National
ന്യൂഡൽഹി: മാതാപിതാക്കളുടെ സിബിൽ സ്കോർ കുറഞ്ഞതിന്റെ പേരിൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ പാടില്ലെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.
Business
കൊച്ചി: മുത്തൂറ്റ് മൈക്രോഫിന് ലിമിറ്റഡ് നടപ്പ് സാമ്പത്തികവര്ഷം ഒന്നാം പാദത്തില് വായ്പാവിതരണം 48.9 ശതമാനം വര്ധിച്ച് 2,645 കോടിയിലെത്തി. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 18 ശതമാനം വര്ധിച്ച് 14,457 കോടിയുമായി.
മുന്വര്ഷത്തെ അപേക്ഷിച്ചു ലാഭം 12 ഇരട്ടിയായി ഉയര്ന്ന് 81.3 കോടി രൂപയിലെത്തി.
മൊത്തം വരുമാനം 20 ശതമാനം വര്ധിച്ച് 670.6 കോടി രൂപയും പ്രീപ്രൊവിഷന് പ്രവര്ത്തനലാഭം 43.3 ശതമാനം ഉയര്ന്ന് 198.5 കോടി രൂപയുമായി.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന ഒന്നാം പാദ വായ്പാവിതരണമാണിതെന്ന് അധികൃതർ പറഞ്ഞു.
National
മുംബൈ: വായ്പാതിരിച്ചടവുകളിൽ വീഴ്ച വരുത്തുന്നവരെ റിക്കവറി ഏജന്റുമാർ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന രീതിക്കു തടയിടാൻ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).
കടമെടുത്തവരെ ഭീഷണിപ്പെടുത്തുന്നതിനും അനാവശ്യ സമയങ്ങളിൽ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2027 ജനുവരി ഒന്നുമുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.
ലോൺ വഴിയോ ഇഎംഐ അടിസ്ഥാനത്തിലോ വാങ്ങിയ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ തിരിച്ചടവ് മുടങ്ങുമ്പോൾ സാങ്കേതികവിദ്യ ഉപയോഗിച്ചു റിമോട്ടായി ലോക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള റിക്കവറി നടപടികൾക്കും ആർബിഐ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
റിക്കവറി ഏജന്റുമാർക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ഭീഷണിപ്പെടുത്തി പണം ഈടാക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കുന്ന ഇൻസെന്റീവുകൾ നൽകരുതെന്നും ബാങ്കുകളോട് നിർദേശിച്ചു.
പ്രധാന മാർഗനിർദേശങ്ങൾ
രാവിലെ എട്ടിനും വൈകുന്നേരം ഏഴിനും ഇടയിൽ മാത്രമേ റിക്കവറി ഏജന്റുമാർക്ക് ഉപഭോക്താക്കളെ ബന്ധപ്പെടാനോ സന്ദർശിക്കാനോ അനുവാദമുള്ളൂ. വായ്പക്കാരൻ പ്രത്യേകമായി അഭ്യർഥിച്ചാൽ മാത്രമേ ഇതിൽ മാറ്റം വരുത്താനാകൂ.
ഭീഷണിപ്പെടുത്തുന്ന ഭാഷയോ അസഭ്യവാക്കുകളോ ഉപയോഗിക്കാൻ പാടില്ല. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുക, സമൂഹമാധ്യമങ്ങളിലൂടെ ഫോൺ നമ്പറുകളും ചിത്രങ്ങളും പുറത്തുവിട്ട് അപമാനിക്കുക എന്നിവ പൂർണമായും നിരോധിച്ചു. മരണവീടുകൾ, ആശുപത്രി ആവശ്യങ്ങൾ, വിവാഹങ്ങൾ തുടങ്ങിയ സമയങ്ങളിൽ റിക്കവറി സന്ദർശനങ്ങൾ ഒഴിവാക്കണം.
റിക്കവറി ഏജന്റുമാർ വീടുകൾ സന്ദർശിക്കുകയാണെങ്കിൽ സന്ദർശനത്തിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ഉപഭോക്താവിനെ വിവരമറിയിക്കണം. ഏജന്റുമാർ ഐഡി കാർഡും ബാങ്കിന്റെ അനുമതിപത്രവും നിർബന്ധമായും കരുതണം.
റിക്കവറി കോളുകളെല്ലാം ബാങ്കുകൾ റെക്കോർഡ് ചെയ്യുകയും വിവരങ്ങൾ കുറഞ്ഞത് ആറു മാസമെങ്കിലും സൂക്ഷിക്കുകയും വേണം. ഏജന്റുമാരുടെ വീഴ്ചകളിൽനിന്ന് ബാങ്കുകൾക്ക് ഇനി ഒഴിഞ്ഞുമാറാനാകില്ല.
District News
ഫോർട്ടുകൊച്ചി : കൊച്ചി രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ ഇരുപത് സ്വയംസഹായ സംഘങ്ങൾക്ക് കേരള പിന്നാക്ക വികസന കോർപറേഷന്റെ സ്വയം തൊഴിൽ സംരംഭത്തിനായുള്ള വായ്പാ വിതരണം നടത്തി.
സ്ത്രീശാക്തീകരണത്തിനും സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായാണ് വായ്പകൾ നൽകി വരുന്നത്. എൺപതു ലക്ഷം രൂപയാണ് ഇരുപതു സ്വയംസഹായ സംഘങ്ങൾക്കായി വിതരണം ചെയ്തത്.
ഫോർട്ടുകൊച്ചി സാന്റാക്രൂസ് ബസിലിക്ക റെക്ടർ ഫാ. ഷൈജു പര്യാത്തുശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മന്ത്രി കെ . ബാബു വിതരണോദ്ഘാടനം നടത്തി. കെഎസ്ബിസിഡിസി മാനേജർ ജതിൻ, കൗൺസിലർ ഷൈനി മാത്യു , അഡ്വ . ആന്റണി കുരീത്തറ, ഡയറക്ടർ ഫാ. ജെയ്ഫിൻ ദാസ് കട്ടികാട്ട് , സിഎസ്എസ്എസ് കോ ഓർഡിനേറ്റർ ലാലി സേവ്യർ എന്നിവർ പ്രസംഗിച്ചു.
Editorial
പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾ വായ്പയെടുത്തു പഠിക്കേണ്ടെന്ന് കേന്ദ്രനിയമം പറയുന്നില്ല കേട്ടോ. പക്ഷേ, അവർക്കു വായ്പ കൊടുക്കാൻ പറ്റില്ലെന്ന ബാങ്കുകളുടെ നിലപാടിൽ തെറ്റില്ലെന്ന്, നിയമം വ്യാഖ്യാനിച്ചു കോടതി പറഞ്ഞിരിക്കുന്നു. ഫലം പാവപ്പെട്ട വിദ്യാർഥികൾ, ഉള്ള കാശിനു പഠിച്ചാൽ മതി.
മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസവായ്പ ബാങ്കുകൾക്കു നിഷേധിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്പ്പെടുത്തി നല്കുന്ന അപേക്ഷകള് ബാങ്കുകള് പരിഗണിക്കണമെന്നും കോടതി നിര്ദേശിച്ചു. കേൾക്കാൻ കൊള്ളാം.
പാപ്പരായ മാതാപിതാക്കളുടെ വായ്പയ്ക്കു സഹ അപേക്ഷകരാകാൻ ആരു വരുമെന്നാണ്? നിലവിലുള്ള കേന്ദ്ര നിയമമാണ് കോടതി വ്യാഖ്യാനിച്ചത്. ആ നിയമം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് ഇടപെടാം. ഇന്നലെ കുരുത്ത സിജെപിയുടെ മഹാസമരത്തെ പിന്തുണച്ചതല്ലാതെ സമീപകാലത്ത് കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത വിദ്യാർഥി സംഘടനകൾക്കും ഒന്നനങ്ങാം.
മാതാപിതാക്കളുടെ സിബില് സ്കോര് കുറഞ്ഞതിന്റെ പേരില് ബാങ്കുകള് വായ്പ നിഷേധിച്ചതു ചോദ്യംചെയ്ത് വിദ്യാര്ഥികള് നല്കിയ ഹർജികള് തള്ളിയാണ് കോടതിവിധി. 2005ലെ ക്രെഡിറ്റ് ഇന്ഫര്മേഷന് കമ്പനീസ് (റെഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള് പരിഗണിച്ചാല് വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.
വായ്പാ തിരിച്ചടവില് വീഴ്ചയുണ്ടായാല് ബാങ്കുകള്ക്കു ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര് എഡ്യുക്കേഷണല് ലോണ് സ്കീം തയാറാക്കിയിരിക്കുന്നത്. ഇതില് വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്ദേശിക്കുന്നില്ല. അതുകൊണ്ട് വായ്പ നൽകാൻ ബാങ്കുകള്ക്ക് മാനദണ്ഡങ്ങള് നിശ്ചയിക്കാം. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്ക്കും സര്ക്കുലറുകള്ക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ.
വായ്പാനയം ഹർജിക്കാര് ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില് ബാങ്കുകളുടെ നടപടിയില് ഇടപെടാനാകില്ല. അതേസമയം, വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്ഥികള് മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്പ്പെടുത്തിയാൽ ബാങ്കുകള് പരിഗണിക്കണമെന്നും കോടതി നിര്ദേശിച്ചു.
കോടതിയുടെ തീരുമാനം, നിലവിലുള്ള നിയമം പാവപ്പെട്ട വിദ്യാർഥികൾക്ക് അനുകൂലമല്ലെന്ന സൂചനയാണ് നൽകുന്നത്. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോറില്ലെങ്കിൽ അതുള്ള മറ്റുള്ളവരെ സഹ അപേക്ഷകരാക്കാമെന്നതും ഏതാണ്ട് അപ്രായോഗികമായ കാര്യമാണ്. പാവപ്പെട്ടവരുടെ വായ്പയ്ക്ക് ബന്ധുക്കൾ പോലും ജാമ്യം നിൽക്കാൻ മടിക്കുന്നിടത്ത് ഈ വിദ്യാർഥികളുടെ സഹ അപേക്ഷകരായി ആരുണ്ടാകും? പാവപ്പെട്ട മാതാപിതാക്കൾ വർത്തമാനകാല യാഥാർഥ്യമാണ്.
അവരുടെ മക്കൾക്കു വായ്പ നിഷേധിക്കുന്നതുമൂലം ഭാവിയും പ്രതീക്ഷയില്ലാത്തതാകും. കേന്ദ്രം തിരുത്തുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ ഇടപെടണം. ഇതൊന്നും വിദ്യാർഥി സംഘടനകൾ അറിയുന്നില്ലേ? അക്രമങ്ങൾ, മാർക്ക്-വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ, റാഗിംഗ് തുടങ്ങിയവയുടെ ചെളിനിലങ്ങളിൽനിന്ന് അവർ പുറത്തുവരണം.
മാതാപിതാക്കൾക്കു സാന്പത്തികയോഗ്യതയില്ലാത്തതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസവായ്പയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പാവങ്ങൾക്കെതിരേയുള്ള പെല്ലറ്റ് ഗണ്ണാണ്. വായ്പ ഒഴിവാക്കിയിട്ട്, തിരിച്ചടവിനു ഗാരന്റി ഉറപ്പാക്കിയിട്ടെന്തു കാര്യം? പാവങ്ങളെ പാവങ്ങളായി നിലനിർത്തുന്ന മാനദണ്ഡങ്ങളെ കേന്ദ്ര വിദ്യാഭ്യാസ വായ്പാനയത്തിൽനിന്നു പുറത്താക്കാൻ സർക്കാർ വൈകരുത്. വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട.
Kerala
കൊച്ചി: കടം വാങ്ങിയ 4.3 ലക്ഷം രൂപ തിരികെ ചോദിച്ച വീട്ടമ്മയെ പൊതുജനമധ്യത്തില് അവഹേളിച്ചുവെന്ന പരാതിയില് കോടതി നിര്ദേശപ്രകാരം ദമ്പതികള്ക്കെതിരെ ഞാറക്കല് പോലീസ് കേസെടുത്തു. നായരമ്പലം വെളിയത്തു പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയില് എളങ്കുന്നപ്പുഴ സ്വദേശികളായ അജീഷ്, സീന എന്നിവര്ക്കെതിരെയാണ് കേസ്.
2022 മേയ് ഒന്നിനും 2023 ഒക്ടോബര് 31നും ഇടയില് ആദ്യം രണ്ടു ലക്ഷം രൂപയും പിന്നീട് സ്വര്ണം പണയം വെച്ച് 2.30 ലക്ഷം രൂപയുമാണ് വീട്ടമ്മ ദമ്പതികള്ക്ക് നല്കിയത്. വീട്ടമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
ഉടന് തിരികെ നല്കാം എന്നായിരുന്നു വാഗ്ദാനം. എന്നാല് പണം നല്കാതെ വന്നപ്പോള് തിരികെ ചോദിച്ചതോടെ പ്രതികള് ഇവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില് പറയുന്നത്.
Business
ബാങ്ക് വായ്പയ്ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോൾ പലരും കേൾക്കുന്ന ഒന്നാണ്, "സിബിൽ സ്കോർ കുറവാണ്, ലോൺ നൽകാൻ കഴിയില്ല". എന്താണ് ഈ സിബിൽ സ്കോർ? ബാങ്കുകൾക്ക് മുന്നിൽ നിങ്ങളുടെ സാമ്പത്തിക അച്ചടക്കം തെളിയിക്കുന്ന റിപ്പോർട്ട് കാർഡാണ് ഈ മൂന്നക്ക സംഖ്യ. ഇത് എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ മെച്ചപ്പെടുത്താം എന്ന് നോക്കാം.
എന്താണ് സിബിൽ സ്കോർ?
ട്രാൻസ്യൂണിയൻ സിബിൽ (TransUnion CIBIL) നൽകുന്ന ഈ സ്കോർ 300 മുതൽ 900 വരെയാണ്. നിങ്ങൾ എടുത്ത വായ്പകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് ബാങ്കുകൾ നിരീക്ഷിക്കുന്നത് ഇതിലൂടെയാണ്. സ്കോർ 750-ന് മുകളിൽ ഉണ്ടെങ്കിൽ അത് മികച്ചതായി കണക്കാക്കുന്നു. ഓർക്കുക, സിബിൽ വായ്പ നൽകുന്നില്ല, നിങ്ങളുടെ 'ക്രെഡിറ്റ് യോഗ്യത' ബാങ്കുകൾക്ക് റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
സിബിൽ സ്കോർ സ്കോർ ഉയർന്നതാണെങ്കിൽ രണ്ട് പ്രധാന ഗുണങ്ങളുണ്ട്:
വേഗത്തിലുള്ള അംഗീകാരം: വായ്പകൾ വേഗത്തിൽ പാസാകുന്നു.
കുറഞ്ഞ പലിശ: സ്കോർ ഉയർന്നതാണെങ്കിൽ പല ബാങ്കുകളും വായ്പയ്ക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്.
ശ്രദ്ധിക്കുക: സിബിൽ സ്കോർ മാത്രം നോക്കിയല്ല ബാങ്കുകൾ വായ്പ നൽകുന്നത്. നിങ്ങളുടെ മാസവരുമാനവും നിലവിലെ തിരിച്ചടവ് ശേഷിയും കൂടി പരിശോധിച്ചാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്.
സ്കോർ മെച്ചപ്പെടുത്താനുള്ള ഗോൾഡൻ റൂൾസ്
കൃത്യസമയത്ത് തിരിച്ചടയ്ക്കുക: പേയ്മെന്റ് ചരിത്രമാണ് നിങ്ങളുടെ സ്കോറിന്റെ 35%-വും തീരുമാനിക്കുന്നത്.
ക്രെഡിറ്റ് യുട്ടിലൈസേഷൻ റേഷ്യോ (CUR): ക്രെഡിറ്റ് കാർഡ് ലിമിറ്റിന്റെ 30%-ത്തിൽ കൂടുതൽ തുക ഒരേസമയം ചെലവാക്കാതിരിക്കുക.
ക്രെഡിറ്റ് ഹംഗറി (Credit Hungry): ഒരേസമയം ഒരുപാട് ലോണുകൾക്കോ കാർഡുകൾക്കോ അപേക്ഷിക്കുന്നത് സ്കോർ കുറയ്ക്കും.
ഒരു തെറ്റിദ്ധാരണ തിരുത്താം - സ്വന്തം സിബിൽ സ്കോർ പരിശോധിച്ചാൽ സ്കോർ കുറയുമെന്നത് തെറ്റിദ്ധാരണയാണ്. അത് 'സോഫ്റ്റ് എൻക്വയറി' (Soft Enquiry) ആണ്, അത് സ്കോറിനെ ബാധിക്കില്ല. എന്നാൽ ബാങ്കുകൾ ലോണിനായി പരിശോധിക്കുന്നത് 'ഹാർഡ് എൻക്വയറി' (Hard Enquiry) ആണ്, അത് സ്കോറിൽ ചെറിയ മാറ്റങ്ങൾ വരുത്തിയേക്കാം. അതിനാൽ ധൈര്യമായി സ്വന്തം സ്കോർ ഇടയ്ക്കിടെ പരിശോധിക്കാം.
International
ലണ്ടൻ: തടവിൽ കഴിയുന്ന വിവാദ വജ്രവ്യാപാരിയും ഇന്ത്യൻ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയതുമായ നീരവ് മോദിക്ക് യുകെയിൽ പുതിയ നിയമപരമായ തിരിച്ചടി. ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയ വായ്പയുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 10.7 ദശലക്ഷം യുഎസ് ഡോളർ (100 കോടിയിലധികം രൂപ) തിരികെ നൽകാൻ ലണ്ടനിലെ സർക്യൂട്ട് കൊമേഴ്സ്യൽ കോടതി ഉത്തരവിട്ടു.
2012-ൽ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 'ഫയർസ്റ്റാർ ഡയമണ്ട് എഫ്ഇസഡ്ഇ' എന്ന ദുബായ് കമ്പനിക്ക് ബാങ്ക് ഓഫ് ഇന്ത്യ വായ്പ അനുവദിച്ചിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്ന് കാണിച്ച് 2012 ഓഗസ്റ്റിൽ നീരവ് മോദി ഒപ്പിട്ടുനൽകിയ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്.
വായ്പയുടെ അസ്സൽ തുകയായ 4.1 ദശലക്ഷം ഡോളറും (ഏകദേശം 38.9 കോടി രൂപ), ഇതിന്മേൽ ബാങ്ക് ഈടാക്കിയ പലിശയും ചേർത്താണ് മൊത്തം തുക 10.7 ദശലക്ഷം ഡോളറായി നിശ്ചയിച്ചത്.
തനിക്ക് ബാങ്കിൽ നിന്ന് ഡിമാൻഡ് നോട്ടീസുകൾ ലഭിച്ചിട്ടില്ലെന്നും വായ്പ റദ്ദാക്കിയ നടപടി നിയമപരമല്ലെന്നുമുള്ള നീരവ് മോദിയുടെ വാദങ്ങൾ കോടതി പൂർണമായും തള്ളി. നിലവിൽ ലണ്ടനിലെ തേംസൈഡ് ജയിലിൽ കഴിയുന്ന മോദിക്ക് ഒക്ടോബർ 2025-ലെ നോട്ടീസ് ജയിലിൽ വെച്ച് കൃത്യമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ജഡ്ജി സൈമൺ ടിങ്ക്ലർ ചൂണ്ടിക്കാട്ടി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപ തട്ടിയ കേസിൽ പ്രധാന പ്രതിയാണ് നീരവ് മോദി. 2018-ൽ ഈ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഫയർസ്റ്റാർ ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രത തകർന്നതും ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വായ്പ തിരിച്ചടവ് മുടങ്ങിയതും. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നിയമനടപടികൾക്കെതിരെ ലണ്ടൻ ജയിലിൽ കിടന്ന് നീരവ് മോദി പോരാടുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ സിവിൽ കേസിൽ ഈ പുതിയ കോടതി ഉത്തരവ് വന്നിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മറ്റു പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്കായി നടപ്പിലാക്കി വരുന്ന സ്വയംതൊഴിൽ വായ്പ, വിവാഹ ധനസഹായ വായ്പ, ഭവനനിർമാണ വായ്പ, വിദ്യാഭ്യാസ വായ്പ, വിവിധോദ്ദേശ്യ വായ്പ, തുടങ്ങിയ വായ്പാപദ്ധതികളിലേക്ക് അപേക്ഷിക്കാം.
സർക്കാർ സബ്സിഡി ലഭ്യമാകുന്ന പ്രവാസി സുരക്ഷ വായ്പ, ഇലക്ട്രിക്/സിഎൻജി വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഗ്രീൻവീൽ വായ്പ, സ്റ്റാർട്ട് അപ്പ് സ്വയംതൊഴിൽ വായ്പ, വിധവകൾക്കുള്ള പുനർജനി സ്വയംതൊഴിൽ വായ്പ തുടങ്ങിയ വായ്പാപദ്ധതികളിലേക്കുള്ള അപേക്ഷകളും ഇപ്പോൾ സമർപ്പിക്കാം.
www.ksbcdc.comലെ ’ജാലകം വായ്പാര ജിസ്ട്രേഷൻ’ ലിങ്ക് വഴി വായ്പകൾക്കുള്ള പ്രാഥമിക രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് : 0471 2577539, 2577540.
Business
മുംബൈ: റിസർവ് ബാങ്കിന്റെ പുതുക്കിയ വായ്പ തിരിച്ചുപിടിക്കൽ ചട്ടങ്ങൾ പ്രകാരം, മൊബൈൽ ഫോണ് ഫിനാൻസ് കന്പനികളുടെ മൊബൈൽ ലോക്ക് രീതികൾക്ക് കർശന നിയന്ത്രണങ്ങൾ വരും.
