District News
തൊടുപുഴ: അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടര് യാത്രക്കാരന് മരിച്ച സംഭവത്തില് അപകടമുണ്ടാക്കിയ കാര് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് വാഹനം ഓടിച്ച ഉടമയെയും അറസ്റ്റ്ചെയ്തു. അപകടത്തിനു ശേഷം നിര്ത്താതെ പോയ കാര് ഒട്ടേറെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച ശേഷമാണ് പോലീസിന് കണ്ടെത്താനായത്. പുറപ്പുഴ നെടിയശാല ഒഴുകയില് അനില് തോമസ് (36) ആണ് പിടിയിലായത്.
കള്ളുഷാപ്പ് ജീവനക്കാരനായ ഇയാള് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് തൊടുപഴ ഹൈറേഞ്ച് ഹോട്ടലിനു സമീപം അപകടമുണ്ടായത്. ആരക്കുഴ കുന്നപ്പിള്ളില് കുര്യന്റെ മകന് ബെന്നി (52) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തില് മരിച്ചത്.
തൊടുപുഴ കെഎസ്ആര്ടിസി സ്റ്റാന്ഡിനു സമീപത്തെ ഹോട്ടലില് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തില് മടങ്ങുമ്പോള് നിയന്ത്രണംവിട്ടു വന്ന കാര് ഇടിച്ചു തെറിപ്പിക്കുയായിരുന്നു. തുടർന്ന് മൂന്നോളം വാഹനങ്ങളില് ഇടിച്ച ശേഷം കാര് അമിത വേഗതയില് നിര്ത്താതെ ഓടിച്ചു പോവുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്ന്ന് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇടിച്ച വാഹനം കണ്ടെത്താനായി സമീപത്തെ സ്ഥാപനങ്ങളിലെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള് പോലീസ് ശേഖരിച്ച ശേഷം വിശദ പരിശോധനയ്ക്കൊടുവിലാണ് അനിലിന്റെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിയാനായത്. പോലീസ് തെരയുന്നതറിഞ്ഞ ഉടമ വാഹനം കാഞ്ഞാറിലുള്ള സുഹൃത്തിന്റെ വീട്ടില് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കാര് കസ്റ്റഡിയിലെടുത്തത്.
കാറിടിച്ചു തകര്ന്ന മറ്റു വാഹനങ്ങളുടെ ഉടമകളില്നിന്നു മൊഴിയെടുത്ത് കേസില് സാക്ഷികളാക്കുമെന്ന് തൊടുപുഴ എസ്എച്ച്ഒ സിജോ വര്ഗീസ് പറഞ്ഞു. അനില് തോമസിനെയും വാഹനവും കോടതിയില് ഹാജരാക്കും.
National
ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ആശുപത്രിയിൽ രോഗിയെ മർദിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. റായ്ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് അധികൃതർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിനായി മൂന്നംഗസമിതിയെയും ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. പത്തുതവണയോളം ജീവനക്കാരി രോഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോഗിയാണെന്നും വിവരങ്ങളുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവനക്കാരിക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയർന്നു. ഇതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. തുടർന്നാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ജീവനക്കാർ നല്ല രീതിയിൽ പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഉണ്ടായ വീഴ്ചയിൽ കർശന നടപടിയുമായി വനിത ശിശു വികസനമന്ത്രി ബിന്ദു കൃഷ്ണ. കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന താത്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന് പുറത്താക്കാൻ മന്ത്രി അടിയന്തര നിർദേശം നൽകി.
വനിത ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി ഐഎഎസിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മേയ് 23-നാണ് രണ്ടാനച്ഛൻ അഷ്കറിന്റെ മർദനമേറ്റ് ഒന്നര വയസുകാരൻ കൊല്ലപ്പെട്ടത്.
മേയ് മൂന്നിന് കുട്ടിയുടെ അമ്മയുടെ അമ്മ റീന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വിളിച്ച് സഹായം തേടിയിരുന്നു. കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇത് നിസാരമായി തള്ളിക്കളയുകയായിരുന്നു. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് അമ്മൂമ്മ ആവശ്യപ്പെട്ടെങ്കിലും അതിന് മാർഗമില്ലെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് ജീവനക്കാരൻ ഒഴിഞ്ഞുമാറി.
പരാതി പരിഹരിക്കുന്നതിന് പകരം റീന എന്തൊക്കെയോ കാര്യങ്ങൾ മറച്ചുവക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന ജീവനക്കാരന്റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച് കടത്തിയ പൊതുമേഖലാ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹർസിദ്ധ കഡിയാറയാണ് പിടിയിലായത്.
ആർബിഐയിൽ നിന്ന് മോഷ്ടിച്ച പണം പ്രതി സ്വത്തുവകകളിലേക്കും ക്രിപ്റ്റോ കറൻസിയിലേക്കും മാറ്റി. പുതിയ നോട്ടുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആർബിഐയുടെ സുരക്ഷിത സംഭരണ സംവിധാനമാണ് ചെസ്റ്റ്.
ജനുവരി 13 നാണ് ഇയാൾ പണം കടത്തിയത്. പണം കടത്താൻ അന്ന് ഹർസിദ്ധക്കൊപ്പം രണ്ട് കരാർ തൊഴിലാളികളും ഉണ്ടായിരുന്നു. പണം മോഷ്ടിച്ചത് പിടിക്കപ്പെടാതിരിക്കാൻ മെയ് 20 വരെ ഇയാൾ ജോലിക്കെത്തി. പിന്നീട് ദീർഘകാല അവധിയെടുക്കുകയായിരുന്നു. ഓഡിറ്റിനായി അധികൃതർ എത്തിയപ്പോഴാണ് പണം നഷ്ടമായെന്ന വിവരമറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഹർസിദ്ധയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം. പ്രതി മെയ് 27 വരെ പോലീസ് കസ്റ്റഡിയിൽ തുടരും.
National
ബംഗളൂരു: ബംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജ്കുമാർ (47) എന്ന ജീവനക്കാരനാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യൂ ഇന്സ്പെക്ടര് ധന്യ ജയറാമിനാണ് പരിക്കേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയതായിരുന്നു സ്ത്രീ.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയിൽപ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.
ഓഫീസിലെ ഫയലുകൾ ഇവർ വലിച്ചെറിയുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകൾക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി. പണമിടപാടിൽ മധ്യസ്ഥത വഹിക്കാൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് പരാതി.
അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാധരന്റെ പരാതിയിൽ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറി എൻ.എം. അരുൺ പ്രസാദിനെതിരെ പോലീസ് കേസെടുത്തു.
അരുൺ വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഇനിയും മർദിക്കുമെന്ന് പറയുന്നതുമായ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.
National
ഹൈദരാബാദ്: ഫർണിച്ചർ കടയിലെ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കടയിലെ മുൻ ജീവനക്കാരനായ സയ്യിദ് മസർ (40) ആണ് പിടിയിലായത്. അതെ കടയിലെ ജീവനക്കാരനായ അസീസിനെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്.
കടയിലെ സിസിടിവി കാമറയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തറയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അസീസിനെ സയ്യിദ് കത്തികൊണ്ട് കുത്തുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ അസീസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുറച്ച് മാസങ്ങൾക്ക് മുന്പ് സയ്യിദിനെ ഫർണിച്ചർ കടയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾക്ക് പകരമായിരുന്നു അസീസ് ജോലിയിൽ പ്രവേശിച്ചത്. ഇതേ തുടർന്നുള്ള പ്രതികാരത്താൽ ഇയാൾ മുന്പും അസീസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പിന്നീടിത് കൊലപാതക ശ്രമത്തിലേയ്ക്ക് നയിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് സയ്യിദിനെ അറസ്റ്റ് ചെയ്തു.
Kerala
ഇടുക്കി: ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിൻ, ജോസി മാത്യു എന്നിവരാണ് അറസ്റ്റിലായത്. മർദനത്തിൽ പരിക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് ഉടുമ്പൻചോല കുടുംബ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദനമേറ്റത്. ആശുപത്രിയിലെത്തിയ ഇവർ രണ്ട് പേരും ആക്രമണം നടത്തുകയായിരുന്നു. ശുചീകരണ തൊഴിലാളികളായ ജീവനക്കാർക്ക് നേരെ അതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
ഇതിൽ ഒരു ജീവനക്കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റതിന് പിന്നാലെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം കണ്ട് എത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത്. പോലീസ് ഉടൻ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
District News
അന്തിക്കാട്: ഇലക്ഷൻ സംബബന്ധമായ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കളക്ടറേറ്റിലെ റവന്യു വകുപ്പ് ജീവനക്കാരൻ ബൈക്കപകടത്തിൽ മരിച്ചു. പടിയം കൊട്ടാരപ്പറമ്പ് ചിറാക്കോലി വിജയൻ മകൻ വിജിത്ത് (കുട്ടാരു - 38) ആണ് മരിച്ചത്.
കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായ വിജിത്ത് ജോലി കഴിഞ്ഞ് അർധരാത്രി കേച്ചേരി ഭാഗത്തുള്ള ഭാര്യ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് റോഡരികിലെ കാനയിൽ വീണ നിലയിൽ കണ്ടെത്തിയത്.
അതുവഴി വന്ന ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ഭാര്യ: നീതു.(സുധർമ്മ ലാബ്, തൃശൂർ). മക്കൾ: ദേവനീത്, നിള. മാതാവ്: ലത (മഹിള പ്രധാൻ ഏജന്റ്).
Kerala
തിരുവനന്തപുരം: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കിനെ റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊഞ്ചിറ നാലുമുക്ക് ചെറക്കോണം നിഷമൻസിലിൽ ഷിഹാബുദീൻ (53) ആണ് മരിച്ചത്.
വീടിന് സമീപത്തെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും വഴിയിൽ നിന്നും ഷിഹാബുദീന്റെ ബൈക്കും കണ്ടെടുത്തു.
പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫൊറൻസിക് ഉദ്യോഗസ്ഥരും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന.
Kerala
തിരുവനന്തപുരം: എംഡിഎംഎ കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ സീനിയർ സൂപ്രണ്ട് നജീബ് ഖാനെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
മുൻ സന്തോഷ് ട്രോഫി താരം കൂടിയായ നജീബ് ഖാനിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.
Kerala
ആലപ്പുഴ: ചമ്പക്കുളത്ത് വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച സംഭവത്തിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ. തകഴി ചെറയകം സ്വദേശി കെ. അഭിലാഷ് (40) ആണ് അറസ്റ്റിലായത്.
നെടുമുടി പോലീസാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 21-ന് അർജന്റിനയിൽ നിന്നുള്ള 15 അംഗ വിനോദ സഞ്ചാര സംഘം ചമ്പക്കുളത്തെ റിസോർട്ടിൽ താമസിക്കാനെത്തിയിരുന്നു. ഇവർ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ പോയ സമയം നോക്കി, സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫ് ചെയ്ത ശേഷമാണ് അഭിലാഷ് മുറിയിൽ കടന്ന് പണം അപഹരിച്ചത്.
വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളറാണ് ഇയാൾ മോഷ്ടിച്ചത്.പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ വിനോദ സഞ്ചാരികൾ നെടുമുടി സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്തതിൽ അഭിലാഷിന്റെ മൊഴികളിലെ വൈരുധ്യം പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച ശേഷം ഒളിപ്പിച്ചു വച്ചിരുന്ന പണം പോലീസ് സുരക്ഷിതമായി വീണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കോട്ടയം: സംസ്ഥാന സര്ക്കാര് വിവിധ തൊഴില് മേഖലകളില് മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്ക്കായി ഏര്പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരങ്ങളില് ആരോഗ്യരംഗത്തെ പുരസ്കാരത്തിനു കാരിത്താസ് ആശുപത്രിയിലെ സി.ആര്. രവ്യ അര്ഹയായി. പുരസ്കാരം ലഭിച്ച സി.ആര്. രവ്യയെ കാരിത്താസ് ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില് ആദരിച്ചു.
13 വര്ഷമായി കാരിത്താസ് ആശുപത്രിയില് ജോലിചെയ്യുകയാണ് രവ്യ. ഓങ്കോളജി, ഇന്ഫെക്ഷന് പ്രിവന്ഷന് ആന്ഡ് കണ്ട്രോള്, ഐവിഡി ഇന്സെര്ഷന് വിഭാഗങ്ങളിലായാണ് രവ്യ ജോലി ചെയ്യുന്നത്. രവ്യയുടെ നേട്ടം അങ്ങേയറ്റം അഭിനന്ദനമര്ഹിക്കുന്നതാണെന്നും ഏവര്ക്കും പ്രചോദനമാകുമെന്നും കാരിത്താസ് ആശുപത്രി ഡയറക്ടര് റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കത്ത് അയച്ചത് ജീവനക്കാരുടെ സ്വകാര്യതാ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അവരുടെ സമ്മതമില്ലാതെ ചെയ്തതിനാൽ മുഖ്യമന്തിക്കും ഉദ്യോഗസ്ഥർക്കുമെതിരേ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യതാ നിയമത്തെ സർക്കാർ തന്നെ ലംഘിച്ചിരിക്കുകയാണ്. മുമ്പ് സ്പ്രിംഗ്ളർ കേസിലും ഇതുതന്നെയായിരുന്നു. ഔദ്യോഗിക കാര്യത്തിനുള്ള സ്വകാര്യ ഡേറ്റ തെരത്തെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ്. പോലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് അതിനു മുൻകൈ എടുക്കും.
ആരോഗ്യരംഗം പൂർണമായി തകർത്ത മന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കുന്നതാണ് ഭേദമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
NRI
നോർത്ത് കരോളിന: നോർത്ത് കരോളിനയിലെ ഷാർലറ്റിൽ ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരിയെ ജോലി സ്ഥലത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 20 വർഷമായി ബാങ്ക് ഓഫ് അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഇന മിഷേൽ ലാംഗ് (50) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ശാഖയ്ക്ക് പുറത്ത് സിഗരറ്റ് വലിക്കാനായി (Smoke break) ഇറങ്ങിയ സമയത്താണ് ഇനയ്ക്ക് നേരെ ആക്രമണമുണ്ടായതെന്ന് കുടുംബം കരുതുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സാം ഓൺ ആൻഡ്രൂ സ്മിത്ത് (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ കുറ്റം ചുമത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും ഇനയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അഞ്ച് മക്കളുടെ അമ്മയായ ഇനയെ ബാങ്കിലെ സഹപ്രവർത്തകർ സ്നേഹനിധിയായ ഒരു വ്യക്തിയായാണ് വിശേഷിപ്പിച്ചത്. അവരുടെ സംസ്കാര ചടങ്ങുകൾക്കായി സഹപ്രവർത്തകർ 'GoFundMe' വഴി പണം സമാഹരിക്കുന്നുണ്ട്.പ്രതി നിലവിൽ മെക്ലെൻബർഗ് കൗണ്ടി ജയിലിൽ റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
District News
തൃപ്പൂണിത്തുറ: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിൽപെട്ട് കോടികൾ നഷ്ടമായ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്.
പുലർച്ചെ 4.45നും 5.15നുമിടയിൽ കടന്നുപോയ ട്രെയിൻ തട്ടുകയായിരുന്നുവെന്ന് പറയുന്നു. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. ഒരു വർഷം മുമ്പ് വ്യാജ ട്രേഡിംഗിൽപ്പെട്ട് മൂന്ന് കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായിരുന്നു. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. മൂന്നാഴ്ചയ്ക്കുള്ളിലായിരുന്നു മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് സൈബർ പോലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ടതിന് പിന്നാലെ ഒരു മാസത്തോളം മനോവിഷമത്തിലായിരുന്നു രാജൻ നമ്പൂതിരി. പിന്നീട്, കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ വിഷമമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. സ്റ്റോക്ക് മാർക്കറ്റിലും ട്രേഡിംഗിലും തൽപ്പരനായിരുന്ന രാജൻ നമ്പൂതിരി മറ്റു പല ഓൺലൈൻ ട്രേഡിംഗുകളും ചെയ്യുന്നുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബിഎസ്എൻഎൽ). മക്കൾ: സുകന്യ, സുജിത്ത്. മരുമകൻ: ശ്രീനാഥ്.
District News
ആലുവ: റെയിൽവേ സ്റ്റേഷനിൽ അഞ്ചു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശി ഉദ്ഷാബ് പ്രധാനി(26)നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒരു കിലോഗ്രാം പാക്കറ്റുകളിലാക്കി ഷോൾഡർ ബാഗിലാണ് കടത്തിയത്.
പെരുമ്പാവുർ കാലടി ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് പെയിന്റിംഗ് ജോലിയെന്നാണ് പറഞ്ഞിട്ടുള്ളത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട
Kerala
കാസർഗോഡ്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് (35) ആണ് മരിച്ചത്. കുശാൽ നഗർ പത്തായ പുരയ്ക്ക് സമീപമാണ് നിധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് നിധീഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. യുവാവിന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
District News
മേലാറ്റൂർ: മേലാറ്റൂരിൽ 3.5 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി തഫാജൂൽ ഹഖ് (33) നെ പെരിന്തൽമണ്ണ എക്സൈഇൻസ്പെക്ടർ പി. ഹരിദാസന്റെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഹെറോയിൻ വില്പന നടത്താൻ ശ്രമിക്കുന്പോഴാണ് പ്രതിയെ പിടികൂടിയത്. യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് മേലാറ്റൂർ, കാഞ്ഞിരംപാറ, അലനല്ലൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ഇയാൾ വില്പന നടത്താറുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വില്പന നടത്താറുണ്ട്. ഹെറോയിന്റെ ഉറവിടത്തെക്കുറിച്ച് പെരിന്തൽമണ്ണ എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിൽ കൃഷ്ണ, സിന്ധു, പുഷ്പരാജ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Kerala
തൃശൂര്: തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിൻ, രഞ്ജിത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. പഴയന്നൂര് പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടർന്നുകൊണ്ടേയിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. സുബ്രഹ്മണ്യന്റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുബ്രഹ്മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്.
അടിയേറ്റ് നിലത്ത് വീണ സുബ്രഹ്മണ്യനെ അവശനിലയിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാറിലെ ജീവനക്കാ ജീവനക്കാരൻ ആയിരിക്കെ, ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
എന്നാൽ, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്.
District News
എടപ്പാൾ :കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ദിനാജ്പൂർ സ്വദേശി മുസ്ഫീക് ആലം (22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ എടപ്പാൾ- കുറ്റിപ്പുറം റോഡിലെ നിർമാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. കെട്ടിട നിർമാണ തൊഴിലാളിയായ മുസ്ഫീക് ആലം ഇവിടെ ജോലിക്ക് എത്തിയതായിരുന്നു. തുടർന്ന് ജോലിക്കെത്തിയ സഹപ്രവർത്തകരാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
National
ന്യൂഡൽഹി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ മരിക്കാനിടയായ സംഭവത്തിൽ ക്ലബ് ജീവനക്കാരനെ ഡൽഹിയിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു.
സബ്സി മാൻഡി സ്വദേശി ഭാരത് കോഹ്ലിയാണ് അറസ്റ്റിലായത്. നൈറ്റ് ക്ലബ്ബിലെ ദിനചര്യകൾ ക്രമീകരിക്കുന്നത് ഇയാളാണെന്ന് നൈറ്റ് ക്ലബ് മാനേജർ മൊഴി നൽകിയിരുന്നു.
വടക്കൻ ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്നിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയാണ് അഗ്നിബാധയുണ്ടായത്. ക്ലബ് ചീഫ് ജനറൽ മാനേജർ രാജീവ് മോദക്, ജനറൽ മാനേജർ വിവേക് സിംഗ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻശു ഠാക്കൂർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
Kerala
തിരുവനന്തപുരം:വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരി മരിച്ചു. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ മീന (51) ആണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിന്റിംഗ് പ്രസിലായിരുന്നു അപകടം.
മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുപത് വർഷമായി പ്രിന്റിംഗ് പ്രസിൽ ജോലി ചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.
Kerala
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റന്റെ ആണ് ഉത്തരവ്. പോസ്റ്റുമോർട്ടവും ജഡം മറവ് ചെയ്യുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
സംഭവത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കർശന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
National
കോയമ്പത്തൂർ: കുതിര കടിച്ച് കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്. കോർപറേഷൻ കരാർ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. റോഡിലൂടെ ഓടിവന്ന കുതിരകളാണ് സൈക്കിളിലെത്തിയ ജയപാലിനെ ഇടിച്ചിട്ടശേഷം കടിച്ചത്.
കസ്തൂരി നായ്ക്കൻ പാളയം നെഹ്റു നഗർ പ്രദേശത്താണ് സംഭവം. ഈ ജനവാസ മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ഈ വളവിലൂടെ രണ്ട് കുതിരകൾ ഓടിവരികയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു.
രണ്ട് കുതിരകളാണ് ഓടി വന്നത്. അതിലൊന്ന് ജയപാലനെ ഇടിച്ചിടുകയും മറ്റൊന്ന് ജയപാലന്റെ കൈയിൽ കടിക്കുകയുമായിരുന്നു. കൈയ്ക്കു പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവയ്പിനു വലിയ തുക വരുമെന്നതാണ് പ്രതിസന്ധി.
കോർപ്പറേഷൻ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാന്റെ കുടുംബം ആവശ്യപ്പെടുന്നത്. കുതിരകൾ റോഡിലൂടെ അതിവേഗം ഓടുന്നത് പതിവെന്നും ഉടമകൾക്കെതിരെ നടപടി എടുക്കാണെമെന്നും നാട്ടുകാർ പറയുന്നു. നിരവധി കുതിരകളാണ് റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.