1990ലെ ലോകകപ്പാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ജോ പോൾ അഞ്ചേരിയുടെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നത്. തൃശൂർ തിരൂരിലെ വീടിനടുത്തുള്ള അങ്ങാടിയിലെ ജോയിച്ചേട്ടന്റെ വീട്ടിലിരുന്ന് കളി കണ്ട കാര്യം ജോ പോൾ തന്നെ പറയട്ടെ:
"അന്നൊന്നും വീട്ടിൽ ടിവി ഇല്ല. ജോയിച്ചേട്ടന്റെ വീട്ടിൽ ആ പ്രദേശത്തുള്ള കളിക്കാരായ ഞങ്ങൾ പിള്ളേരും ഞങ്ങടെ കൂട്ടുകാരും എല്ലാരും ഒന്നിച്ചിരുന്നാണ് കളി കാണൽ. അതൊരു ഫുട്ബോൾ പൂരാണ്. ഓളിയും ബഹളവും. നിലവിലെ ചാമ്പ്യന്മാരായ മാറഡോണയുടെ അർജന്റീനയെ കറുത്ത മുത്തുകളായ കാമറൂൺ ആദ്യ കളിയിൽത്തന്നെ 1-0 ന് അടിച്ചിട്ടു.
അർജന്റീനേടെ ആരാധകരായ ഞങ്ങളൊക്കെ ഞെട്ടി. അന്നവരുടെ സൂപ്പർതാരമായിരുന്നു റോജർ മില്ല. 38-ാം വയസിൽ ലോകകപ്പ് കളിച്ച് നാലു ഗോൾ നേടിയ ഒരു ഗില്ലാഡി. ഗോളടിച്ചശേഷം കോർണർ ഫ്ലാഗിനടുത്ത് പോയൊരു കിടിലൻ ഡാൻസുണ്ട്; ഒരു പ്രത്യേകത ജനുസ്. ഡ്രിബ്ലിംഗ്, ഫാസ്റ്റ് മൂവിംഗ്, അസാമാന്യ ബോൾ കൺട്രോൾ. ചെറിയൊരു ഗ്യാപ് കിട്ടിയാൽ അതീക്കോടെ പന്തും കൊണ്ടൊരു കേറ്റല്ണ്ട്; ഒരു രക്ഷയുമില്ല. റൊമാനിയക്കെതിരേ പ്രീക്വാർട്ടറിൽ രണ്ടു ഗോൾ നേടി ടീമിനെ ക്വാർട്ടറിലെത്തിച്ച ഗഡി''.
അന്നത്തെ ഫൈനൽ
മറ്റൊന്ന് അർജന്റീന- ജർമനി ഫൈനൽ. റോമിലായിരുന്നു കളി. ജർമനീടെ ക്യാപ്റ്റൻ ലോഥർ മത്തേയൂസ്. അന്ദ്രിയാസ് ബ്രേമ പെനാൽറ്റിയിലൂടെ ഗോളടിച്ച് 86 ലെ ഫൈനൽ തോൽവിക്കു മധുര പ്രതികാരം ചെയ്തു. റോബെർട്ടോ സെന് സീനിയുടെ ഫൗളിലാണ് പെനാൽറ്റി കിട്ടിയത്. അന്നൊക്കെ അതു വലിയ വിവാദമായിരുന്നു. അർജന്റീനേടെ രണ്ട് താരങ്ങൾക്കാണ് അന്ന് റെഡ് കാർഡ് കിട്ടിയത്. എന്തായാലും ജർമനി ചാമ്പ്യന്മാരായി. മാറഡോണ കണ്ണീരോടെ കളം വിട്ടു. ഫ്രാൻസ് ബെക്കൻബോവറായിരുന്നു ജർമനിയുടെ കോച്ച്. ഇതോടെ കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യ താരമായി അദ്ദേഹം".
ഇപ്പോൾ ഇഷ്ടം ഇംഗ്ലണ്ടിനോട്
"ആദ്യമൊക്കെ ഞങ്ങ്ടെ നാട്ടില് അർജന്റീന, ബ്രസീൽ ആരാധകരായിരുന്നു എല്ലാരും. ഞാൻ അർജന്റീന ഫാൻ ആയിരുന്നു. മാറഡോണ നമ്മുടെ നെഞ്ചിലായിരുന്നു. മെസീനേം ഇഷ്ടാണ്. ഫൗളില്ലാത്ത സുന്ദരൻ കളിയല്ലേ പുള്ളീടെ. പക്ഷേ, എല്ലാരും അർജന്റീനേടെ ഫാൻ ആയതോടെ ഞാനൊന്നു മാറ്റിപ്പിടിച്ചു. ഇപ്പൊ കുറച്ചുനാളായി ഇംഗ്ലണ്ടാ എന്റെ ടീം. ഇപ്പൊ എല്ലാരും സ്പെയിൻ അല്ലെങ്കിൽ ഫ്രാൻസ് ജയിക്കുന്നാ പറയണേ. നല്ല ടീമാ അവര് . പക്ഷേ, ഹാരി കെയ്ൻ ക്യാപ്റ്റനായുള്ള ഇംഗ്ലണ്ട് ഇത്തവണ പൊരിക്കും. നോക്കിക്കോ''
പുതിയ പിള്ളേര് പൊളിയാ
"ക്യാപ്റ്റനെ കൂടാതെ ജൂഡ് ബെല്ലിങ്ഗം, ബുക്കായോ സാക, ഡെക്ലാൻ റൈസ്, മാർക്കസ് റാഷ്ഫോർഡ്, ജോർഡൻ പിക് ഫോർഡ് സൂപ്പർ ടീമാ. എന്തായാലും ഇംഗ്ലണ്ടിന്റെ ജയത്തിന് ചുക്കാൻ പിടിക്ക്യാ കെയ്ൻ-ബെല്ലിംങ്ഗം-സാക്ക ത്രയം ആയിരിക്കും''.
പുതിയ സ്റ്റാറുകൾ
"സ്പെയിനിന്റെ യമാൽ, ബെൽജിയത്തിന്റെ ഡോക്കു, ബ്രസീലിന്റെ എൻഡ്രിക്, വിനീഷ്യസ് ജൂണിയർ, അർജന്റീനയുടെ നിക്കോ പാസ് തുടങ്ങിയ പുതിയ താരങ്ങൾ ഈ ലോകകപ്പിലൂടെ ഉദയം ചെയ്യാൻ സാധ്യതയുണ്ട്. പിന്നെ പഴയ രാജാക്കന്മാരായ മെസി, റൊണാൾഡോ, എംബപ്പെ, നെയ്മർ എല്ലാരും ഈ ലോകകപ്പിൽ ഉണ്ടല്ലോ''.
ഖത്തർ ലോകകപ്പ്
"2022 ഖത്തർ ലോകകപ്പാണ് ആദ്യമായി നേരിട്ട് കണ്ടത്. കുറച്ചു കളിയെ കണ്ടുള്ളൂ. പക്ഷേ, അതൊരു അനുഭവം തന്ന്യാ. ടിവീല് പല ലോകകപ്പും കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഡിയത്തിനകത്തിരുന്ന് കാണുമ്പോഴ്ള്ള ഒരു ഫീൽ ഉണ്ടല്ലോ അത് വേറെ ലെവലാ. ഫുട്ബോൾ ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന ഭാഷയാന്നെന്നൊക്കെ പണ്ടേ കേൾക്കണതല്ലേ പക്ഷേ, അത് നൂറു ശതമാനം സത്യാണെന്ന് കളി നേരിട്ട് കാണുമ്പോ ബോധ്യാവും. അതൊരു ആവേശമാണ്, ആഘോഷമാണ്; തൃശൂര് പൂരത്തിന്റെ കുട മാറ്റം പോലെ''- സി ടെലിവിഷന്റെ കമന്ററിക്കായി മുംബൈയിലെത്തിയ ജോ പോൾ പറഞ്ഞുനിർത്തി.