പെരുമ്പാവൂർ ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക ക്രിക്കറ്റ് സെന്റർ സ്ഥാപിക്കുന്നതിന്റെ കരാർ ധാരണാപത്രം കൈമാ
കൊച്ചി: പെരുമ്പാവൂർ ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക ക്രിക്കറ്റ് സെന്റർ ഒരുങ്ങുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കറോളം വരുന്ന സ്ഥലത്താണ് ക്രിക്കറ്റ് ഗ്രൗണ്ട് ഉൾപ്പെടുന്ന അത്യാധുനിക സെന്റർ നിർമിക്കുന്നത്. സ്ഥലം ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഇത് സംബന്ധിച്ച പാട്ടക്കരാറിൽ ശ്രീ ശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. വി. ശംഭു നമ്പൂതിരി, മാനേജർ പ്രഫ. ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ഒപ്പുവെച്ചു. മുപ്പത്തിമൂന്ന് വർഷത്തേക്കാണ് കെസിഎയ്ക്ക് ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്. കരാർ പ്രകാരം 2026 ജൂലൈ 31 മുതൽ 2059 ജൂലൈ 31 വരെയാണ് പാട്ടക്കാലാവധി.
കെസിഎ ക്രിക്കറ്റ് സെന്റർ എന്ന പേരിൽ ഒരുങ്ങുന്ന പദ്ധതിയിൽ പ്രധാനമായും രണ്ട് വലിയ ക്രിക്കറ്റ് ഗ്രൗണ്ടുകളാണ് നിർമിക്കുന്നത്. ഇതിൽ ഒന്നാമത്തെ ഗ്രൗണ്ട് പൂർണമായും ക്രിക്കറ്റ് മത്സരങ്ങൾക്കും പരിശീലനത്തിനുമായി മാത്രമാകും ഉപയോഗിക്കുക. ഈ ഗ്രൗണ്ടിനോട് ചേർന്ന് പവലിയൻ, ഇൻഡോർ-ഔട്ട്ഡോർ പരിശീലന സൗകര്യങ്ങൾ, തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്സ്, ഓഫീസ് സംവിധാനങ്ങൾ, സ്റ്റോർ റൂമുകൾ എന്നിവ സജ്ജമാക്കും.
കൂടാതെ ആധുനിക സൈറ്റ് സ്ക്രീനുകൾ, കാമറ ടവറുകൾ, വിവിധതരം റോളറുകൾ, സ്കോർ ബോർഡുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സജീകരണങ്ങളും ഇവിടെയുണ്ടാകും. പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഗ്രൗണ്ട് കോളജിനും ട്രസ്റ്റിനും അവരുടെ മറ്റ് കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും.
Tags : Airapuram SreeSankaraCollege KCA KeralaCricket CricketCenter