പ്രതീകാത്മക ചിത്രം
തൃശൂർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ കഴിഞ്ഞ മാർച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ സഹിതം അന്ന് അറസ്റ്റിലായത്.
ഈ കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് ശരത് കുമാർ ആണെന്നും ശരത് കുമാറിനും ചില ദിവസങ്ങളിൽ ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് വൈശാഖ് ആണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും പിടികൂടിയത്.
Tags : Drug sales gymnasium beauty parlor arrest police