കെ. അണ്ണാമലൈ.
ചെന്നൈ: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ഭരണപരമായ നടപടികളിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി ചിത്രീകരിക്കുന്ന പ്രവണത ബിജെപിക്കുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലിസ് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
സിജെപിയുടെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നു. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതിന് പകരം അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ അഞ്ചിന് താൻ ബിജെപി വിട്ടതാണെന്നും പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണടച്ച് പിന്തുണയ്ക്കുന്നയാളല്ല താനെന്നും അണ്ണാമലൈ വ്യക്തമാക്കി.
പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധവേദികളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനെയും അണ്ണാമലൈ വിമർശിച്ചു. അതേസമയം അണ്ണാമലൈയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടി വിട്ടശേഷം മുൻ നിലപാടുകളിൽ നിന്ന് മലക്കംമറിയുകയാണ് അണ്ണാമലൈയെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി ആരോപിച്ചു.
Tags : K. Annamalai K.Annamalai CentralGovernment BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash