അപകടത്തിൽപ്പെട്ട ട്രെയിൻ ബോഗികൾ ക്രെയിൻ ഉപയോഗിച്ചു നീക്കുന്നു.
മാഡ്രിഡ്: സ്പെയിനിലെ തൊളേദോയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരണം 69 ആയി. നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ നിർത്തിയിട്ട ഒരു ട്രെയിനിനു പിന്നിൽ മറ്റൊന്നു വന്നിടിക്കുകയായിരുന്നു. മരിച്ചവരിൽ മുൻ മന്ത്രി ഫാത്തിമ ബാനെസും ഉൾപ്പെടുന്നതായി സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
രക്ഷാപ്രവർത്തനം ഇന്നലെയും തുടർന്നു. തകർന്ന ബോഗികൾക്കിടയിൽ ജീവനോടെ ആരെങ്കിലും ഉണ്ടാകാം എന്ന പ്രതീക്ഷയിൽ അതീവ സൂക്ഷ്മതയോടെയായിരുന്നു തെരച്ചിൽ. പരിശീലനം ലഭിച്ച നായകളെയും തെരച്ചിലിന് എത്തിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാംപിൾ ശേഖരിക്കുമെന്ന് പൊലിസ് പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്പാനിഷ് ഗതാഗത മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. സിഗ്നൽ നല്കുന്നതിലെ പിഴവാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഏതാണ്ടു ധാരണയായിട്ടുണ്ട്. 25 കിലോമീറ്റർ അകലെ ട്രെയിൻ നിർത്തിയിട്ട ട്രാക്കിലൂടെ വന്ന രണ്ടാമത്തെ ട്രെയിന് മുന്നോട്ടു പോകാൻ അനുമതി നല്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു.
അടുത്തകാലത്ത് യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. ജനുവരിയിൽ സ്പെയിനിലുണ്ടായ മറ്റൊരു ട്രെയിൻ അപകടത്തിൽ 46 പേർ മരിച്ചിരുന്നു.
Tags : Train Disaster SpainTrainDisaster SpainTrainCrash TrainAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth