ഹരീഷ് റാവത്ത്
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പണവും സ്വർണവും പിടിച്ചെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പടിയിറക്കം.
ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പ്രധാന പദവികളാണ് ഹരീഷ് റാവത്ത് ഒഴിഞ്ഞത്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു വിവാദത്തിനും കാരണക്കാരനാകാൻ താനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രാജി സമർപ്പിച്ചത്.
2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്‍റെ പിഎയായ ചന്ദൻ സിംഗ് ജീനയുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്.
റെയ്ഡിൽ 32 ലക്ഷം രൂപയും വലിയതോതിൽ സ്വർണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ പിഎയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നുമാണ് ഹരീഷ് റാവത്തിന്‍റെ പ്രതികരണം.
രാജ്യത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും അഴിമതിക്കെതിരായ ശക്തമായ പോരാട്ടം നടത്തുമ്പോൾ, താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താൻ ഇടയാക്കരുത് എന്ന ബോധ്യത്തിലാണ് പദവികൾ ഒഴിയുന്നതെന്ന് ഹരീഷ് വ്യക്തമാക്കി.
Tags : ED Uttarakhand ChiefMinister Resigns Congress Deepika DeepikaNewspaper BreakingNews NewsUpdate