1930 ആദ്യ ഫിഫ ലോകകപ്പ് മുതൽ നീണ്ട 96 വർഷത്തെ കാലയളവിൽ മനോഹരവും ത്രസിപ്പിക്കുന്നതുമായ ഫുട്ബോൾ മുഹൂർത്തങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു. ഓരോ കാലത്തും ഏറ്റവും മികച്ച കളിക്കാരുമായാണ് ടീമുകൾ പുൽമൈതാനത്ത് പന്തു തട്ടാനെത്തുന്നത്.
ഈ മികച്ച കളിക്കാരിൽനിന്ന് മികച്ച ഗോളുകൾക്കൊപ്പം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോളുകളും പിറക്കാറുണ്ട്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരെല്ലാം അണിനിരക്കുന്ന ഈ ഒരൊറ്റ ടൂർണമെന്റിൽ അതിമനോഹരമായ ഗോളുകളുടെ വലിയൊരു ശേഖരം തന്നെ നമുക്ക് കാണാനാകും.
96 വർഷത്തെ ചരിത്രമുള്ള ലോകകപ്പ് പുരുഷ ഫുട്ബോളിൽ 22 പതിപ്പുകളിൽ 964 മത്സരങ്ങളിൽനിന്നായി 2720 ഗോളുകളാണ് പിറന്നത്.
ഫിഫ ലോകകപ്പിലെ മികച്ച ഗോളുകൾ
1. ഡിയേഗോ മാറഡോണ: അർജന്റീന , 1986
മെക്സിക്കോ ആതിഥേയത്വം വഹിച്ച 1986 ലോകകപ്പ് ഇതിഹാസ താരം ഡിയേഗോ മാറഡോണയുടെ അസാമാന്യ പ്രകടനം കൊണ്ട് ആരാധകരുടെ മനസിൽ ഇടംപിടിച്ചു.
ആ ലോകകപ്പ് രണ്ടു കാരണങ്ങൾ കൊണ്ടാണ് എപ്പോഴും ഓർത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ മാറഡോണയുടെ കുപ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോളും പിന്നെ ആ കുപ്രസിദ്ധിയെ തന്നെ വിസ്മരിപ്പിക്കും വിധത്തിൽ നൂറ്റാണ്ടിലെ ഗോളെന്നു വിശേപ്പിക്കുന്ന ഗോളും.
അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിന് മെക്സിക്കോയുടെ അസ്റ്റാക് സ്റ്റേഡിയം വേദിയാകുന്നു. 51-ാം മിനിറ്റിൽ കുപ്രസിദ്ധമായ മാറഡോണയുടെ ദൈവത്തിന്റെ കൈഗോൾ പിറന്നു. ദൈവത്തിന്റെ കൈ ഗോൾ പിറന്ന് കൃത്യം നാലു മിനിറ്റുകൾക്കുശേഷം മാറഡോണയ്ക്ക് സ്വന്തം പകുതിയിൽനിന്ന് പന്ത് കിട്ടി. തുടർന്ന് ഇംഗ്ലീഷ് പോസ്റ്റ് ലക്ഷ്യമാക്കി മാറഡോണ 60 വാര നീളമുള്ള 10 സെക്കൻഡ് മാത്രം നീണ്ടുനിന്ന് കുതിപ്പ് ആരംഭിച്ചു.
വഴി മധ്യേ എതിരാളികളായ പീറ്റർ ബേർഡ്സ് ലി, പീറ്റർ റീഡ്, ടെറി ഫെൻവിക്, കൂടാതെ രണ്ടു തവണ വെട്ടിയൊഴിയപ്പെട്ട ടെറി ബുച്ചർ എന്നിവരെയും അവസാന ഇതിഹാസ ഗോൾഡകീപ്പർ പീറ്റർ ഷിൽട്ടണെയും മാറഡോണ മാന്ത്രിക കുതിപ്പിൽ നിഷ്പ്രഭരാക്കി പന്ത് വലയിലാക്കി. ഈ ഗോളാണ് പിന്നീട് നൂറ്റാണ്ടിന്റെ ഗോളെന്നു വിശേഷിപ്പിക്കപ്പെട്ടത്.
2. ഹാമിഷ് റോഡ്ഗിഗസ് കൊളംബിയ, 2014
ഓരോ ലോകകപ്പുകൾക്കും അതിന്േറതായ സൂപ്പർ താരങ്ങൾ ഉണ്ടാകാറുണ്ട്. 1986ൽ ഡിയേഗോ മാറഡോണ, 2002ൽ റൊണാൾഡോ, 2022 ലയണൽ മെസി എന്നിവരെപ്പോലെ. 2014 ലോകകപ്പിലെ ആ പദവി കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസിന് അവകാശപ്പെട്ടതായിരുന്നു.
ആ നിഷ്കളങ്ക മുഖമുള്ള റോഡ്രിഗസ് കന്നി ലോകകപ്പിന് ബ്രസീലിൽ എത്തിയത് വലിയ ലക്ഷ്യത്തോടെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ഗോളും അഞ്ച് അസിസ്റ്റുമായി തിളങ്ങി. പ്രീക്വാർട്ടറിൽ ഉറുഗ്വെയ്ക്കെതിരേയുള്ള മത്സരത്തിൽ കൊളംബിയൻ താരം തന്റെ പ്രതിഭ ലോകത്തെ മുഴുവൻ കാണിച്ചു.
അബെൽ അഗിാർ ഹെഡ് ചെയ്തു നൽകിയ പന്ത് പോസ്റ്റിന് ഏകദേശം 25 വാര അകലെനിന്നാണ് റോഡ്രിഗസിന്റെ അടുക്കലെത്തുന്നത്. പന്ത് നെഞ്ചുകൊണ്ട് മനോഹരമായി നിയന്ത്രിച്ച്, ഒന്ന് വെട്ടിതിരിഞ്ഞ് ഇടതുകാൽ കൊണ്ട് ഒരു ഉഗ്രൻ വോളി തൊടുത്തുവിട്ടു. ഉയർന്നു പറന്ന പന്ത് ഉറുഗ്വെൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ് ലേരയുടെ തലയ്ക്കു മുകളിലൂടെ വളഞ്ഞിറങ്ങി വലയെ ചുംബിച്ചു.
3. റൊണാൾഡീഞ്ഞോ ബ്രസീൽ്, 2002 ലോകകപ്പ്
ഏഷ്യൻ വൻകരയിലേക്ക് ആദ്യമായെത്തിയ ഫിഫ പുരുഷ ലോകകപ്പ്, ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി വേദിയൊരുക്കി.
ബ്രസീൽ- ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരം. മത്സരത്തിൽ റൊണാൾഡീഞ്ഞോയുടെ കരിയില കിക്ക് എന്ന പേരിൽ പ്രസിദ്ധമായി ആ അദ്ഭുത ഗോൾ പിറന്നു. ഈ ഗോളിനെ ഏതൊരു ഇംഗ്ലണ്ട് ആരാധകനോടും ചോദിച്ചാൽ അവർ പറയും അത് വെറുമൊരു ’ഭാഗ്യം’ മാത്രമായിരുന്നു എന്ന്. എന്നാൽ ഏതൊരു ബ്രസീൽ ആരാധകനോടും ചോദിച്ചാൽ അവർ പറയും റൊണാൾഡീഞ്ഞോ അത് മനഃപൂർവം ലക്ഷ്യംവച്ചുതന്നെ എടുത്തതാണെന്ന്. റൊണാൾഡീഞ്ഞോയോട് തന്നെ ചോദിച്ചാലോ, അത് ’തീർച്ചയായും’ ഒരു ഗോൾശ്രമം തന്നെയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ഒരുപക്ഷേ ഒരു തലമുറയിലെ തന്നെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ടീമിനെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ, മൈക്കൽ ഓവന്റെ ഗോളിന്റെ കരുത്തിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തിയിരുന്നു. എന്നാൽ, റിവാൾഡോയിലൂടെ ബ്രസീൽ സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ, മത്സരത്തിന്റെ 50-ാം മിനിറ്റിൽ, ഗോൾപോസ്റ്റിൽ നിന്നും ഏകദേശം 40 വാര അകലെ വച്ച് ബ്രസീലിന് ഒരു ഫ്രീക്കിക്ക് ലഭിക്കുന്നു; റൊണാൾഡീഞ്ഞോ അത് എടുക്കാനായി മുന്നോട്ടുവന്നു.
അദ്ദേഹം അവിടെനിന്നും നേരിട്ട് ഗോൾപോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചില്ല. എന്നാൽ, ബ്രസീലിയൻ മിഡ്ഫീൽഡർ ഏവരെ ആശചര്യപ്പെടുത്തിക്കൊണ്ട് പന്ത് വലയിലേക്ക് തൊടുത്തു. പ്രതിരോധ നിരയ്ക്കു മുകളലൂടെ ഉയർന്നു പൊങ്ങിയ പന്ത് ഗോൾപോസ്റ്റിനു തൊട്ടരികെ വച്ച് പെട്ടെന്നു താഴ്ന്നിറങ്ങി. അൽപം കയറിനിന്ന ഗോൾകീപ്പർ ഡേവിഡ് സീമാനെ പൂർണമായും നിസഹായനാക്കിക്കൊണ്ട് പന്ത് അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ പറന്നു. അദ്ദേഹത്തിന് പിന്നോട്ട് ഇറങ്ങിപ്പിടിക്കാൻ കഴിയാത്തതരത്തിൽ ഗോളിലേക്കു മഴവില്ലുപോലെ വളഞ്ഞ് ക്രോസ്ബാറിനെ തൊട്ടുരുമ്മി വലയ്ക്കുള്ളിൽ അഭയം പ്രാപിച്ചു.
4. റോബിൻ വാൻ പേഴ്സി: നെതർലൻഡ്സ്, 2014
ബ്രസീൽ ആതിഥേയത്വം വഹിച്ച 2014 ലോകകപ്പിന് കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്പെയിൻ എത്തിയത്. നാലു വർഷം മുന്പ് നടന്ന ലോകകപ്പിൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോകജേതാക്കളായത്. ആ ലോകകപ്പ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ബ്രസീൽ ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ സ്പെയിൻ ആദ്യ മത്സരത്തിൽ നേരിടുന്നത് നെതർലാൻഡ്സിനെ. നാലു വർം മുന്പത്തെ തോൽവിക്കു പകരം വീട്ടാനായി കാത്തിരിക്കുകയായിരുന്നു ഓറഞ്ചുപട.
ജൂണ് 13ന് നടന്ന സ്പെയിനും നെതർലൻഡ്സും തമ്മിലുള്ള പോരാട്ടം, കായിക ചരിത്രത്തിലെ തന്നെ നിലവിലുള്ള ഒരു ലോക ചാന്പ്യ·ാരുടെ ഏറ്റവും വലിയ തകർച്ചകളിലൊന്നായി എക്കാലവും ഓർമിക്കപ്പെടും. തുടർച്ചയായ മൂന്നു പ്രധാന കിരീടങ്ങൾ (2010 ലോകകപ്പ്, 2008, 2012 യൂറോ കപ്പ്) നേടി വന്ന ലാ റോഹ, സാൽവദോറിൽ നടന്ന മത്സരത്തിൽ 5-1നാണ് തോറ്റത്. മുന്നിൽനിന്നശേഷമാണ് സ്പെയിൻ ദയനീയ തോൽവി ഏറ്റുവാങ്ങിയത്.
44-ാം മിനിറ്റിൽ ആ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഡെലി ബ്ലിൻഡ് നീട്ടി നൽകിയ ഒരു ലോംഗ് ബോൾ മുന്നോട്ട് അല്പം ഓടി തലയിൽ സ്വീകരിച്ച വാൻ പേഴ്സി 15 വാര അകലെനിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ വലകുലുക്കി. സ്പാനിഷ് ഗോൾകീപ്പർ ഇകർ കസിയസ് ഗോൾ വരയിൽനിന്നും മുന്നോട്ട് കയറി നിൽക്കുന്നതു കൃത്യമായി മനസിലാക്കിയായിരുന്നു ലോകം മുഴുവൻ ഞെട്ടിച്ചുകൊണ്ട് വല കുലുക്കിയത്. ഈ ഗോൾ താരത്തിന് ഫ്ളയിംഗ് ഡച്ച്മാൻ എന്ന് പേര് നൽകി.
5. ഡെനിസ് ബെർഗ്കാംപ്: നെതർലൻഡ്, 1998
ഫ്ളയിംഗ് ഡച്ച്മാൻ എന്നു പേരുള്ള വാൻ പേഴ്സിയൽനിന്ന് നോണ് ഫ്ളയിംഗ് ഡച്ച്മാനായ ഡെനീസ് ബെർഗ്കാംപിലേക്ക് വരാം. ഡെനീസ് ബെർഗ്കാംപിന്റെ വിമാനയാത്ര ചെയ്യാനുള്ള ഭയം പേരുകേട്ടതാണ്. എന്നാൽ, 1998ലെ ലോകകപ്പ് ഫ്രാൻസിലായത് ഭാഗ്യമായി. റോഡ് മാർഗം അദ്ദേഹത്തിന് ഫ്രാൻസിൽ എത്താനായി.
ജൂലൈ നാലിന് മാഴ്സെയിൽ അർജന്റീനയ്ക്കെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ നേടിയ ഗോൾ മികച്ച ഒന്നായിരുന്നു.
മത്സരം 1-1ന് സമനിലയിൽ നിൽക്കേ 90-ാം മിനിറ്റിൽ നെതർലൻഡ്സ് പ്രതിരോധ താരം ഫ്രാങ്ക് ഡി ബോർ സ്വന്തം പകുതിയിൽ നിന്നും ഏതാണ്ട് 60 വാര അകലേക്ക് അർജന്റീനൻ ബോക്സിലേക്ക് ഒരു ലോംഗ ബോൾ നീട്ടി നൽകുന്നു. വായുവിൽ ഉയർന്നുവന്ന പന്ത് ഓടിക്കൊണ്ടിരുന്ന ബെർഗ്കാന്പ് തന്റെ ലതുകാൽ കൊണ്ട് അതിശയകരമായ രീതിയിൽ നിയന്ത്രിച്ചു.
ആ ടച്ച് പന്തിന്റെ വേഗത പൂർണമായും കുറച്ചു. പന്ത് നിലം തൊടുന്നതിന് മുന്പ് തന്നെ അർജന്റീനൻ ഡിഫെൻഡർ റോബർട്ടോ അയാലയെ വെട്ടിച്ച് ബെർഗ്കാന്പ് ബോക്സിനു തൊട്ടു പുറത്തുവച്ച അർജന്റീനൻ ഗോൾകീപ്പർ കാർലോസ് റോവയെ കാഴ്ചക്കാരനാക്കി തന്റെ വലതുകാലിന്റെ പുറംഭാഗം കൊണ്ട് പന്ത് പോസ്റ്റിന്റെ മുകളിൽ വലതുമൂലയിലേക്ക് അടിച്ചു കയറ്റി.
6. ജിയോവാനി വാൻ ബ്രോങ്കോസ്റ്റ്: നെതർലാൻഡ്സ്, 2010
ദക്ഷിണാഫ്രിക്ക ആതിഥേയരായ 2010 ലോകകപ്പ്, നെതർലാൻഡ്സ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി 12 വർഷത്തിനുശേഷം സെമിയിൽ. രണ്ടു തവണ ലോകകപ്പ് നേടിയിട്ടുള്ള ഉറുഗ്വെയാണ് സെമിയിൽ എതിരാളികൾ. 1990നുശേഷം ഉറുഗ്വെ യോഗ്യത നേടുന്ന രണ്ടാമത്തെ മാത്രം ലോകകപ്പായിരുന്നു അത്. ഘാനയ്ക്കെതിരേയുള്ള മത്സരത്തിലെ കുപ്രസിദ്ധമായ ഹാൻഡ്ബോളിനെത്തുടർന്ന സൂപ്പർതാരം ലൂയിസ് സുവാരസ് ഇല്ലാതെയാണ് അവർ നെതർലാൻഡ്സിനെ നേരിടാൻ ഇറങ്ങിയത്.
സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ പതിനഞ്ചു മിനിറ്റിൽ ഓറഞ്ചു കുപ്പായക്കാർ ചെറുതും വലുതുമായ അവസരങ്ങൾ സൃഷ്ടിച്ചതൊഴിച്ചാൽ കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെയുണ്ടായില്ല. സ്കോർ അപ്പോഴും 0-0. 18-ാം മിനിറ്റിൽ നെതർലാൻഡ്സ് ക്യാപ്റ്റൻ വാൻ ബ്രോങ്കോസ്റ്റ് തന്നെ ഈ സമനില പൂട്ട് പൊളിച്ചു.
ഉറുഗ്വെയുടെ പകുതിയിൽ വച്ച് വെസ് ലി സ്നൈഡറിൽനിന്ന് പന്ത് സ്വീകരിച്ച നെതർലാൻഡ്സ് നായകൻ 40 വാര പുറത്തുനിന്ന് തൊടുത്ത ഇടങ്കാലൻ ലോംഗ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ടൂർണമെന്റ് ബോൾ ജബുലാനിയുടെഅവിശ്വസനീയമായ സ്പീഡും സ്വിംഗും മുതലെടുത്തുകൊണ്ട് ഫെർണാണ്ടോ മുസ് ലേരയ്ക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പന്ത് വലയുടെ ടോപ് കോർണറിൽ തറച്ചുകയറി.
7. മാക്സി റോഡ്രിഗസ്: അർജന്റീന, 2006
ജർമനി ആതിഥേയത്വം വഹിച്ച 2006 ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സത്തിൽ അർജന്റീനയും മെക്സിക്കോയും ഏറ്റുമുട്ടുന്നു. ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഇരു പക്ഷവും ഓരോ ഗോൾ വീതം നേടി. സമനില പൊട്ടിക്കാനാവാതെ വന്നതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. 98-ാം മിനിറ്റിൽ അർജന്ൈറൻ നായകൻ ഹുവാൻ പാബ്ലോ സോറിൻ ഉയർത്തി നൽകിയ പന്ത് റോഡ്രിഗസ് പെനാൽറ്റി ബോക്സിനു കൃത്യം മൂലയിൽ നിന്ന് നെഞ്ചിൽ സ്വീകരിച്ചു. ബോക്സിനു പുറത്തേക്കൊന്ന് ഇറങ്ങി പന്ത് നിലം തൊടും മുന്പ് ഇടതുകാൽ കൊണ്ട് റോഡ്രിഗസ് വലയിലേക്ക് ഒരു റോക്കറ്റ് കണക്കേ പായിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ പന്ത് വലയിൽ തറച്ചു.
8. കാർലോസ് ആൽബർട്ടോ: ബ്രസീൽ, 1970
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളെക്കുറിച്ച് സംസാരിക്കുന്പോൾ, 1970-ലെ ബ്രസീൽ ടീം ആ പട്ടികയിൽ വളരെ മുന്നിലുണ്ടാകും. പെലെ, ജെയർസിഞ്ഞോ, റിവെലിനോ, ടോസ്റ്റാവോ, കൂടാതെ നായകനായ കാർലോസ് ആൽബർട്ടോ എന്നിവരുൾപ്പെടെയുള്ള പ്രതിഭകളാൽ സ്പന്നമായിരുന്നു ആ നിര.
ജിയാസിന്േറാ ഫാഷെട്ടി, ജിജി റിവ, ജിയാനി റിവേര തുടങ്ങിയ പ്രമുഖർ അണിനിരന്ന ഇറ്റലിക്കെതിരെയുള്ള ഫൈനലിന് മുന്പ് തന്നെ ടൂർണമെന്റിലുടനീളം ബ്രസീൽ ആധിപത്യം പുലർത്തിയിരുന്നു.
മത്സരത്തിൽ ഇതിഹാസ താരം പെലെയുടെ ഗോളിൽ ബ്രസീൽ മുന്നിലെത്തി. റോബർട്ടോ ബോനിൻസെന്യയുടെ ഗോളിൽ ആദ്യ പകുതിയിൽ ഇറ്റലി ഗോൾ മടക്കി.
66-ാം മിനിറ്റ് വരെ ഇറ്റലി ലീഡ് നേടായി പൊരുതി. അടുത്ത 20 മിനിറ്റിനുള്ളിൽ അസൂറികളുടെ പ്രതീക്ഷകളെല്ലാം തകർന്നു. ഗെർസണും ജെയർസിഞ്ഞോയും മത്സരം ബ്രസീലിന്റെ നിയന്ത്രണത്തിലാക്കി. ക്യാപ്റ്റൻ കാർലോസ് ആൽബർട്ടോ 86-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ അജയ്യരായെത്തിയ ബ്രസീൽ ഇറ്റലിയെ പൂർണ്ണമായും നിഷ്പ്രഭരായി.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നെന്ന വിശേഷണമാണ് അതിനു ലഭിച്ചത്. സ്വന്തം പ്രതിരോധ നിരയിൽ ബ്രസീൽ താരങ്ങൾ വളരെ ലാഘവത്തോടെ പനത് പരസ്പരം കൈമാറിക്കൊണ്ടാണ് ആ നീക്കത്തിന് തുടക്കമിട്ടത്. ബ്രസീലിന്റെ സ്വന്തം ബോക്സിനു തൊട്ടടുത്ത്് വച്ച് ടെസ്റ്റാവോ പന്ത് തട്ടിയെടുക്കുന്നതതോടെയാണ് ഈ നീക്കം ആരംഭിക്കുന്നത്.
സ്വന്തം പകുതിയിൽവച്ച് പന്ത് ലഭിച്ച ക്ലോഡോആൽഡോ അതിസാഹസികമായി നാല് ഇറ്റാലിയൻ കളിക്കാരെ ഡ്രിബിൾ ചെയ്ത് മറികടന്ന് ഇടതുവശത്തുണ്ടായിരുന്ന റിവെലിനോയ്ക്ക് പാസ് നൽകി. റിവെലിനോ വിംഗിലുണ്ടായിരുന്ന ജെയർസിഞ്ഞോയെ കണ്ടെത്തുകയും, ജെയർസിഞ്ഞോ ജിയാസിന്േറാ ഫാഷെട്ടിയെ മറികടന്ന് പെനാൽറ്റി ബോക്സിന്റെ അതിരിലുണ്ടായിരുന്ന പെലെയ്ക്ക് പന്ത് കൈമാറുകയും ചെയ്തു.
തന്റെ വഴി തടഞ്ഞുനിന്ന താർസിസിയോ ബർഗ്നിച്ചിനെ വകവയ്ക്കാതെ പെലെ വലതുവശത്തുകൂടെ വിംഗ് ബാക്ക് കാർലോസ് ആൽബർട്ടോ ഓടിക്കയറുന്നുണ്ടെന്ന് കൃത്യമായി മനസിലാക്കി അങ്ങോട്ട് നോക്കുക പോലും ചെയ്യാതെ പന്ത് സാവധാനം വലതുവശത്തെ ശൂന്യമായ സ്ഥലത്തേക്ക് ഉരുട്ടിവിട്ടു ആ നിമിഷം പാഞ്ഞുവന്ന നായകൻ വേഗത കുറയ്ക്കാതെ തന്നെ പന്തിനെ ഒരു പവർഫുൾ ഷോട്ടിലൂടെ വലയിലാക്കി.
9. മാനുവൽ നെഗ്രെറ്റോ: മെക്സിക്കോ, 1986
1986ലെ മെക്സിക്കോ ലോകകപ്പ് ചരിത്രത്താളുകളിൽ എന്നും ഓർമിക്കപ്പെടുന്ന ഒന്നാണ്. ഡീഗോ മറഡോണയുടെ മാന്ത്രിക പ്രകടനം മാത്രമല്ല ആ ടൂർണമെന്റിനെ അത്രമേൽ സവിശേഷമാക്കിയത്.
തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് 16 വർഷങ്ങൾക്ക് ശേഷം, മെക്സിക്കോയ്ക്ക് ചുറ്റും ഒരു പുതിയ ടീമിനെ കെട്ടിപ്പടുക്കാൻ തക്കവണ്ണം ഒരു പുതിയ താരം അവർക്കുണ്ടായിരുന്നു.
റയൽ മാഡ്രിഡ് സ്ട്രൈക്കർ ഹ്യൂഗോ സാഞ്ചസ്. പ്യൂമാസിൽ തന്റെ ഏഴാം സീസണ് പൂർത്തിയാക്കിയ മാനുവൽ നെഗ്രെറ്റെ ആയിരുന്നു മുന്നേറ്റനിരയിൽ ഈ സൂപ്പർതാരത്തിന്റെ പങ്കാളി. എന്നാൽ, ഗോളുകൊണ്ട് ഗാലറിയെ ആവേശത്തിലാക്കിയത് സാഞ്ചസ് ആയിരുന്നില്ല, പകരം നെഗ്രെറ്റെ ആയിരുന്നു.
ബൾഗേറിയക്കെതിരേ പ്രീക്വാർട്ടർ മത്സരത്തിന്റെ 34-ാം മിനിറ്റിൽ ഉയർന്നു വന്ന ഒരു പന്ത് നിയന്ത്രണത്തിലാക്കിയ നെഗ്രെറ്റെ അത് ഹാവിയർ അഗീരെയ്ക്ക് ചിപ്പ് ചെയ്തു നൽകി. അഗീരെയാകട്ടെ പന്ത് നിലംതൊടാൻ അനുവദിക്കാതെ നെഗ്രെറ്റെയ്ക്ക് തന്നെ തിരിച്ചു നൽകി. തൊട്ടടുത്ത നിമിഷം, ആ പന്ത് നെഗ്രെറ്റെ മനോഹരമായി സ്വീകരിക്കുകയും, ഒരു കിടിലൻ സിസർ കിക്കിലൂടെ ഗോൾവല കുലുക്കുകയും ചെയ്തു.
10. ടിം കാഹിൽ: ഓസ്ട്രേലിയ്, 2014
2014ൽ ബ്രസീൽ ലോകകപ്പ് കണ്ട് മനോഹരമായ ഗോളുകളിലൊന്ന് കണ്ട മത്സരം. അഞ്ച് ദിവസങ്ങൾക്ക് മുന്പ് സ്പെയിനെ 5-1 ന് തകർത്ത നെതർലൻഡ്സിനെതിരേ ഓസ്ട്രേലിയയുടെ ഗ്രൂപ്പ് ഘട്ട മത്സരം. മത്സരത്തിൽ 20-ാം മിനിറ്റിൽ ആര്യൻ റോബൻ ഓസ്ട്രേലിയയുടെ വലകുലുക്കി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഓസ്ട്രേലിയൻ വൻകര ഒന്നടങ്കം സന്തോഷം കൊണ്ട് ആർത്തുവിളിച്ചു.
വലത് വിംഗ-ബാക്ക് ആയ റയാൻ മക്ഗോവൻ നെതർലൻഡ്സിന്റെ പെനാൽറ്റി ബോക്സിനുള്ളിലേക്ക് നീട്ടി നൽകയ ഒരു ലോംഗ് ബോൾ ഓസ്ട്രേലിയയുടെ ദേശീയ ഹീറോ ആയ ടിം കാഹിൽ പിടിച്ചെടുത്തു. ഒന്നു ചിന്തിക്കാൻ പോലും നിൽക്കാതെ, ക്രോസ്ബാറിനെ തഴുകിക്കൊണ്ട് ഗോൾവലയിൽ തറച്ചുകയറി.
10. ബഞ്ചമിൻ പവാർഡ്: ഫ്രാൻസ്, 2018
2018ൽ റഷ്യ ആതിഥേയരായ ലോകകപ്പിൽ ഉദ്ഘാടന മത്സരം കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചയോളമാകുന്നതുവരെ ടൂർണമെന്റിൽ ഒരു ഗോൾരഹിത സമനില പോലും ഉണ്ടായില്ല. എന്നാൽ, ആ ലോകകപ്പിലെ ഏറ്റവും വലിയ ആകർഷണം ഒരുപക്ഷേ പ്രീ-ക്വാർട്ടറിലായിരുന്നു. ബെഞ്ചമിൻ പവാർഡ് എന്ന താരം ലയണൽ മെസിയുടെ അർജന്റീനയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലിക്കെടുത്തുന്ന കാഴ്ചയ്ക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്.
അന്റോയിൻ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെ ഫ്രാൻസിന് ലീഡ് നേടിക്കൊടുത്തു. പകുതി സമയത്തിന് തൊട്ടുമുന്പും ശേഷവുമായി എയ്ഞ്ചൽ ഡി മരിയയും ഗബ്രിയേൽ മെർക്കാഡോയും ചേർന്ന് അർജന്റീനയെ മുന്നിലെത്തിച്ചു. ആ സമയത്താണ് തിയോ ഹെർണാണ്ടസിന്റെ ക്രോസ് പന്ത് വായുവിൽ വച്ച് മനോഹരമായി കട്ട് ചെയ്ത് അടിച്ച് ബെഞ്ചമിൻ പവാർഡ് ആ മാന്ത്രിക നിമിഷം സൃഷ്ടിച്ചത്.
11. ടോണി ക്രൂസ്: ജർമനി, 2018
റഷ്യ ആതിഥേയരായ 2018 ലോകകപ്പ് തൊട്ടുമുൻ പതിപ്പിലെ ജേതാക്കളായ ജർമനിക്ക് ദുരന്തമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ നിലവിലെ ജേതാക്കൾക്ക് ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് തോറ്റ ജർമനി ജയം പ്രതീക്ഷിച്ച് സ്വീഡനെതിരേ പോരാട്ടത്തിനിറങ്ങി.
32-ാം മിനിറ്റിൽ ഓല ടോയ്വോനന്റെ ഗോളിലൂടെ ജർമനി പിന്നിലായെങ്കിലും മാർക്കോ റൂസ് സമനില പിടിച്ചു. 90+5ാം മിനിറ്റിൽ, ലെഫ്റ്റ് വിംഗിൽ ജർമനിക്കൊരു ഫ്രീ-കിക്ക് ലഭിച്ചു. അത് വളരെ ബുദ്ധിമുട്ടേറിയ ഒരു കോണിൽ നിന്നായിരുന്നു, എങ്കിലും അവിടെയൊരു അത്ഭുതം സംഭവിച്ചു. പന്ത് തനിക്ക് മുന്നിലേക്ക് ചെറുതായൊന്ന് തട്ടിയിടാൻ ക്രൂസ്, റൂസിനേട് ആവശ്യപ്പെടുകയും അതിലൂടെ കിക്ക് ചെയ്യാനുള്ള ആംഗിൾ മെച്ചപ്പെടുത്തിയ അദ്ദേഹം തൊടുത്ത കിക്ക് ഗോൾപോസ്റ്റിന്റെ ടോപ്പ് കോർണറിൽ ഗോൾകീപ്പർ റോബിൻ ഓൾസന് എത്തിപ്പിടിക്കാനാവാത്ത വിധം വളഞ്ഞ് അകത്ത്കയറി.
12. ബോബി ചാൾട്ടണ്, ഇംഗ്ലണ്ട, 1966
ബോബി ചാൾട്ടണ് എന്ന മിഡ്ഫീൽഡ് ജനറലിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയ്ക്കെതിരെയുള്ള കടുപ്പമേറിയ പോരാട്ടത്തിൽ ഇംഗ്ലണ്ട് 2-0 ന് വിജയിച്ചിരുന്നു. ഈ മത്സരത്തിൽ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയ വിജയത്തിന് വഴിതുറന്നത് ചാൾട്ടന്റെ ഒരു മാന്ത്രിക ഗോളായിരുന്നു.
മാർട്ടിൻ പീറ്റേഴ്സ് സ്വന്തം പകുതിയിൽ വച്ച് പന്ത് പിടിച്ചെടുത്ത് റോജർ ഹണ്ടിന് നൽകി. ഹണ്ട് ആ പന്ത് സ്വന്തം ഹാഫിൽ നിന്നിരുന്ന ചാൾട്ടന് കൈമാറിയതോടെ അദ്ദേഹം മുന്നോട്ട് കുതിച്ചു. എതിരാളികളെ വെട്ടിയൊഴിഞ്ഞുള് ആ മുന്നേറ്റം ഗോൾപോസ്റ്റിന് 25 വാര അകലെ വച്ച് അദ്ദേഹം ഒരു ബുള്ളറ്റ് ഷോട്ട് തൊടുത്തുവിട്ടു. വെംബ്ലി സ്റ്റേഡിയത്തെ ഒന്നടങ്കം ആവേശത്തിൽ എഴുന്നേറ്റു നിർത്താൻ പോന്ന ആ അതിമനോഹരമായ കിക്ക് ചെന്നുപതിച്ചത് ഗോൾപോസ്റ്റിന്റെ ടോപ്പ് കോർണറിലായിരുന്നു.
13. സയീദ് അൽ ഒവൈറാൻ, സൗദി അറേബ്യ, 1994
1994ലെ ലോകകപ്പിൽ ബെൽജിയത്തിനെതിരെ സൗദി അറേബ്യയ്ക്ക് വേണ്ടി അൽ ഒവൈറാൻ നേടിയ ഗോളിന് ചരിത്രത്തിൽ തനതായ ഒരു സ്ഥാനമുണ്ട്.
സ്വന്തം പകുതിയിൽ വച്ച് പന്ത് കൈക്കലാക്കിയ ഒവൈറാൻ, എതിരാളികളുടെ ബോക്സിലേക്ക് നടത്തിയ അവിശ്വസനീയമായ കുതിപ്പിൽ നാലിൽ കുറയാത്ത കളിക്കാരെയാണ് വെട്ടിയൊഴിഞ്ഞത്. ഒടുവിൽ മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഗ്രൂപ്പ് ഘട്ടത്തിൽ അദ്ദേഹം തന്റെ ടീമിന് 1-0 ന്റെ വിജയം സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സോളോ ഗോളുകളിൽ ഒന്നായിരുന്നു.
14. എസ്റ്റെബാൻ കാംബിയാസോ, അർജന്റന, 2006
ടികി-ടാക്കയെന്ന മനോഹരമായി കാൽപ്പന്ത് കേളീശൈലിയുടെ ഏറ്റവും മനോഹരമായ ആവിഷ്കാരം 2006ൽ ലോകത്തിന് കാണിച്ചുതന്നത് അർജന്റീനയായിരുന്നു. ലോകകപ്പ് ചരിത്രം കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്ന് അന്ന് എസ്റ്റെബാൻ കാംബിയാസോ സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയ ആൻഡ് മോണ്ടിനെഗ്രോയായിരുന്നു എതിരാളികൾ. സ്വന്തം പകുതിയിൽ വച്ച് മാക്സി റോഡ്രിഗസ് പന്ത് വീണ്ടെടുത്തുകൊണ്ട് തുടങ്ങിയ ആ പാസിംഗ് മൂവ്മെന്റിൽ, അർജന്റീന ഏകദേശം ഒരു മിനിറ്റോളം പന്ത് തങ്ങളുടെ പക്കൽ തന്നെ സൂക്ഷിച്ചു. സെർബിയ ആൻഡ് മോണ്ടിനെഗ്രോയുടെ പ്രതിരോധം ഭേദിക്കാനായി അവർ പന്ത് വശങ്ങളിലേക്കും പിന്നിലേക്കും മുന്നിലേക്കും കൃത്യമായി കൈമാറിക്കൊണ്ടിരുന്നു.
ആ നീക്കങ്ങൾ ഒടുവിൽ ഹാവിയർ സാവിയോളയും ഹുവാൻ റോമൻ റിക്വൽമിയും തമ്മിലുള്ള വണ്-ടു പാസുകളിലേക്ക് വഴിമാറി. തുടർന്ന് റിക്വൽമി നൽകിയ പാസ് സ്വീകരിച്ച കാംബിയാസോ അത് ഹെർണാൻ ക്രെസ്പോയ്ക്ക് കൈമാറി. ക്രെസ്പോ നൽകിയ മനോഹരമായ ഒരു ബാക്ക്-ഹീൽ പാസ് കൃത്യമായി പിടിച്ചെടുത്ത കാംബിയാസോ പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് അടിച്ചു കയറ്റി.
തുടർച്ചയായ 24 പാസുകൾക്കൊടുവിൽ, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ’ടീം ഗോൾ’ അർജന്റീന സ്വന്തമാക്കി.
15. മൈക്കിൾ ഓവൻ, ഇംഗ്ലണ്ട്, 1998
ഫ്രാൻസിലെ സെന്റ് എറ്റിയേനിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിലായിരുന്നു ആ അത്ഭുത ഗോൾ പിറന്നത്. 18കാരനായ ഓവൻ ഇംഗ്ലണ്ടിനായി ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാനെന്ന റിക്കാർഡിലായിരുന്നു. സ്കോർ 1-1 ന് സമനിലയിൽ നിൽക്കുകയായിരുന്നു.
16-ാം മിനിറ്റിൽ ഇംണ്ടിന്റെ സ്വന്തം പകുതിയിൽ നിന്ന് ഡേവിഡ് ബെക്കാം നൽകിയ കൃത്യതയാർന്ന ഒരു ലോംഗ് പാസ് ഓവനിലേക്ക് എത്തി. സെന്റർ സർക്കിളിൽ നിന്ന ഓവൻ, തന്റെ വലത് ബൂട്ടിന്റെ പുറംഭാഗം കൊണ്ട് പന്ത് അതിമനോഹരമാി നിയന്ത്രണത്തിലാക്കി
അതിവേഗം പന്തുമായി കുതിച്ച ഓവൻ അർജന്ൈറൻ ഡിഫൻഡർ ഹോസെ ചാമോട്ടിനെ പിന്നിലാക്കി. അടുത്തതായി മുന്നോട്ട് കയറിവന്ന റോബർട്ടോ അയ്യാലയെ വെട്ടിച്ച് മുന്നേറി.
പെനാൽറ്റി ബോക്സിൽ എത്തിയ ഇംഗ്ലീഷ് താരം വലതുവശത്തുനിന്ന് തൊടുത്ത വെടിയുണ്ട പോലുള്ള ഷോട്ട് ഗോൾകീപ്പർ കാർലോസ് റോവയ്ക്ക് ഒരവസരവും നൽകാതെ വലയുടെ മുകളിൽ ഇടത് മൂലയിൽ ചെന്നുതറച്ചു.
16. ജോ കോൾ, ഇംഗ്ലണ്ട്, 2006
ജർമനിയിൽ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു ജോ കോളിന്റെ മാന്ത്രിക ഗോൾ പിറന്നത്. സ്വീഡിഷ് പ്രതിരോധ നിര ക്ലിയർ ചെയ്ത പന്ത് ബോക്സിന് വളരെ അകലെ, ഏകദേശം 35 വാര പുറത്തു നിന്ന ജോ കോളിന്റെ അടുത്തേക്കാണ് എത്തിയത്.
വായുവിൽ ഉയർന്നുവന്ന പന്ത് കോൾ നെഞ്ചുകൊണ്ട് വളരെ ശാന്തമായി നിയന്ത്രണത്തിലാക്കി. പന്ത് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുന്പ്, ഒട്ടും സമയം കളയാതെ അദ്ദേഹം ഒരു ലേംഗ് റേഞ്ച് വോളി തൊടുത്തു. സ്വീഡിഷ് ഗോൾകീപ്പർ ആൻഡ്രിയാസ് ഇസാക്സണ് പരമാവധി ശ്രമിച്ചെങ്കിലും, അദ്ദേഹത്തിന്റെ കൈകളിൽ തട്ടി പന്ത് പോസ്റ്റിന്റെ മുകളിൽ വലത് മൂലയിൽ ചെന്നുതറച്ചു.
17. ജോസിമാർ: ബ്രസീൽ, 1986
1986ലെ മെക്സിക്കോ ലോകകപ്പിൽ ബ്രസീലിന്റെ റൈറ്റ്-ബാക്ക് ആയിരുന്ന ജോസിമാർ വടക്കൻ അയർലൻഡിനെതിരേ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോംഗ് റേഞ്ച് ഗോളുകളിൽ ഒന്നാണ്. തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെയായിരുന്നു ജോസിമാർ ഈ അത്ഭുത ഗോൾ നേടിയത് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീലും നോർത്തേണ് അയർലൻഡും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അന്ന് ലോകപ്രശസ്തനായ പാറ്റ് ജെന്നിംഗ്സ് ആയിരുന്നു അയർലൻഡിന്റെ ഗോൾകീപ്പർ.
42-ാം മിനിറ്റിലാണ് ഗോൾ നീക്കം. ബ്രസീലിയൻ മിഡ്ഫീൽഡർ അലിമാവോ നൽകിയ പാസ് സ്വീകരിക്കുന്പോ ജോസിമാർ ബോക്സിന് വളരെ പുറത്താണ് നിന്നിരുന്നത്. നോർത്തേണ് അയർലൻഡ് പ്രതിരോധം അദ്ദേഹത്തിന് മുന്നോട്ടു കടക്കാൻ സ്ഥലം അനുവദിച്ചിരുന്നില്ല. അവിടെ നിന്ന് ക്രോസ് ചെയ്യുമെന്ന് എല്ലാവരും കരുതിയ നിമിഷത്തിൽ, ജോസിമാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ലോംഗ്റേഞ്ച് ഷോട്ട് ഉതി