തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിലയിരുത്തുന്നതിനായി സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ 15 മുതൽ 18 വരെ തിരുവനന്തപുരത്ത് ചേരും. 15-ാം തീയതി സംസ്ഥാന സെക്രട്ടേറിയറ്റും 16ന് സംസ്ഥാന എക്സിക്യൂട്ടീവും യോഗം ചേരും. തുടർന്ന് 17, 18 തീയതികളിലാണ് നിർണായകമായ സംസ്ഥാന കൗൺസിൽ യോഗം നടക്കുക.
വിവിധ ജില്ലാ കൗൺസിലുകൾ നടത്തിയ തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ് നേതൃയോഗങ്ങൾ പ്രധാനമായും ചർച്ച ചെയ്യുക. ജില്ലാ കൗൺസിലുകളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും മറ്റ് സംസ്ഥാന നേതാക്കൾക്കും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്.
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സിപിഎമ്മിന് മേൽ മാത്രം കെട്ടിവെച്ച് ഒഴിഞ്ഞുമാറാനാകില്ലെന്നും പരാജയത്തിൽ സിപിഐ നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്നുമുള്ള പൊതുവികാരമാണ് കീഴ്ഘടകങ്ങളിൽ ഉണ്ടായത്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന സംസ്ഥാന കൗൺസിലിലും പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കും.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം പാർട്ടിക്കു വേണമെന്ന സിപിഐയുടെ ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. ഉപനേതാവ് സ്ഥാനം ഒരു കാരണവശാലും സിപിഐയ്ക്കു നൽകില്ലെന്ന നിലപാടിലാണു സിപിഎം.
Tags : Election Defeat assembly election CPI leadership meeting