തിരുവനന്തപുരം: പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി കൃഷി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.
കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിൽ മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. എയിംസ് പോർട്ടൽ മുഖേന കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ഡാറ്റാബേസും സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷിനാശ റിപ്പോർട്ടുകൾ, അപേക്ഷകളുടെ നില, നഷ്ടപരിഹാര വിതരണ പുരോഗതി തുടങ്ങിയ വിവരങ്ങൾ സംസ്ഥാന തലത്തിൽ നേരിട്ട് വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും.
ഉദ്ഘാടന യോഗത്തിൽ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ, മരുതോങ്കര എന്നിവിടങ്ങളിൽ ഉണ്ടായ കൃഷിനാശനഷ്ടത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
Tags : Helpline system Agriculture Department monitoring center