സിബിൻ
പെരിന്തൽമണ്ണ: എടപ്പാളിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സതേടിയ യുവാവിൽ നിന്ന് 21.42 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിൻ (25) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി എടപ്പാളിലായിരുന്നു സംഭവം. ബൈക്കപകടത്തിൽ പരിക്കേറ്റ സിബിനെ ആദ്യം എടപ്പാളിലെ ക്ലിനിക്കിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റിൽ മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ ഉടൻതന്നെ പെരിന്തൽമണ്ണ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലിസെത്തി നടത്തിയ വിശദമായ പരിശോധനയിൽ 21.42 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രതിയെ റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്ഐമാരായ അനീഷ്, രാമചന്ദ്രൻ, സിപിഒ സുധീഷ്, ഹാമിർ സുഹൈൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : MDMA BikeAccident Arrest