പ്രതീകാത്മക ചിത്രം
ആലപ്പുഴ: പുന്നപ്ര- വയലാര്‍ വാരാചരണത്തില്‍ സിപിഐയുടെ സ്മാരകത്തില്‍ പതാക ഉയര്‍ത്താനോ പുഷ്പാര്ച്ചനയ്ക്കോ തയാറല്ലെന്ന് സിപിഎം. 27ന് സമാപിക്കുന്ന രക്തസാക്ഷി വാരാചരണത്തില്നിന്ന് വിട്ടുനില്‍കുമെന്ന് സിപിഐയും നിലപാടെടുത്തതോടെ സമവായത്തിലേക്ക് നീങ്ങി ഇരു പാര്‍ട്ടികളും.
രക്തസാക്ഷികളുടെ മണ്ണില്‍ വ്യക്തിഗത സ്മാരകങ്ങള്‍ വേണ്ടെന്ന തീരുമാനം മാറ്റിയാണ് സിപിഎമ്മിന്റെയും സിപിഐയുടെയും സംയുക്ത ഉടമസ്ഥതയുള്ള സ്ഥലത്ത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പുന്നപ്ര വയലാര്‍ സമരനായകന് ടി.വി. തോമസിനും സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചത്. ഇതില്‍ സിപിഐയുടെ സ്മാരകം കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തിരുന്നു. വിഎസിന്റെ സ്മാരകം നിർമാണം പൂർത്തിയായിട്ടില്ല. തങ്ങളുടെ പുതിയ രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയർത്തണമെന്ന സിപിഐയുടെ ആവശ്യം സിപിഎം നിരസിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
ഇതോടെ പുന്നപ്ര-വയലാര്‍ വാരാചരണത്തില്നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനിച്ചു. പിന്നീട് സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വാരാചരണത്തില്നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍നിന്ന് സിപിഐ പിന്മാറുകയായിരുന്നു.
തുടക്കത്തിലേ ഇങ്ങനെയൊരു തര്‍ക്കം ഉടലെടുത്തിരുന്നെന്നും പിന്നീട് ഇതില്‍ സമവായമുണ്ടായെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും സിപിഐ ജില്ലാ സെക്രട്ടറി സോളമന് പറഞ്ഞു.
സിപിഐയുടെ നേതൃത്വത്തില്‍ പുതിയ രക്തസാക്ഷി മണ്ഡപം നിര്‍മിച്ചതോടെ പുന്നപ്ര സമരഭൂമിയില്‍ രണ്ട് രക്തസാക്ഷി സ്മാരകങ്ങളായി. സിപിഐയുടെ മണ്ഡപത്തെ സ്മാരകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സിപിഎം രേഖാമൂലം അറിയിച്ചതായാണ് വിവരം. രക്തസാക്ഷികളെ സിപിഎം അവഗണിച്ചെന്നും പാര്‍ട്ടിയുടെ നിലപാട് തെറ്റാണെന്നും സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ.കെ. ജയന് വിമര്‍ശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പുന്നപ്ര-വയലാര്‍ വാരാചരണത്തിനു തുടക്കമായത്.
നേരത്തേയുള്ള രക്തസാക്ഷിമണ്ഡപത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സിപിഐ പുതുതായി നിര്‍മിച്ച മണ്ഡപത്തില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും പതാക ഉയര്‍ത്തണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ആദ്യം പതാക ഉയര്‍ത്തിയ ശേഷം സിപിഐയുടെ രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്താന്‍ സിപി എം നേതാക്കള്‍ തയാറായില്ല. ഇതോടെയാണ് വരും ദിവസങ്ങളിലെ പുന്നപ്ര-വയലാര്‍ വാരാചരണ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനിച്ചത്.
ഈ തീരുമാനം വന്നതോടെ ഇന്നലെ ഉച്ചയ്ക്കു ശേഷം സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ അടുത്ത വര്‍ഷം മുതല്‍ സിപിഐയുടെ രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്താന്‍ സിപി എം നേതാക്കള്‍ എത്താമെന്ന് ധാരണയായതോടെയാണ് പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സിപിഐ പിന്മാറിയത്.
Tags : flag at CPI memorial Deepika DeepikaNewspaper BreakingNews CPM says it will not