നിർമല സീതാരാമൻ, പരകാല പ്രഭാകർ
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ പരകാല പ്രഭാകർ, വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെയും (എസ്ഐആർ) മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൽ അണിനിരക്കും. ഒക്ടോബർ 23-ന് ഡൽഹിയിൽ നടക്കുന്ന വൻ ജനകീയ മാർച്ചിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
വിവിധ ജനകീയ സംഘടനകളുടെ സംയുക്ത വേദിയായ 'പീപ്പിൾ എഗൈൻസ്റ്റ് എസ്ഐആർ' ആണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. "ഓരോ കൈകളിലും ത്രിവർണ പതാക, ഓരോ തെരുവിലും ജന്തർ മന്തർ" (ഹർ ഹാത്ത് മേം തിരംഗ, ഹർ ഗലീ മേം ജന്തർ മന്തർ) എന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യം.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ, തുഷാർ ഗാന്ധി തുടങ്ങിയവരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് പൗരത്വത്തിന് മേലുള്ള രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്ന് പരകല പ്രഭാകർ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നയങ്ങൾക്കെതിരെ നേരിട്ട് തെരുവിലിറങ്ങുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Tags : NirmalaSitaraman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash