കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ഉണ്ടായപ്പോൾ.
റിയാദ്: സൗദി അറേബ്യയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ആശങ്ക ശക്തമായിരിക്കുകയാണ്.
അതേസമയം, ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയ്ക്ക് പിന്തുണയുമായി ഫ്രാൻസും ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്. യെമനിലെ ഹൂതി വിമതരും സൗദി പിന്തുണയുള്ള സർക്കാരും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
അതേസമയം ഷൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടിരുന്നു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികൾ മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Tags : Houthi Attack on Saudi Airport; SaudiArabia HouthiAttack DammamAirport KingFahdInternationalAirport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash