ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്റെ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാ മൂല്യനിര്‍ണയം കൂടുതല്‍ കര്‍ശനമാക്കി. ചോദ്യപേപ്പറിലെ നിശ്ചിത വിഷയ വിഭാഗങ്ങളിൽ (സെഷനുകള്‍) കൃത്യമായി തന്നെ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിയില്ലെങ്കില്‍ ശരിയായ ഉത്തരം എഴുതിയാലും പൂജ്യം മാര്‍ക്കായിരിക്കും ലഭിക്കുകയെന്നാണ് മുന്നറിയിപ്പ്. ഡിജിറ്റല്‍ മൂല്യനിര്ണയമായ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങള്‍.
ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കുകയും ശേഷം ഓരോ വിഷയത്തിന്റെയും പേജുകള്‍ വേര്‍തിരിച്ച് അതത് വിഷയങ്ങളുടെ എക്സാമിനര്‍മാര്‍ക്ക് പരിശോധനയ്ക്കായി ഓണ്‍ലൈനായി അയച്ചു നല്‍കുകയുമാണ് ചെയ്യുന്നത്. ഈ സംവിധാനത്തില്‍ കൃത്യമായി വിഷയം അടയാളപ്പെടുത്തിയില്ലെങ്കില്‍, ഉദാഹരണത്തിന് ഫിസിക്സിലെ ഉത്തരങ്ങള്‍ അടയാളമിട്ട് മാറി കെമിസ്ട്രി സെഷനിലായാല് മൂല്യനിര്‍ണയം നടത്തുന്ന ഫിസിക്സ് അധ്യാപകനില്‍ എത്തില്ല.
സയന്‍സിന്റെ ചോദ്യപേപ്പറുകളിലെ സെഷനുകള്‍ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. അതേസമയം സോഷ്യല്‍ സയന്‍സില്‍ ഹിസ്റ്ററി, ജ്യോഗ്രഫി, പോളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് എന്നിങ്ങനെയാണ്. പലപ്പോഴും പരീക്ഷാസമ്മര്ദത്താലും മറ്റും വിദ്യാര്‍ഥികള്‍ക്ക് സെഷനുകള്‍ തെറ്റിപ്പോകാറുണ്ട്.
ആദ്യത്തെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഉത്തരക്കടലാസിന്റെ അവസാന പേജുകളില്‍ എഴുതുന്നതും പുതിയ രീതിയില്‍ മാര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കും. ഡിജിറ്റല്‍ മാര്‍ക്കിംഗ് സംവിധാനമായതിനാല്‍ റീവാല്യുവേഷനിലോ വെരിഫിക്കേഷനിലോ ഇങ്ങനെ നഷ്ടപ്പെടുന്ന മാര്‍ക്കുകള്‍ തിരികെ ലഭിച്ചേക്കില്ല. അതിനാല്‍ പല സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച തീവ്രമായ പരിശീലനവും ബോധവത്കരണവും നല്‍കിത്തുടങ്ങിയിട്ടുണ്ട്.
Tags : CBSE Class 10 examination Deepika DeepikaNewspaper BreakingNews ection is changed even a correct answer