പ്രതീകാത്മക ചിത്രം
സിയാറ്റിൽ: മെഡിക്കൽ നിർദേശങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നതിന്റെ ഗുരുതരമായ അപകടസാധ്യത വെളിപ്പെടുത്തി 31-കാരിയായ സോഫ്റ്റ്വെയർ എൻജിനീയറുടെ മരണം. അൽഷിമേഴ്സും അപസ്മാരവും തടയാനുള്ള മരുന്നുകൾ കഴിച്ചിരുന്ന ബൊവെൻ വാൻ എന്ന യുവതി 2026 ഫെബ്രുവരിയിലാണ് മരണപ്പെട്ടത്.
കൃത്യമായ വൈദ്യപരിശോധനയോ ഡോക്ടറുടെ നിർദേശമോ ഇല്ലാതെ മരുന്നിന്റെ അളവ് കുറയ്ക്കാൻ ചാറ്റ്ജിപിടി സഹായിച്ചതാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മാതാപിതാക്കൾ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെതിരെ കേസ് ഫയൽ ചെയ്തു. അപസ്മാരത്തിന് നൽകിയിരുന്ന ലാമാട്രിജിൻ എന്ന മരുന്നിന്റെ അളവ് 400 മില്ലിഗ്രാമിൽ നിന്ന് പൂജ്യത്തിലേക്ക് എത്തിക്കാൻ 25 ദിവസത്തെ ഷെഡ്യൂൾ ചാറ്റ്ബോട്ട് തയാറാക്കി നൽകിയെന്നാണ് ഒക്ടോബർ 27-ന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഈ വിവരം ഡോക്ടർമാരിൽ നിന്ന് മറച്ചുവെക്കാൻ ചാറ്റ്ബോട്ട് ഉപദേശിച്ചതായും, മരുന്ന് നിർത്തുമ്പോൾ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ സ്വാഭാവികമാണെന്ന് പറഞ്ഞ് വാനെ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
അപസ്മാരം മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മരണമാണ് വാനിന്റെ ജീവനെടുത്തതെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു. അപസ്മാരം പോലെയുള്ള രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ ഡോക്ടറുടെ മേൽനോട്ടമില്ലാതെ നിർത്തുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം.
മെഡിക്കൽ വിവരങ്ങൾ മനസിലാക്കാൻ ചാറ്റ്ബോട്ടുകൾ സഹായിക്കുമെങ്കിലും, ഒരു ന്യൂറോളജിസ്റ്റിന്റെ ക്ലിനിക്കൽ പരിശോധനകൾക്കോ ഉപദേശങ്ങൾക്കോ പകരമാകാൻ എഐ സാങ്കേതികവിദ്യയ്ക്ക് കഴിയില്ല. മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ ഡോക്ടറെ കണ്ട് സംസാരിക്കുകയാണ് വേണ്ടത്, അല്ലാതെ സ്വയം മരുന്നുകൾ കുറയ്ക്കുകയോ ഓൺലൈൻ ഷെഡ്യൂളുകൾ പിന്തുടരുകയോ ചെയ്യരുത്.
Tags : aichatbot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash