പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പിഎസ്സി നിയമോപദേശം തേടി. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് നിയമോപദേശം തോടിയിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പിഎസ്സി അംഗങ്ങളെ പ്രതിയാക്കിയിട്ടില്ല.
ആ സാഹചര്യത്തില്‍ നോട്ടീസ് നല്കി വിളിപ്പിക്കുമ്പോള്‍ പോകേണ്ടതുണ്ടോ, ഇക്കാര്യത്തില്‍ പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. നാളെ നിര്‍ണായക പിഎസ്സി യോഗം നടക്കാനിരിക്കേ വേഗത്തില്‍ നിയമോപദേശം വേണമെന്നാണ് പിഎസ്സിയുടെ നിലപാട്. ചോദ്യംചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്സി ക്രൈംബ്രാഞ്ചിനു കത്ത് നല്‍കിയിരുന്നു.
ഇതു തള്ളിയ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നതിനു പിഎസ് സി തീരുമാനിച്ചത്. അതേസമയം ചെയര്‍മാനെയും 15 അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നു കാണിച്ചാണ് പിഎസ്സി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, നിലവില്‍ ഹാജരാകേണ്ടെന്ന നിലപാടിലാണ് പിഎസ്സി അംഗങ്ങള്‍.
ക്രൈംബ്രാഞ്ചിന് പിഎസ്സി അംഗങ്ങളുടെ മുറിയിലെത്തി മൊഴിയെടുക്കാം. എന്നാല്‍ ക്രമിനല്‍ കേസില്‍ സാക്ഷി മൊഴി നല്‍കാനുള്ള നോട്ടീസാണ് നല്‍കിയിരിക്കുന്നതെന്നും അതിനു വിധേയപ്പെട്ടേ പറ്റൂ എന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്. അംഗങ്ങള്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്തുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. എന്നാല്‍ അംഗങ്ങള്‍ ഹാജരാകാതിരുന്നാല്‍ അന്വേഷണം നീളുന്ന സാഹചര്യമുണ്ടാകും. കേസില്‍ ചില ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ശിപാര്‍ശ എസ്ഐടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടും ഇതില്‍ നിര്‍ണായകമാകും. ക്രമക്കേടില്‍ ഉന്നതതല ഇടപെടല്‍ നടന്നു എന്നുതന്നെയാണ് എസ്ഐടി കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ എസ്ഐടി തീരുമാനിച്ചത്.
രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. കുറച്ചുകൂടി വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാകും ഇവരെ പ്രതി പട്ടികയില്‍ ചേര്‍ക്കുകയെന്നാണ് വിവരം.ആസൂത്രണ ബോര്‍ഡ് ചീഫ് നിയമനത്തിന് അഭിമുഖം നടത്തിയത് പിഎസ്സി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ്. പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ അടക്കം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
Tags : Exam Malpractice Kerala PSC Legal Advice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash