യുഎസ് -സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ.
ദുബായ്: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷം. യുഎസ്-സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ കിഴക്കൻ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു.
ഷിയാ സായുധ സംഘമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ (പിഎംഎഫ്) അംഗങ്ങളാണു കൊല്ലപ്പെട്ടത്. 32 പേർക്കു പരിക്കേറ്റു. തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ടതായി പിഎംഎഫ് സ്ഥീകരിച്ചു. സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ആക്രമണത്തിൽ ആറ് ഇറേനിയൻ ഉപദേശകരും കൊല്ലപ്പെട്ടതായി ഇറാക്കി സായുധ സംഘം അറിയിച്ചു.
ഇറാക്കിലെ ആക്രമണത്തിനു പിന്നാലെ ജോർദാനിലേക്കു മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. കിഴക്കൻ ജോർദാനിലെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണുണ്ടായത്. റവലൂഷണറി ഗാർഡിന്റെ ഏറോസ്പേസ് ഫോഴ്സ് ആണ് മിസൈൽ വർഷം നടത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് യാത്ര തുടർന്ന മൂന്ന് എണ്ണടാങ്കറുകൾ ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ചൊവ്വാഴ്ച ഇറാൻപക്ഷ സായുധ സംഘം സൗദി അറേബ്യയിലേക്കു ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ യുഎസ് സേനയ്ക്കും സൗദിക്കും നേർക്ക് മുപ്പതിലേറെ ഡ്രോണുകളാണ് റവലൂഷണറി ഗാർഡ് തൊടുത്തത്. ഇതിനു തിരിച്ചടിയായാണ് ഇറാക്കിൽ സൗദി ആക്രമണം നടത്തിയത്.
തിങ്കളാഴ്ച സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ ഇറാൻപക്ഷ ഹൂതികൾ ആക്രമിച്ചിരുന്നു. കിഴക്കൻ സൗദിയിലെ ആരാംകോയുടെ അബ്ഖ്വായിഖ് എണ്ണശുദ്ധീകരണശാലയിൽ നാശനഷ്ടമുണ്ടായി. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറിയാണിത്.
ഹോർമുസ് കടലിടുക്കിൽ സംയുക്ത നിയന്ത്രണം ആകാമെന്ന ഒമാന്റെ നിർദേശം ഇറാന്റെ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബബാഗി തള്ളി. യുഎസ്- സൗദി ആക്രമണത്തെ ഇറാക്കി പ്രസിഡന്റ് നിസാർ അമിദി അപലപിച്ചു.
ഇറാക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അമിദി കുറ്റപ്പെടുത്തി. ഇറാക്കി പ്രധാനമന്ത്രി അലി അൽ-സെയ്ദിയുടെ സൗദി സന്ദർശനം അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.
Tags : US Saudi Attafck ProIranian Killed War WestAsianConflict Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash