ന്യൂഡൽഹി: ആന്ത്രോപിക് കമ്പനിയുടെ ക്ലോഡ് എഐ ചാറ്റ്ബോട്ടിൽ ഉപയോക്താക്കൾ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ ഗൂഗിൾ സെർച്ച് ഫലങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി പരാതി. ക്രിപ്റ്റോകറൻസി വാലറ്റ് കീകളും മറ്റ് വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെയുള്ള ഡാറ്റയും ഇത്തരത്തിൽ ഗൂഗിളിൽ ലഭ്യമായെന്നാണ് റെഡ്ഡിറ്റ് ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചത്.
എന്നാൽ, ഇതിൽ പ്രതികരണവുമായി ആന്ത്രോപിക് രംഗത്തെത്തി. പ്രൈവറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള സംഭാഷണങ്ങൾ ചോർന്നിട്ടില്ലെന്നും, ഉപയോക്താക്കൾ തനിയെ പൊതുജനങ്ങളുമായി പങ്കുവെക്കാൻ തീരുമാനിച്ച ലിങ്കുകൾ മാത്രമാണ് സെർച്ച് എഞ്ചിനുകളിൽ ഇൻഡക്സ് ചെയ്യപ്പെട്ടതെന്നും കമ്പനി വ്യക്തമാക്കി.
ക്ലോഡ് ചാറ്റുകൾ ഡിഫോൾട്ടായി സ്വകാര്യമാണ്. എന്നാൽ, ഉപയോക്താക്കൾ ഏതെങ്കിലും ഒരു പ്രത്യേക സംഭാഷണം മറ്റൊരാളുമായി പങ്കുവെക്കാൻ ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ നിർമിക്കപ്പെടുന്ന ലിങ്കുകൾ പൊതുവായി ലഭ്യമാകും
ഇന്റർനെറ്റിലുള്ള മറ്റ് പൊതു ഉള്ളടക്കങ്ങൾ പോലെ, ഇത്തരം ഷെയർ ചെയ്ത ലിങ്കുകളും ഗൂഗിൾ അടക്കമുള്ള സെർച്ച് എഞ്ചിനുകൾ ഇൻഡക്സ് ചെയ്യുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്യാം. നിലവിൽ ഈ പ്രശ്നം പരിഹരിച്ചതായും, ക്ലോഡ് ചാറ്റ് ലിങ്കുകൾ ഇനി ഗൂഗിൾ സെർച്ചിൽ കാണപ്പെടില്ലെന്നും കമ്പനി അറിയിച്ചു.