പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോര്‍ന്നു.
ഏകദേശം നാലായിരത്തോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക വിശകലനത്തില്‍ ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പേരുകള്‍, ലിംഗം, ഇമെയില്‍, മേല്‍വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ചോര്‍ന്ന രേഖകളില്‍ ബ്രാഞ്ച്, കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ ഐഡന്റിഫയറുകള്‍, ലീഡ് ഐഡികള്‍, ലോണ്‍, ലീഡ് റിക്കാർഡുകളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ, മറ്റ് അനുബന്ധ ഫയലുകള്‍ എന്നിവയും ഉണ്ടായിരുന്നു.
3897 പേരുടെ വിവരങ്ങള്‍ ചോര്‍ന്നു
സൈബര്‍ സുരക്ഷാ നിരീക്ഷണങ്ങള്‍ നടത്തുന്ന സൈബര്പള്സ്56 എന്ന സമൂഹമാധ്യമ അക്കൗണ്ടാണ് ഈ വിവരം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി തിരിച്ചറിഞ്ഞുവെന്ന് എസ്ബിഐ സ്ഥിരീകരിച്ചു.
സുരക്ഷിതമാണെന്ന് എസ്ബിഐ
ഉപഭോക്താക്കളുടെ അക്കൗണ്ട് പൂര്‍ണമായും സുരക്ഷിതമാണെന്നാണ് എസ്ബിഐ അറിയിച്ചത്. ഉപഭോക്താക്കള്‍ക്കും ബാങ്കിനും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളും വിലയിരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും സ്വതന്ത്ര സൈബര്‍ സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.
Tags : SBI customers on dark web Deepika DeepikaNewspaper BreakingNews Personal information SBI customers