സിപിഎം
കണ്ണൂർ: പാർട്ടി കോട്ടകളെന്ന് വിശേഷിപ്പിച്ചുപോന്ന തളിപ്പറന്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ചുള്ള ചർച്ചകളിൽ വ്യക്തിഗത വിമർശനം പാടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം.
തളിപ്പറന്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെയും പയ്യന്നൂരിൽ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെയും സ്ഥാനാർഥിയാക്കിയതാണ് തോൽവിക്ക് കാരണമെന്ന രീതിയിൽ വിമർശനം പാർട്ടിക്കുള്ളിലും പുറത്തും വ്യാപകമായി തുടരുന്നുണ്ട്.ഈ സാഹചര്യത്തിലാണ് വിമർശനം വ്യക്തിപരമാകരുതെന്ന നിർദേശം സെക്രട്ടേറിയറ്റ് തന്നെ മുന്നോട്ടുവച്ചത്.
കീഴ്ഘടകങ്ങളിൽനിന്നുള്ള അഭിപ്രായനിർദേശങ്ങൾ സ്വീകരിച്ചാണ് സ്ഥാനാർഥികളുടെ പട്ടിക തയറാക്കിയത്. പട്ടിക ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ച ശേഷം സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാർഥിനിർണയം നടത്തിയത്. ഇക്കാര്യത്തിൽ ഒരിടത്തും വ്യക്തിഗത ഇടപെടലുകൾ ഉണ്ടായില്ല.
സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞാൽ അത് പാർട്ടി തീരുമാനമാണ്. പാർട്ടി തീരുമാനം നടപ്പാക്കുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ രീതി. തളിപ്പറന്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് രാഷ്ട്രീയ എതിരാളികൾ നടത്തിവരുന്ന പ്രചാരണങ്ങളിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സർക്കുലറായി കീഴ്ഘടകങ്ങളിലേക്ക് അയയ്ക്കും. പാർട്ടിക്കുള്ളിലും പുറത്തും രണ്ടു മണ്ഡലങ്ങളിലെയും തോൽവിക്കു കാരണം പാർട്ടി പ്രവർത്തകരുടെ അഭിപ്രായം തള്ളിയുള്ള സ്ഥാനാർഥിനിർണയമാണെന്ന ആരോപണം ഇപ്പോഴും ശക്തമാണ്.
ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നവരുടെ വായടപ്പിക്കുക എന്ന തന്ത്രമാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെന്നും വിലയിരുത്തുന്നുണ്ട്. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി പി. ജയരാജൻ പങ്കെടുത്തു.
Tags : Defeat PartyStrongholds CPM KannurDistrictSecretariat PersonalCriticism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash