ബെംഗളൂരു: ജനതാദൾ (സെക്യുലർ) മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിനുള്ളിൽ നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട്. ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രേവണ്ണയുടെ പക്കൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും ഫോറൻസിക് പരിശോധിച്ചു. ഇവയിൽ ഡസൻകണക്കിന് അശ്ലീല വീഡിയോകൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തി.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരീപുത്രനുമായ രേവണ്ണ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. ഓഗസ്റ്റ് 11ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്. ജയിൽ മുറിക്കുള്ളിൽ ഉപകരണം ഉപയോഗിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടതെന്നാണ് വിവരം.
48 വയസുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷമാണ് രേവണ്ണ ശിക്ഷിക്കപ്പെട്ടത്. ഹാസൻ ജില്ലയിലെ ഹൊളെനരസീപുരയിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിൽ ഗാർഹിക ജോലിക്കാരിയായിരുന്ന സ്ത്രീ. ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ആർക്കെങ്കിലും വിവരം നൽകിയാൽ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആരോപിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രേവണ്ണ അറസ്റ്റിലായതും ശിക്ഷിക്കപ്പെട്ടതും.
നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. രേവണ്ണയുടെ മുറിയിൽനിന്ന് മൊബൈൽ ഫോൺ വീണ്ടെടുത്തതിനെത്തുടർന്ന് ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Tags : Prajwal Revanna mobile phone prison obscene videos Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash