പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ചാണിത്. നായ്ക്കളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.
നേരത്തേ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ഒന്പതു ലക്ഷത്തോളം തെരുവുനായകളാണുള്ളത്. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ മേയ് 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ കൃത്യമായ നടപടി കൈക്കൊള്ളാനാവുമെന്നാണ് തദ്ദേശവകുപ്പ് കരുതുന്നത്.
പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ യേ കൊല്ലാൻ സാധിക്കൂ. മരുന്നു കുത്തിവച്ച് അനുകന്പാപൂർവം കൊല്ലണമെന്നാണ് പ്രാഥമിക നയം. വന്ധീകരണപദ്ധതികൾ സമാന്തരമായി നടപ്പാക്കണം. ആക്രമണം പതിവായ സ്ഥലങ്ങളിലാണ് നായ്ക്കളെ കൊല്ലാവുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737 പേർക്കാണ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്. 122 പേർ പേവിഷബാധയേറ്റ് മരിച്ചു. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. 2021ൽ 2,21,379 പേർക്കാണു കടിയേറ്റത്. 2025ൽ അത് 3,69,272 ആയി.
2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയി. തിരുവനന്തപുരത്താണ് കൂടുതൽ പേർക്ക് കടിയേറ്റത് 58,108. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 43 പേർക്കു മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. പരമാവധി ഒന്നരലക്ഷം രൂപയാണ് നഷ്ടപരിഹാരം.
Tags : Responded Government Dangerous StreetDogs Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash