തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിയുടെ 15ന് നടക്കുന്ന ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ബസില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാവിലെ 8.30ന് ആണ് ഉദ്ഘാടന യാത്ര ആരംഭിക്കുക. തമ്പാനൂരില്‍ നിന്നു സെക്രട്ടേറിയറ്റുവരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക.
യുഡിഎഫ് മന്ത്രിസഭയിലെ വനിതാമന്ത്രിമാരായ ബിന്ദു കൃഷ്ണയും കെ.എ. തുളസിയും ഗതാഗത മന്ത്രി സി.പി. ജോണും മന്ത്രി കെ. മുരളീധരനും ബസില്‍ യാത്ര ചെയ്യുന്നതിനു തീരുമാനിച്ചിട്ടുണ്ട്. തമ്പാനൂരില്‍ നിന്നു പെരുമാതുറയിലേക്കാകും ഉദ്ഘാടന യാത്ര. ഓര്‍ഡിനറി ബസുകളിലാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര തീരുമാനിച്ചിട്ടുള്ളത്.
സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പ്രിയദര്‍ശിനി എന്നാണ് സര്‍ക്കാര്‍ പേര് നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇന്നലെ വൈകുന്നേരം പുറത്തിറങ്ങി. സൗജന്യയാത്ര ലഭ്യമാകുന്ന ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
യാത്രക്കാര്‍ക്ക് കാണത്തക്ക വിധത്തില്‍ ബസുകളുടെ ഡോറുകളിലാകും സ്റ്റിക്കര്‍ പതിക്കുക. ഇതിലൂടെ സൗജന്യയാത്ര ഉള്ള ബസുകള്‍ തിരിച്ചറിയുന്നതിന് സ്ത്രീകള്‍ക്കു സാധിക്കും. ഓര്‍ഡിനിറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായതുകൂടി പരിഗണിച്ചാണ് സ്റ്റിക്കര്‍ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇന്ദിരാ ഗാരന്റി എന്ന പേരില്‍ യുഡിഎഫ് മുന്നോട്ട് വച്ച അഞ്ചിന ഗാരന്റികളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര. പദ്ധതി നടപ്പിലാക്കുന്നത് ഒരു മാസം സര്‍ക്കാരിന് 70 കോടിയോളം രൂപ ബാധ്യതയുണ്ടാക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Tags : Saujanya Yatra inaugurate VD Satheesan