദ് ഇബ്രാഹിമിനെ കരിമ്പട്ടികയിൽ പെടുത്തുമ്പോഴേക്കും അയാൾ ഇന്ത്യയിൽ നിന്ന് പലായനം ചെയ്തിരുന്നു. അൽ-ഖ്വെയ്ദ തലവൻ ഒസാമ ബിൻ ലാദൻ ഒളിവിൽ കഴിയുകയും കൊല്ലപ്പെടുകയും ചെയ്ത അതേ രാജ്യത്താണ് ദാവൂദ് ഇബ്രാഹിം വസിക്കുന്നതെന്ന് യുഎൻ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും, ഇത് പാകിസ്താനിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഇന്ത്യ ഓർമിപ്പിച്ചു.
Tags : DawoodIbrahim Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash