ഇ.പി.ജയരാജൻ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിലെ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പ്രതികരണവുമായി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത് പാർട്ടിക്ക് സംഭവിച്ച കുറ്റങ്ങളാണെന്നും ഇപ്പോൾ നടക്കുന്നത് തെറ്റുതിരുത്തൽ പ്രവർത്തനങ്ങളാണെന്നും ഇപി വ്യക്തമാക്കി.
മനുഷ്യരുടെ പാർട്ടിയാണ് സിപിഎമ്മെന്നും തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ എന്നും ചോദിച്ച അദ്ദേഹം, തെറ്റ് സംഭവിച്ചാൽ തിരുത്തുകയെന്നതാണ് പാർട്ടിയുടെ രീതിയെന്നും കൂട്ടിച്ചേർത്തു. ശരിയായ വഴിയിലേക്ക് കൂടുതൽ വേഗത്തിൽ പാർട്ടി സഞ്ചരിക്കും.
പ്രശ്നങ്ങളെല്ലാം ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവെക്കേണ്ട കാര്യമില്ല. വ്യക്തിഗതമായി പിശക് സംഭവിച്ചെങ്കിൽ അവർ ഘടകങ്ങളിൽ ഏറ്റുപറയുകയും തെറ്റ് തിരുത്തുകയും ചെയ്യും. അതാണ് പാർട്ടി രീതി. എല്ലാവരും തെറ്റ് തിരുത്തുമെന്നും എന്നാൽ അത് മാധ്യമങ്ങളെ അറിയിക്കുന്ന പതിവില്ലെന്നും ഇപി പറഞ്ഞു.
Tags : CPM E.P. Jayarajan Deepika DeepikaNewspaper DailyNews NewsFlash