പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിക്കുന്നതിന്റെ ദൃശ്യം
മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ പട്ടാമ്പി തിരുവേഗപ്പുര നെടുങ്ങട്ടൂർ സ്വദേശി പുളനാട്ട് പി.കെ കുഞ്ഞുമൊയ്തീനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
യാത്ര എളുപ്പമാക്കുന്നതിനായി കുഞ്ഞുമൊയ്തീൻ സ്കൂട്ടറുമായി സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് കടന്നുകയറുകയായിരുന്നു. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലൂടെ അപകടകരമായ രീതിയിൽ ഇയാൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നവർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
യാതൊരു സുരക്ഷാ പരിശോധനകളുമില്ലാതെ റെയിൽവേ പരിധിയിലേക്ക് അനധികൃതമായി വാഹനം പ്രവേശിപ്പിച്ചതിനും, പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനുമാണ് ഇയാൾക്കെതിരെ ആർപിഎഫ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Tags : Scooter ride railway platform case RPF Deepika DeepikaNewspaper NewsUpdate DailyNews