തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വനത്തിനുള്ളിൽ ഫലവൃക്ഷങ്ങളടങ്ങിയ സ്വാഭാവിക വനം വച്ചുപിടിപ്പിക്കാനും കുളങ്ങൾ കുഴിച്ചു ജല ലഭ്യത ഉറപ്പാക്കാനുമായി ജർമൻ ബാങ്കിൽ നിന്നു വായ്പ എടുക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.
കാട്ടാന അടക്കം നാട്ടിലിറങ്ങുന്നതു തടയാൻ കാട്ടിനുള്ളിൽ തന്നെ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും കുളങ്ങൾ കുഴിച്ചും ആഹാര പദാർഥങ്ങളും വെള്ളവും ഒരുക്കിയും കാട്ടുമൃഗങ്ങളെ നാട്ടിലിറങ്ങുന്നതു തടയാനുള്ള പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
ഇതിനായി ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യു വികസന ബാങ്കിൽ നിന്ന് കേന്ദ്രസർക്കാർ വഴി 511.5 കോടി രൂപയുടെ വായ്പയെടുക്കാനാണ് അനുമതി നൽകിയത്.
അക്കേഷ്യ അടക്കമുള്ള വിദേശ വൃക്ഷങ്ങൾ വെട്ടിമാറ്റി, പ്ലാവും മാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കും. ചന്ദനം, തേക്ക്, ഈട്ടി അടക്കമുള്ളവയും വച്ചു പിടിപ്പിക്കും.
ആദിവാസി വിഭാഗങ്ങളുടെ സേവനം കൂടി ലഭ്യമാക്കി പങ്കാളിത്ത വനപരിപാലനം എന്ന മാതൃകയിലാകും പദ്ധതി നടപ്പാക്കുക. ഇതോടൊപ്പം സോളാർ ഫെൻസിംഗ് അടക്കമുള്ളവയും സ്ഥാപിക്കും. 2.5 ശതമാനം പലിശ മാത്രമാണ് ജർമൻ ബാങ്ക് ഈടാക്കുക. ഏഴു വർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. ആവശ്യമെങ്കിൽ അഞ്ചു വർഷം കൂടി നീട്ടാം.
511.5 കോടിയുടെ പദ്ധതിയിൽ 409.2 കോടി ജർമ്മൻ ബാങ്ക് നൽകും. 102.3 കോടി സംസ്ഥാനം വഹിക്കണം. കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാകും പദ്ധതി നടപ്പാക്കുക.
Tags : Jackfruit mangoes wildlife loan German bank