സ്വപ്ന സുരേഷ്, എം. ശിവശങ്കർ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. സന്തോഷ് ഈപ്പനാണ് കേസിൽ ഒന്നാം പ്രതി. എന്നാൽ, ആദ്യഘട്ടത്തിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ പുതിയ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2018ലെ മഹാപ്രളയത്തെതുടർന്നുള്ള പുനരധിവാസത്തിന്റെ ഭാഗമായാണ് വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ റെഡ് ക്രസന്റ് നൽകിയ ധനസഹായം ഉപയോഗിച്ചായിരുന്നു നിർമ്മാണം നടത്തിയത്. എന്നാൽ പകുതിവഴിയിലെത്തിയപ്പോൾ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന കമ്മീഷൻ ഇടപാടുകളും ക്രമക്കേടുകളും പദ്ധതിയെ വിവാദത്തിലാഴ്ത്തി. കേരളം നേരിട്ട് വിദേശ സഹായം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന വിലയിരുത്തലുകളും ഇതിനിടയിൽ ഉയർന്നിരുന്നു.
യുഎഇ റെഡ് ക്രസന്റുമായി ഒപ്പുവെച്ച കരാർ പ്രകാരം 21 കോടി രൂപയായിരുന്നു ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ചത്. എന്നാൽ ഇതിൽ നാല് കോടി രൂപ പ്രതികൾ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ. വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്.
Tags : Life Mission Case M. Sivasankar swapna suresh Deepika DeepikaNewspaper NewsUpdate DailyNews