പുതുക്കിയ കരട് ചട്ടങ്ങൾ അനുസരിച്ച് കരാറിലെ വ്യക്തമായ മുൻകൂർ സമ്മതത്തോടെയും വായ്പ തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങുന്ന സാഹചര്യത്തിലും മാത്രമേ വായ്പ നൽകിയവർക്ക് ഫോണുകളുടെ പ്രവർത്തനം നിയന്ത്രിക്കാനാകൂ. എടുത്ത വായ്പ ഏത് മൊബൈൽ ഫോണ്/ടാബ്ലെറ്റ് വാങ്ങാനാണോ ഉപയോഗിച്ചത്, ആ ഉപകരണത്തിേൽ മാത്രമേ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധിക്കൂ. മറ്റ് വ്യക്തിഗത വായ്പകൾക്കോ ക്രെഡിറ്റ് കാർഡ് കുടിശികയ്ക്കോ വേണ്ടി ഫോണ് നിയന്ത്രിക്കാൻ പാടില്ല.
പുതിയ നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിർദേശങ്ങൾ പ്രകാരം ധനകാര്യ സ്ഥാപനങ്ങൾക്ക് ഇനിമുതൽ തോന്നിയതുപോലെ ഉപഭോക്താവിന്റെ ഫോണ് ബ്ലോക്ക് ചെയ്യാനാകില്ല. വായ്പ കരാറിൽ ഈ വിവരങ്ങളും പരാതി പരിഹാര മാർഗങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
സമയപരിധിയും നോട്ടീസും
കുടിശിക വരുത്തുന്ന ഉപഭോക്താക്കൾക്ക് തുക അടച്ചുതീർക്കാൻ കൃത്യമായ സമയപരിധിയും നോട്ടീസുകളും നൽകിയ ശേഷമേ നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ഉപകരണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാകൂ. മൊബൈൽ ഫോണ് വായ്പകൾ കുടിശികയായി 60 ദിവസം കഴിഞ്ഞാൽ ധനകാര്യ സ്ഥാപനം നോട്ടീസ് നൽകണം. തുടർന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കിൽ ഏഴു ദിവസത്തെ സമയപരിധി അനുവദിച്ച് രണ്ടാമത്തെ നോട്ടീസും നൽകണം. ഫോണ് ലോക്ക് ചെയ്യാൻ വായ്പാ കരാറിൽ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.
അവശ്യ സേവനങ്ങൾ, സ്വകാര്യത
ഇന്റർനെറ്റ്, ഇൻകമിംഗ് കോളുകൾ, എമർജൻസി എസ്ഒഎസ് സേവനങ്ങൾ, സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഫോണിൽ നിയന്ത്രിക്കാൻ പാടില്ല.
വായ്പയെടുത്ത ആളുടെ മൊബൈൽ ഫോണിലുള്ള യാതൊരുവിധ വ്യക്തിഗത വിവരങ്ങളും പരിശോധിക്കാനോ, ശേഖരിക്കാനോ, ഉപയോഗിക്കാനോ ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഒരു സാഹചര്യത്തിലും അവകാശമുണ്ടായിരിക്കില്ല.
അണ്ലോക്ക് ചെയ്തില്ലെങ്കിൽ പിഴ
കുടിശിക തുക ഉപഭോക്താവ് അടച്ചുതീർത്താൽ ഒരു മണിക്കൂറിനകം ഫോണിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കേണ്ടതുണ്ട്. വായ്പ പൂർണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ഫോണ് നിയന്ത്രിക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ പൂർണമായും അണ്ഇൻസ്റ്റാൾ ചെയ്യണം.
തെറ്റായ രീതിയിൽ ഫോണ് ബ്ലോക്ക് ചെയ്യുകയോ, പണം അടച്ചിട്ടും ഒരു മണിക്കൂറിനകം നിയന്ത്രണം മാറ്റാതിരിക്കുകയോ ചെയ്താൽ, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ നിരക്കിൽ ബാങ്കുകൾ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടിവരും. വായ്പ മുൻകൂട്ടി അടച്ചു തീർക്കാനുള്ള അവകാശവും ഉപഭോക്താവിനുണ്ടായിരിക്കും.
Business
സ്വർണം, വെള്ളിപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് നാളെ മുതൽ പൂർണ തോതിൽ നിലവിൽ വരും.
ആഗോള സാന്പത്തിക അനിശ്ചിതാവസ്ഥയും സ്വർണവിലയിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത് പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ ആറുമാസം സമയം നീട്ടി നൽകണമെന്ന് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കന്പനീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വലിയ തുകയുടെ വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വായ്പാ അനുപാതം നിശ്ചയിച്ചു. ബുള്ളറ്റ് (ഒറ്റത്തവണയായി മുതലും പലിശയും അടക്കമുള്ള ) തിരിച്ചടവ് വ്യവസ്ഥകൾ കർശനമാക്കി.
വായ്പ അടച്ചുതീർത്താൽ പണയ സ്വർണം ഉടനെ തിരികെ നൽകുന്നതിനും ഇതിനു താമസമുണ്ടായാൽ പിഴ ഈടാക്കാനും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്. സ്വർണ മൂല്യത്തിന്റെ എത്ര ശതമാനം വരെ വായ്പ (ലോണ് ടു വാല്യു) അനുവദിക്കാമെന്ന കാര്യത്തിലും ആർബിഐ നിർദേശമുണ്ട്.
ചെറുവായ്പകളിൽ വയ്ക്കുന്ന സ്വർണത്തിന് താരതമ്യേന ഉയർന്ന തുക വായ്പ ലഭിക്കും. എന്നാൽ, മൂല്യം കണക്കാക്കുന്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുന്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുന്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകും. ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വ്യവസ്ഥ ബാധകമാണ്.
പുതിയ മാറ്റങ്ങൾ
► 2.5 ലക്ഷം രൂപയിൽ താഴെ വരെ ക്രെഡിറ്റ് പരിശോധന ആവശ്യമില്ല: വ്യക്തിയുടെ തിരിച്ചടവുശേഷി അടക്കമുള്ള കാര്യങ്ങളിൽ ധനകാര്യസ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിലും 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് ഇളവ്.
► വായ്പ: സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവ് നൽകിയിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ മാത്രമേ വായ്പയായി നല്കാവൂ എന്നതായിരുന്നു കരട് മാർഗരേഖയിലെ വ്യവസ്ഥ. എന്നാൽ, പിന്നീടിത് 2.5 ലക്ഷം വരെയുള്ള വായ്പകൾക്ക് ഇത് 85 ശതമാനവും 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് 75 ശതമാനം വരെയും അനുവദിക്കും.
► തിരിച്ചടവ്: ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കർശനമാക്കി. വായ്പയെടുക്കുന്നവർ 12 മാസത്തിനുള്ളിൽ മുതലും പലിശയും നിർബന്ധമായും തിരിച്ചടച്ച് പണയവസ്തു എടുക്കണം. മുന്പു ചെയ്തിരുന്നതുപോലെ പലിശ മാത്രം അടച്ച് വായ്പ പുതുക്കി വയ്ക്കാൻ ഇനി കഴിയില്ല. 12 മാസത്തിനുള്ളിൽ മുതലും പലിശയും മുഴുവനായും തിരിച്ചടയ്ക്കണം.
► സ്വർണവും വെള്ളിയും: പരമാവധി ഒരു കിലോഗ്രാം സ്വർണാഭരണങ്ങളും 10 കിലോഗ്രാം വരെ വെള്ളി ആഭരണങ്ങളും മാത്രമേ വായ്പയ്ക്കായി പണയം വയ്ക്കാവൂ. സ്വർണനാണയമാണെങ്കിൽ 50 ഗ്രാമും വെള്ളിനാണയമാണെങ്കിൽ 500 ഗ്രാമുമാണ് പരിധി.
► സത്യവാങ്മൂലം നൽകണം: പണയം വയ്ക്കുന്നവർ പണയവസ്തുക്കൾ സ്വന്തമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
► പിഴ: പണയത്തുക തിരിച്ചടച്ചാൽ അന്നേ ദിവസമോ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിലോ പണയംവച്ച സ്വർണം തിരികെ നൽകണം. ഇതിൽ വീഴ്ചവരുത്തുന്ന ബാങ്കുകൾ പ്രതിദിനം 5,000 രൂപ വീതം പിഴ നൽകേണ്ടി വരും.
► മൂല്യ നിർണയം: മുൻദിവസത്തെ സ്വർണത്തിന്റെയോ വെള്ളിയുടെയോ ക്ലോസിംഗ് വിലയോ മുപ്പത് ദിവസത്തെ ശരാശരിയോ അടിസ്ഥാനമാക്കി വേണം മൂല്യം നിശ്ചയിക്കാൻ. സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യം മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ. കല്ലുകൾ, രത്നങ്ങൾ എന്നിവ ഒഴിവാക്കും.
► വായ്പകൾ കിട്ടാത്തവ: ആഭണങ്ങൾ, നാണയങ്ങൾ ഒഴികെയുള്ള അസംസ്കൃത സ്വർണം, വെള്ളി കട്ടികളോ പണയം വയ്ക്കാൻ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട സാന്പത്തിക ആസ്തികളായ ഇടിഎഫ്, മ്യൂച്ചൽ ഫണ്ട് എന്നിവയ്ക്ക് വായ്പ നൽകാൻ അനുവാദമില്ല.
► പരിശുദ്ധിയും തൂക്കവും കണക്കാക്കാൻ എല്ലാ ബാങ്ക് ശാഖകളും ഒരേ രീതിയിലുള്ള മാനദണ്ഡങ്ങൾ പാലിക്കണം. ഇതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പണയം വച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാര വ്യവസ്ഥയടക്കം ഉപയോക്താവിനെ അറിയിക്കണം. സ്വർണത്തിന്റെയോ വെള്ളിയുടെയോ മൂല്യം പരിശോധിക്കുന്ന സമയത്ത് വായ്പ എടുക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണം. ഇതിനുശേഷം ഇവയുടെ മൂല്യം, തൂക്കം ആഭരണങ്ങൾക്ക് തകരാറുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ചിത്രം എന്നിവ ചേർത്ത് സർട്ടിഫിക്കറ്റ് ഉപയോക്താവിന് നല്കണം.
► സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യ നിർണയരീതി, ലേല വ്യവസ്ഥകൾ, സ്വർണം മടക്കി നൽകുന്നതിനുള്ള സമയപരിധി ഇക്കാര്യങ്ങൾ ഇടപാടുകാരന് നൽകുന്ന വായ്പാകരാറിൽ വ്യക്തമാക്കിയിരിക്കണം. വിശദാംശങ്ങളെല്ലാം വായ്പ എടുത്ത ആൾക്ക് മനസിലാകുന്ന ഭാഷയിൽ തയാറാക്കി നല്കുകയും വേണം.
