മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.
ന്യൂഡൽഹി: കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ എല്ലാ അഭിപ്രായങ്ങളോടും തനിക്കു യോജിപ്പില്ലെന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.
ഇന്ന് കോഴിക്കോട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ഇന്നലെ ഡൽഹിയിൽ പ്രമുഖ ഇംഗ്ലീഷ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മലേഷ്യൻ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
മലേഷ്യയിൽ സ്ത്രീകൾക്കു തുല്യ അവകാശങ്ങളുണ്ടെന്ന കാര്യം കാന്തപുരത്തോട് നേരിട്ടുതന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾ വീടുകളിൽത്തന്നെ കഴിയണമെന്ന കാന്തപുരത്തിന്റെ സമീപകാല പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അൻവർ ഇബ്രാഹിമിന്റെ പ്രതികരണം.
ഖുറാനും പ്രവാചക വചനങ്ങളും മനസിലാക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ പരമ്പരാഗത മതപണ്ഡിതനാണ് കാന്തപുരമെന്നും മികച്ച അധ്യാപകനാണെന്നും പറഞ്ഞ അൻവർ ഇബ്രാഹിം, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളോടും തങ്ങൾ യോജിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
കാന്തപുരം നടത്തുന്ന നഴ്സിംഗ് കോളജ് അടക്കമുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ മലേഷ്യൻ പ്രധാനമന്ത്രി, അവിടെ പഠിക്കുന്ന വിദ്യാർഥിനികൾ ഭാവിയിൽ ആശുപത്രികളിൽ ജോലി ചെയ്യേണ്ടവരാണെന്ന് ഓർമിപ്പിച്ചു.
“ഇക്കാര്യത്തിൽ പരസ്യമായി എന്നോടു ചോദിച്ചാൽ, മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ടെന്നു തന്നെയാണ് ഞാൻ പറയുക. ഞങ്ങളുടെ സർവകലാശാലകളിൽ കൂടുതലും പെൺകുട്ടികളാണ് പഠിക്കുന്നത്.
എന്റെ ഭാര്യ ഡോക്ടറാണ്. പെൺമക്കൾ ഉൾപ്പടെയുള്ള എന്റെ എല്ലാ കുട്ടികൾക്കും പഠിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള പൂർണ അവസരം നൽകിയിട്ടുണ്ട്” - അൻവർ ഇബ്രാഹിം പറഞ്ഞു. മലേഷ്യയിലെ പ്രവാസിസമൂഹത്തിൽ തെക്കേ ഇന്ത്യക്കുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ കാണാൻ ചെന്നൈക്കു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസംഖ്യയിൽ 65 ശതമാനവും മുസ്ലിംകളായ മലേഷ്യയിൽ സ്ത്രീകൾക്കു മുഖാവരണമോ പർദയോ നിർബന്ധമില്ല. രാജ്യത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 8(2) ലിംഗവിവേചനം പൂർണമായും നിരോധിക്കുന്നു.
ഗാർഹികപീഡന നിരോധന നിയമവും ലൈംഗികാതിക്രമവിരുദ്ധ നിയമവും സ്ത്രീകൾക്ക് കൃത്യമായ സംരക്ഷണവും സുരക്ഷയും ഉറപ്പുനൽകുന്നു.
Tags : Kanthapuram Stances MalaysinPrimeMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash