പഴയകാലത്തിന്റെ മനോഹാരിതയും ആനവണ്ടിയുടെ പ്രൗഢിയും ഇഴചേർത്ത് കെഎസ്ആർടിസി പുതിയൊരു യാത്രാവിരുന്ന് ഒരുക്കുന്നു. എഴുപതുകളിലെയും എൺപതുകളിലെയും നിരത്തുകളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രൂപമാറ്റം വരുത്തിയ 'വിന്റേജ്' ബസ് യാത്രാ സജ്ജമായിക്കഴിഞ്ഞു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം നിർമ്മിച്ച ഈ വാഹനം കവടിയാർ കൊട്ടാരത്തിന് മുന്നിൽ വെച്ച് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. നഗരക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കായിട്ടായിരിക്കും ഈ ബസ് പ്രധാനമായും ഉപയോഗിക്കുക.
വട്ടത്തിലുള്ള ഹെഡ്ലൈറ്റുകളും മധ്യഭാഗത്ത് വിഭജിച്ച മുൻവശത്തെ വിൻഡ്ഷീൽഡും പഴയകാല ബസുകളുടെ അതേ രൂപഘടനയിലാണ് പുനർനിർമ്മിച്ചിരിക്കുന്നത്. 2013 മോഡൽ അശോക് ലൈലാൻഡ് ബസിന്റെ ഷാസിയിലാണ് ഈ ആധുനിക വിന്റേജ് വിസ്മയം ഒരുക്കിയിരിക്കുന്നത്.
ഉള്ളിലെ പ്രകാശസംവിധാനങ്ങളും പഴയ മാതൃകയിലുള്ള ഷട്ടർ വിൻഡോകളും യാത്രക്കാരെ നാല് പതിറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോകുന്ന അനുഭവമാകും സമ്മാനിക്കുക. 52 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ഈ ബസ് വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി.
കവടിയാർ മുതൽ തമ്പാനൂർ വരെ മന്ത്രി തന്നെ ബസ് ഓടിച്ചതും ഇന്നത്തെ ചടങ്ങിന്റെ പ്രത്യേകതയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ ഇപ്പോഴും സർവീസിലുള്ള ഏറ്റവും പഴയ വാഹനം ചാലക്കുടി ഡിപ്പോയിലെ KLX 109 എന്ന രജിസ്ട്രേഷൻ നമ്പറുള്ള വാനാണ്.
1973-ൽ സർവീസ് ആരംഭിച്ച ഈ വാഹനം ആദ്യകാലത്ത് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ ടി-682 എന്ന നമ്പറിലായിരുന്നു ഓടിയിരുന്നത്.
പിന്നീട് 1978-ൽ ചാലക്കുടിയിലേക്ക് മാറ്റിയ ഈ വാഹനം ഇന്നും അവിടെ ഡിപ്പോ വാനായി സജീവമായി നിലകൊള്ളുന്നു. ഈ പാരമ്പര്യത്തിന്റെ തുടർച്ചയെന്നോണമാണ് പുതിയ വിന്റേജ് ബസും നിരത്തിലിറങ്ങുന്നത്.