മാഡ്രിഡ്: സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മാഡ്രിഡിനും സെവില്ലെയ്ക്കും ഇടയിലുള്ള റെയിൽപാതയിൽ, ഉർദ നഗരത്തിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു വലിയ അപകടം സംഭവിച്ചത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 'ഇറിയോ' ട്രെയിനിന്റെ പിന്നിലേക്ക് മറ്റൊരു അതിവേഗ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റി മറിയുകയും ചിലത് അടുത്തുള്ള ചരിവിലേക്ക് പതിക്കുകയും ചെയ്തു.
സ്പാനിഷ് സർക്കാർ സൈന്യത്തിന്റെ അടിയന്തര ദുരന്തനിവാരണ വിഭാഗത്തെയും രക്ഷാപ്രവർത്തകരേയും സംഭവസ്ഥലത്തേക്ക് വിന്യവിച്ചിട്ടുണ്ട്. തകർന്ന ബോഗികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഈ വർഷം സ്പെയിനിലെ അതിവേഗ റെയിൽവേ ശൃംഖലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. കഴിഞ്ഞ ജനുവരിയിൽ രാജ്യത്തിന്റെ തെക്ക് ഭാഗത്തുണ്ടായ ട്രെയിൻ അപകടത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഈ ദുരന്തം വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.