ചെന്നൈ: യുവാവിനെ തട്ടിക്കൊണ്ടുപോയ കവർച്ചക്കാർ മൊബൈൽ ആപ്പ് വഴി ലോൺ എടുപ്പിച്ച് പണവുമായി മുങ്ങി. തട്ടിക്കൊണ്ടുപോയ യുവാവിന്റെ പക്കൽ പണമൊന്നും ഇല്ലെന്നു കണ്ടതോടെയാണ് യുവാവിനെക്കൊണ്ട് മൊബൈൽ ആപ്പ് വഴി ലോൺ എടുപ്പിച്ച ശേഷം എടിഎമ്മിൽനിന്ന് പണം പിൻവലിച്ച് കവർച്ചാസംഘം കടന്നുകളഞ്ഞത്.
ബുധനാഴ്ച ചെന്നൈയിലെ പള്ളിക്കരണൈ പ്രദേശത്താണ് സംഭവം. സംഭവത്തിൽ സായി അബുതാകിർ (അബു 18), പ്രകാശ് രാജ് (22), പൂബാലൻ (23), സഞ്ജയ് (21) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു. ഇവരുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തെന്നും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും പൊലിസ് വ്യക്തമാക്കി.
21കാരനായ അജയ് ആണ് തട്ടിപ്പിനിരയായത്. നാലുപേർ ഉൾപ്പെടുന്ന കവർച്ചാസംഘം അജയ്യെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകുകയും പണം ആവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. പണം ഇല്ലെന്ന് പറഞ്ഞതോടെ ഫോണിലെ ലോൺ ആപ്പിൽ വായ്പയ്ക്ക് അപേക്ഷ കൊടുപ്പിച്ചു. 9500 രൂപയുടെ വായ്പ ലഭ്യമായതോടെ ഈ പണം അടുത്തുള്ള എടിഎമ്മിൽനിന്ന് പിൻവലിപ്പിച്ച ശേഷം സംഘം പണവുമായി കടന്നു. അജയ്യുടെ ഫോണും കവർച്ചക്കാർ കൊണ്ടുപോയി.
Tags : youth Abduct, money, robbery gang loan mobile app Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash