മൊബൈൽ ടവറിന് മുകളിൽ കയറി നിൽക്കുന്ന സിന്ധു
ബംഗളൂരു: ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാഭീഷണി. മൂന്ന് ദിവസത്തോളം ബംഗളൂരു അതിർത്തിയിലെ നെലമംഗലയെ മുൾമുനയിൽ നിർത്തിയ പാവഗഡ സ്വദേശി സിന്ധുവിനെ (20) ഒടുവിൽ പൊലിസ് ബംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം ആറാം തീയതിയായിരുന്നു സിന്ധുവും ഗണേഷും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനകം സിന്ധുവിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത കാരണം ഗണേഷ് വീട്ടിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
ഭർത്താവിനെ കണ്ടെത്താൻ വൈകുന്നുവെന്ന് ആരോപിച്ച് ആദ്യം തിരക്കേറിയ റോഡിന് നടുവിൽ കുത്തിയിരുന്നു യുവതി പ്രതിഷേധിച്ചു. പിന്നീട് പൊലിസ് അനുനയിപ്പിച്ച് മാറ്റിയെങ്കിലും അടുത്ത ദിവസം മകാലി ഗ്രാമത്തിലെ മൊബൈൽ ടവറിന് മുകളിൽ കയറി ഇവർ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലിസുകാർ താഴെയിറക്കി പാവഗഡയിലുള്ള അമ്മയുടെ വീട്ടിലേക്ക് അയച്ചെങ്കിലും യുവതി വീണ്ടും തിരിച്ചെത്തി.
ഇന്നലെ വീണ്ടും മദനായകനഹള്ളിയിലെ അതേ മൊബൈൽ ടവറിന് മുകളിൽ കയറി സിന്ധു ഇരിപ്പുറപ്പിച്ചു. ഒടുവിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥർ സാഹസികമായി ടവറിന് മുകളിൽ കയറിയാണ് യുവതിയെ സുരക്ഷിതമായി താഴെയിറക്കിയത്. സിന്ധുവിന്റെ തുടർച്ചയായ അസ്വാഭാവിക പെരുമാറ്റം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി പൊലിസ് ഇവരെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം ഒളിവില്‍ പോയ ഭർത്താവ് ഗണേഷിനായുള്ള തെരച്ചിൽ പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്.
Tags : MobileTower Climb ThreatenSuicide