ആലപ്പുഴ: നവകേരള യാത്രയ്ക്കു നേരേ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ ചോദ്യം ചെയ്യൽ ഏഴു മണിക്കൂറിലധികം നീണ്ടു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെയാണ് കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ഡ്യൂട്ടിയുടെ ഭാഗമായുള്ള നടപടിയാണുണ്ടായതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
സംഭവം നടക്കുന്പോൾ സ്ഥലത്ത് പോലീസുകാർ അധികമുണ്ടായിരുന്നില്ല. ലോക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടും മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ മുദ്രാവാക്യം മുഴക്കി ഇവർ ചാടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തങ്ങൾ വാഹനം നിർത്തി ഇറങ്ങി, സുരക്ഷയുടെ ഭാഗമായി പ്രതിരോധിച്ചതെന്ന് ഇവർ പറഞ്ഞു. തല ലക്ഷ്യമാക്കി അടിച്ചിട്ടില്ല. വിഐപി സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം കൈകാലുകൾ ലക്ഷ്യമാക്കിയുള്ള ലാത്തിപ്രയോഗമാണുണ്ടായത്. എന്നാൽ അന്വേഷണ സംഘം ഇത് അംഗീകരിക്കാൻ തയാറായില്ല.
പോലീസ് കസ്റ്റഡിയിലിരിക്കുന്നവരെ അകാരണമായി അടിക്കുന്നതെങ്ങനെ ഡ്യൂട്ടിയുടെ ഭാഗമാകുമെന്ന് എസ്ഐടി ചോദിച്ചു.
ലാത്തി ഉപയോഗത്തിലെ ചട്ടങ്ങൾ ലംഘിച്ചതിനാലല്ലേ തലയ്ക്ക് പരിക്കേറ്റത്. ഇതിനെ ഡ്യൂട്ടിയെന്ന് എങ്ങനെ നിർവചിക്കുമെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചെങ്കിലും വിഐപി സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്ന മറുപടിയിൽ ഉറച്ചുനിൽക്കുകയായിരുന്നു പോലീസുകാർ.
മർദ്ദനത്തിനുപയോഗിച്ച ലാത്തിയെപ്പറ്റിയുള്ള ചോദ്യത്തിന് ഡ്യൂട്ടിയുടെ ഭാഗമായി അനുവദിച്ച ലാത്തി ഡ്യൂട്ടി അവസാനിച്ചപ്പോൾ ബന്ധപ്പെട്ട യൂണിറ്റിൽ തിരികെ നൽകിയതായി അവർ അറിയിച്ചു.
Tags : Assault Navakerala Yatra Security officials questioned