► തിരിച്ചടവ് മുടങ്ങിയാൽ ലേല നടപടി: പണയ സ്വർണം ലേലം ചെയ്യുന്നതിന് മുന്പ് ഉപഭോക്താവിനെ ചട്ടപ്രകാരം അറിയിപ്പ് നൽകണം. ലേലത്തിനു പോകും മുന്പ് വായ്പ എടുത്ത വ്യക്തിക്ക് ആവശ്യത്തിനു സമയം നൽകണം.
► ലേലത്തിനുള്ള മിനിമം തുക വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലും റിസർവ് തുകയായി നിലനിർത്തണം. വിജയകരമല്ലാത്ത രണ്ട് ലേലങ്ങൾക്ക് ശേഷം ഇത് 85 ശതമാനമാക്കാം. ലേലം ചെയ്ത് കിട്ടുന്ന തുകയിൽ വായ്പാതിരിച്ചടവിന് ശേഷം ബാക്കിവരുന്നത് ഏഴ് ദിവസത്തിനുള്ളിൽ ഉപയോക്താവിന് മടക്കിനൽകുകയും വേണം.
ആദ്യ ലേലം അതേ ജില്ലയിൽ നടത്തണം. അത് പരാജയപ്പെട്ടാൽ സമീപ ജില്ലകളിലോ ഓൺലൈൻ ആയോ ലേലം ചെയ്യണം.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വനത്തിനുള്ളിൽ ഫലവൃക്ഷങ്ങളടങ്ങിയ സ്വാഭാവിക വനം വച്ചുപിടിപ്പിക്കാനും കുളങ്ങൾ കുഴിച്ചു ജല ലഭ്യത ഉറപ്പാക്കാനുമായി ജർമൻ ബാങ്കിൽ നിന്നു വായ്പ എടുക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.
കാട്ടാന അടക്കം നാട്ടിലിറങ്ങുന്നതു തടയാൻ കാട്ടിനുള്ളിൽ തന്നെ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും കുളങ്ങൾ കുഴിച്ചും ആഹാര പദാർഥങ്ങളും വെള്ളവും ഒരുക്കിയും കാട്ടുമൃഗങ്ങളെ നാട്ടിലിറങ്ങുന്നതു തടയാനുള്ള പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
ഇതിനായി ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യു വികസന ബാങ്കിൽ നിന്ന് കേന്ദ്രസർക്കാർ വഴി 511.5 കോടി രൂപയുടെ വായ്പയെടുക്കാനാണ് അനുമതി നൽകിയത്.
അക്കേഷ്യ അടക്കമുള്ള വിദേശ വൃക്ഷങ്ങൾ വെട്ടിമാറ്റി, പ്ലാവും മാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കും. ചന്ദനം, തേക്ക്, ഈട്ടി അടക്കമുള്ളവയും വച്ചു പിടിപ്പിക്കും.
ആദിവാസി വിഭാഗങ്ങളുടെ സേവനം കൂടി ലഭ്യമാക്കി പങ്കാളിത്ത വനപരിപാലനം എന്ന മാതൃകയിലാകും പദ്ധതി നടപ്പാക്കുക. ഇതോടൊപ്പം സോളാർ ഫെൻസിംഗ് അടക്കമുള്ളവയും സ്ഥാപിക്കും. 2.5 ശതമാനം പലിശ മാത്രമാണ് ജർമൻ ബാങ്ക് ഈടാക്കുക. ഏഴു വർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. ആവശ്യമെങ്കിൽ അഞ്ചു വർഷം കൂടി നീട്ടാം.
511.5 കോടിയുടെ പദ്ധതിയിൽ 409.2 കോടി ജർമ്മൻ ബാങ്ക് നൽകും. 102.3 കോടി സംസ്ഥാനം വഹിക്കണം. കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാകും പദ്ധതി നടപ്പാക്കുക.
Special News
ദൈവസന്നിധിയിൽ സന്പന്നനാവുക, ദൈവത്തിനു കടം കൊടുക്കുക തുടങ്ങിയ മഹാസുവിശേഷ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രസക്തമാകുന്ന വേളയാണ് നോന്പുകാലം. ലൂക്കാ 12:21ലും സുഭാഷിതം 19:17ലുമാണ് ഈ വചനങ്ങൾ നാം വായിക്കുക. ദരിദ്രനോടു കാണിക്കുന്ന കരുണ ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണ് - സുഭാഷിതങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതിമനോഹര വെളിപാട്. ഈ സുഭാഷിതത്തിനൊപ്പം നല്ല സമരിയക്കാരന്റെ കഥയിലെ ചില ഭാഗങ്ങൾകൂടി ചേർത്തുവച്ചാൽ ചേരുംപടി ചേർത്തപോലെയാകും.
►ശത്രുതയുടെ മതിലുകൾ◄
നല്ല സമരിയക്കാരന്റെ കഥയിൽ കള്ളന്മാരാൽ ക്രൂരമർദനമേറ്റ് വഴിയരികിൽ മൃതപ്രായനായി കിടക്കുന്ന യഹൂദനെ ഒടുവിൽ സഹായിക്കുന്നത് ഒരു സമരിയാക്കാരനാണ്. ശത്രു എന്നു യഹൂദൻ കരുതിയിരുന്നതിനാൽ എല്ലാ കാര്യങ്ങളിൽനിന്നും അകറ്റപ്പെട്ടിരുന്ന സമരിയാക്കാരൻ. ഈശോ ശത്രുതയുടെ മതിൽ തകർത്തു എന്നു വചനത്തിലുണ്ട്. അവന്റെ കുരിശുമരണത്തെക്കുറിച്ചാണ് അങ്ങനെ പറയുന്നതെങ്കിലും ക്രിസ്തുവിന്റെ വചനങ്ങളിൽ പലതും ശത്രുതയുടെ മതിലുകൾ തകർക്കുന്നവയാണ്. എന്നാൽ, ആരാണ് ശത്രു ആരാണ് മിത്രം എന്നു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് നല്ല സമരിയക്കാരന്റെ കഥ അവസാനിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ സുഭാഷിതത്തിലെ വചനത്തിനു സമാന്തരമാവുകയാണ് സമരിയക്കാരൻ.
മൃതപ്രായനായ യഹൂദനെ സ്വന്തം കഴുതയുടെ പുറത്തുകയറ്റി സ്വന്തം ചെലവിൽ സത്രത്തിൽ കൊണ്ടുപോയി അയാൾ പരിചരിക്കുന്നു. സ്നേഹം ശത്രുതയെ മറക്കുന്നതും മറ്റുള്ളവർക്കുവേണ്ടി സന്പത്തും സമയവും ചെലവഴിക്കുന്നതുമാണ്. അതാണ് ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്. നോന്പ് നമ്മുടെ മനുഷ്യത്വത്തെ സുവിശേഷ വിഹിതമായി ശുദ്ധീകരിക്കുന്ന സമയമാണ്. സത്രത്തിൽ ഏൽപ്പിച്ച ശേഷം സമരിയക്കാരൻ പറയുന്ന ഒരു വാക്കുണ്ട്, “ഇവന്റെ കാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. എന്തെങ്കിലും കൂടുതൽ ചെലവാകുന്നുണ്ടെങ്കിൽ ഞാൻ തിരികെ വരുന്പോൾ തന്നുകൊള്ളാം''. ആ കഥയിൽ തിരിച്ചുവരുന്ന നല്ല സമരിയാക്കാരൻ യേശുവിന്റെ രണ്ടാം വരവിന്റെ പ്രതീകമാണ്. താൻ തിരിച്ചുവരുന്നതുവരെ താൻ ഏൽപ്പിച്ചു പോയ അപരനോടു ശ്രദ്ധയുണ്ടാകണമെന്നു പറയുന്നത് തിരിച്ചുവരാനിരിക്കുന്ന ക്രിസ്തുവാണ്. നമ്മളുമായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും അവശതയുള്ള മനുഷ്യന്റെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നുള്ള സുവിശേഷത്തിന്റെ സഹജീവി പ്രതിബദ്ധത വിസ്മയകരമാണ്. അതുകൊണ്ടാണ് അതു ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണെന്നു പറയുന്നത്.
►കടം വീട്ടാൻ വരുന്നവൻ◄
ആ വാക്കു കേട്ട് നാം അവശർക്കുവേണ്ടി ചെലവാക്കുന്നത്, കൃപയായി തന്നു വീട്ടുകയാണ് അവൻ വീണ്ടും വരുന്നതിന്റെ ഒരു ലക്ഷ്യം. പ്രത്യേകിച്ച് ഈ നോന്പുകാലത്തു ചില വ്യക്തികളെ ഏറ്റെടുക്കുന്നതിന്റെ പേരിൽ ചിലർക്കു കൂടുതൽ ചെലവാകാറുണ്ട്. മക്കളില്ലാത്ത ദന്പതികളുണ്ടാകാം. ചിലർ പങ്കാളികളിൽനിന്ന് അതിന്റെ പേരിൽ പിരിഞ്ഞുപോകുന്നതും കാണാം. ചിലർ പിരിഞ്ഞുപോകാതെ ആ കുറവുകളെ ഏറ്റെടുത്തു മരണം വരെ കൂടെ ജീവിക്കും. അപ്പോഴെല്ലാം ഒരാളുടെ പക്കൽനിന്നു കൂടുതൽ ചെലവാകുന്നു. അതുപോലെയാണ് മാതാപിതാക്കളെ അവരുടെ അവശതയിലും രോഗത്തിലും പരിചരിക്കുന്നവർ, ചിലപ്പോൾ ശൈശവത്തിൽ അവർ നമ്മളെ പരിചരിച്ചതിനേക്കാൾ കൂടുതൽ. അപ്പോഴെല്ലാം ഈശോ പറഞ്ഞതുപോലെ കൂടുതൽ ചെലവാക്കുകയാണ്.
അർധപ്രാണരെ പരിചരിക്കുന്നവർക്ക് എപ്പോഴായാലും കൂടുതൽ ചെലവാകും. ഓട്ടിസം ഉള്ള കുഞ്ഞാണ് ജനിച്ചതെങ്കിൽ അതിന്റെ മാതാപിതാക്കൾക്കു കൂടുതൽ ചെലവാകും. അവരുടെ പരിചരണം, ഉറക്കം, സുരക്ഷിതത്വം, സമാധാനം ഇതിനെല്ലാം കൂടുതൽ ചെലവാകുന്പോൾ ഓർക്കണം, "ദൈവപൈതലേ ഇതെല്ലാം ഞാൻ തിരിച്ചുവരുന്പോൾ മടക്കിത്തരാം, കാരണം നീ എനിക്കു തരുന്ന കടങ്ങളാണിതെല്ലാം'. ഇങ്ങനെ ചെലവാക്കുമ്പോഴെല്ലാം തിരിച്ചുവരുന്പോൾ തരാം എന്നുള്ള വചനംകൂടി ധ്യാനിച്ച് ഈ നോന്പ് ഫലദായകമാക്കാം.
Education
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും.
അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ നൽകിയിട്ടുള്ള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടണം.