അസ്തെകയുടെ വയറ്റില്‍ എന്താണെന്നറിയാമോ? അതൊരു വലിയ നീരുറവയാണ്. പരലോകത്തെ തൊട്ടുരുമ്മി നില്‍ക്കുന്നത്ര ആഴമുള്ളൊരു അടിയൊഴുക്ക്. ഭൂമി തുരന്ന് ഒഴുകുന്ന ഒരു നീരുറവയുടെ മുകളിലാണ് ആ ഫുട്ബോള്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. മെക്സിക്കോ സിറ്റിക്കാര് പറയുന്നത് ഫിഫ ലോകകപ്പ് വേദിയായ അസ്തെക സ്റ്റേഡിയത്തെ കുറിച്ചാണ്.
ഈ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. നാലാം നൂറ്റാണ്ടില്‍ പുകഞ്ഞുണങ്ങിയ ഒരു അഗ്നിപര്‍വതത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് അസ്തെക സ്റ്റേഡിയം നിലകൊള്ളുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ മെക്സിക്കോക്കാരുടെ പരമ്പരാഗത തൊപ്പിയായ ഒരു ഭീമന് "സോംബ്രെറോ' കണ്മുന്നില് കമഴ്ത്തിവച്ചിരിക്കുന്നത് പോലെ തോന്നും.
ചുറ്റുമുള്ള ഇടുങ്ങിയ തെരുവുകളില്‍ മെക്സിക്കന്‍ വിപ്ലവനായകന് എമിലിയാനോ സപാതയുടെ കൂര്‍ത്ത മീശയുള്ള ചുവര്‍ചിത്രങ്ങള്‍ കാണാം. ശമ്പളവര്‍ദ്ധനവിനായി സമരം ചെയ്യുന്ന അധ്യാപകരും, ഹൈവേകളിലെ തട്ടിക്കൊണ്ടുപോകലിനെതിരേ പ്രതിഷേധിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരും ചേര്‍ത്തുവെക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും പക്ഷേ ഈ സ്റ്റേഡിയത്തിന്റെ അതിരുകള്‍ക്കുള്ളിലേക്ക് കടക്കാറില്ല.
അതൊരു പ്രത്യേക ലോകമാണ്. കാവല്‍ നില്ക്കുന്ന നാഷണല്‍ ഗാര്‍ഡിന്റെ സൈനികര്‍ക്ക് നടുവിലും ഈ കളിമുറ്റം ശാന്തമാണ്, ഗാംഭീര്യമുള്ളതുമാണ്. പ്രാദേശികവാസികള്‍ ഈ സ്റ്റേഡിയത്തെ സ്നേഹത്തോടെ "അസ്തെക' എന്നോ "കൊളോസോ' എന്നോ വിളിക്കും.
ഒരു ബാങ്കിംഗ് ഗ്രൂപ്പ് ഇതിനെ "എസ്റ്റാഡിയോ ബാനോര്ട്ടെ' എന്ന് പുനര്‍നാമകരണം ചെയ്തെങ്കിലും ആരും ആ പേര് ഉച്ചരിക്കാറേയില്ല. അവര്‍ക്ക് അവള് വെറുമൊരു കെട്ടിടമല്ല; ചുവരുകള്‍ക്കുള്ളില്‍ ജീവനുള്ള, ശ്വസിക്കുന്ന ഒരു പെണ്‍കരുത്താണ്.
അസ്തെകയ്ക്ക് കാവലായി തൊട്ടടുത്ത് സാന്താ ഉര്‍സുല പള്ളിയുമുണ്ട്. ഫുട്ബോളിന്റെ ചരിത്രത്തില്‍ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ സൈ്വര്യവിഹാരം നടത്തിയ മണ്ണാണിത്. പെലെയും ഡീഗോ മറഡോണയും ലോകകിരീടങ്ങള്‍ വാനിലുയര്‍ത്തിയത് ഇതേ അസ്തെകയുടെ പുല്‍ത്തകിടിയിലാണ്.
1970-ല്‍ ഇറ്റലിക്കെതിരേ ഹെഡറിലൂടെ ഗോള്‍ നേടി പെലെ കപ്പുയര്‍ത്തിയപ്പോള്‍ താമസിച്ച മുറി ഇന്നും തൊട്ടടുത്തുള്ള ഒരു കെട്ടിടത്തില്‍ അതുപോലെ സംരക്ഷിച്ചിരിക്കുന്നു. മറഡോണയുടെ വിഖ്യാതമായ "ദൈവത്തിന്റെ കൈ' ഗോള്‍ ഈ സ്റ്റേഡിയത്തിന്റെ മ്യൂസിയത്തില്‍ ഒരു വെങ്കല ശില്പ്പമായി കൊത്തിവെച്ചിട്ടുണ്ട്.
പിന്നീട് മെക്സിക്കന്‍ ക്ലബിന്റെ മാനേജരായി മറഡോണ ഇവിടെ വന്നപ്പോള്‍ ആ ശില്‍പ്പം കണ്ട് പൊട്ടിച്ചിരിച്ചത് ഇവിടുത്തെ ജീവനക്കാര്‍ ഓര്‍ക്കുന്നു. ഇവര്‍ക്ക് പുറമെ ക്ലബിന്റെ ഒരു മത്സരവും മുടക്കാത്ത ഇഗ്നാസിയോ എന്ന സാധാരണക്കാരനായ ഒരു ആരാധകന്റെ പ്രതിമയും ഇവിടെയുണ്ട്.

87,500 പേരുടെ ലഹരി!
ഔദ്യോഗികമായി 87,500 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ സ്റ്റേഡിയം. സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്‍പ് ഒന്നര ലക്ഷത്തോളം ആളുകള്‍ ഒരേസമയം ഇവിടെ കളി കാണാന്‍ ഇടിച്ചുകയറിയിട്ടുണ്ടെന്ന് മ്യൂസിയം വോളന്റിയറായ ഹാവിയര്‍ പറയുന്നു.
"അസ്തെകയ്ക്ക് തികച്ചും സവിശേഷമായ എന്തോ ഒന്നുണ്ട്. അത് മനസിലാക്കണമെങ്കില്‍ അതിന്റെ ഉള്ളില്‍ തന്നെ നില്‍ക്കണം' ഒരിക്കല്‍ പെലെ പറഞ്ഞ വാക്കുകളാണിത്. സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ ഉയരത്തിലാണ് മെക്സിക്കോ സിറ്റി.
അതുകൊണ്ടുതന്നെ ഇവിടുത്തെ വായുവിന് കട്ടി കുറവാണ്. അസ്തെകയില്‍ കളിക്കാനിറങ്ങുന്ന എതിരാളികള്‍ ശ്വാസം കിട്ടാതെ പിടയുന്നത് അതുകൊണ്ടാണ്. കുത്തനെയുള്ള ഗാലറികളുംകാണികളുടെ ആര്‍പ്പുവിളികളും ആ അന്തരീക്ഷത്തെ ഭയപ്പെടുത്തുന്ന ഒന്നാക്കി മാറ്റും.
1986ന് ശേഷം ഇവിടെ നടന്ന മത്സരങ്ങളിലെ കാണികളുടെ ബഹളം 118 ഡെസിബെല്ലിനും മുകളിലായിരുന്നു. 2018 ലോകകപ്പില്‍ മെക്സിക്കോ ജര്‍മനിയെ തോല്‍പ്പിച്ചപ്പോള്‍ ഇവിടുത്തെ ആവേശത്തില്‍ നഗരത്തില്‍ ഒരു കൃത്രിമ ഭൂചലനം വരെ രേഖപ്പെടുത്തപ്പെട്ടു!
നിശബ്ദതയ്ക്കും ശബ്ദം
പഴമക്കാര്‍ പറയുന്നത്, ചില സമയങ്ങളില്‍ ഇവിടുത്തെ അന്തരീക്ഷ മര്‍ദ്ദം പെട്ടെന്ന് കുറയുമെന്നാണ്. അത് മെക്സിക്കന്‍ പുരാണങ്ങളിലെ പറക്കും സര്‍പ്പ ദൈവമായ "ക്വെറ്റ്സാല്കോട്ട്' കടന്നുപോകുന്നത് കൊണ്ടാണെന്ന് അവര്‍ വിശ്വസിക്കുന്നു.
സ്റ്റേഡിയം പകുതി ഒഴിഞ്ഞുകിടക്കുമ്പോള്‍ പോലും ഒരു ഭീമന് തേനീച്ചക്കൂട് ഇരമ്പുന്നത് പോലെ അസ്തെക മുഴങ്ങിക്കൊണ്ടേയിരിക്കും. അവിടെ നിശബ്ദതയ്ക്കും ഒരു ശബ്ദമുണ്ട്.
മെക്സിക്കന്‍ കോച്ച് ഹാവിയര്‍ അഗീരെ തന്റെ ടീമിനായി ഗാലറിയോട് ഇരമ്പാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ മണ്ണില്‍ കളിച്ച 92 അന്താരാഷ്ട്ര മത്സരങ്ങളില്‍ 68 എണ്ണത്തിലും വിജയം മെക്സിക്കോയ്ക്കൊപ്പമായിരുന്നു.
വെറും ഏഴ് കളികളില്‍ മാത്രമാണ് അവര്‍ തോറ്റത്.ആ കണ്കോണ്ഗ്രീറ്റ് കൂട്ടത്തിനും അഗ്നിപര്‍വ്വത പാറകള്‍ക്കും ഏറെ താഴെ, പരലോകത്തെ തൊട്ടുരുമ്മി നില്ക്കുന്ന ആ നീരുറവ ഇപ്പോഴും ഒഴുകുന്നുണ്ടാകാം.
അതിന്റെ മുകളിലാണ് പതിനായിരക്കണക്കിന് മനുഷ്യര്‍ ശ്വാസമടക്കിപ്പിടിച്ച് ആവേശത്തിന്റെ പുതിയ ചരിത്രങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നത്.
Tags : Azteca Stadium Untold Secrets Fifa World Cup Football Diego Maradona Pele