പ്രതീകാത്മക ചിത്രം
തൃശൂർ: വിദ്യാർഥികളും കൗമാരക്കാരും വീടുവിട്ടുപോകുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ആശങ്ക ഉയർത്തി കേരള പോലീസിന്റെ കണക്കുകൾ. 2026 ജനുവരി മുതൽ ജൂണ്‍ വരെ സംസ്ഥാനത്ത് 5,253 മിസിംഗ് കേസുകളാണു രജിസ്റ്റർ ചെയ്തത്. 2025ൽ ആകെ 11,139 കേസുകളും 2024ൽ 11,897 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കുന്പോൾ സംസ്ഥാനത്ത് പ്രതിവർഷം പതിനായിരത്തിലേറെ മിസിംഗ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതായാണു വ്യക്തമാകുന്നത്. 2022ൽ 11,259 കേസുകളും 2023ൽ 11,760 കേസുകളും രേഖപ്പെടുത്തി. കഴിഞ്ഞദിവസങ്ങളിൽ ആലുവയിൽനിന്ന് 12 വയസുകാരിയെ കാണാതായ സംഭവവും വീട്ടമ്മയെയും കുട്ടിയെയും കാണാതായ സംഭവവും നാടിനെ നടുക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതു രക്ഷിതാക്കൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു. പ്രണയബന്ധങ്ങൾ, കുടുംബപ്രശ്നങ്ങൾ, പഠനസമ്മർദം, സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം, മാനസികസമ്മർദം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും മിസിംഗ് കേസുകളിലെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നു പോലീസ് സൂചിപ്പിക്കുന്നു. എന്നാൽ ഓരോ കേസിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ എല്ലാ കാണാതാകലുകൾക്കും ഒരേ കാരണം ചൂണ്ടിക്കാണിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
കുട്ടികളെയും കൗമാരക്കാരെയും കാണാതായെന്ന പരാതികൾക്കു പ്രത്യേക പരിഗണന നൽകി അടിയന്തര അന്വേഷണം നടത്തുന്നുണ്ടെന്നും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും വിവരങ്ങൾ കൈമാറി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഭൂരിഭാഗം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്. ഓരോ പരാതിയും അതീവഗൗരവത്തോടെയാണു കൈകാര്യം ചെയ്യുന്നതെന്നും അധികൃതർ പറയുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തെ മിസിംഗ് കേസുകൾ
2022 - 11,259
2023 - 11,760
2024 - 11,897
2025 - 11,139
2026 - (ജനുവരി-ജൂണ്‍) 5,253
Tags : missing cases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash